IndiaLatest

ട്രക്കുകളിലെ ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം

“Manju”

ഡല്‍ഹി : വാണിജ്യാവശ്യത്തിന് ഓടുന്ന ട്രക്കുകളിലെ ജീവനക്കാര്‍ക്ക് 15 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. 1000 രൂപയില്‍ കുറയാത്ത തുകയ്ക്ക് വ്യക്തിഗത ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും ഉണ്ടാവണം. ഡ്രൈവര്‍, സഹഡ്രൈവര്‍, സഹായി എന്നിവര്‍ക്കും ഇന്‍ഷുറന്‍സ് വേണം.

ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് മൂന്നുമാസത്തിനകം നടപടി സ്വീകരിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ മേധാവി ജസ്റ്റിസ് അരുണ്‍ മിശ്ര കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ഭൂരിഭാഗം ട്രക്ക് ഡ്രൈവര്‍മാര്‍ക്കും പ്രൊവിഡന്റ് ഫണ്ട്, പെന്‍ഷന്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങളില്ല.

ദൈര്‍ഘ്യമേറിയ ജോലിസമയം, മതിയായ വിശ്രമവും ഉറക്കവും ഇല്ലായ്മ, കുടുംബത്തില്‍നിന്ന് ദീര്‍ഘകാലം വിട്ടുനില്‍ക്കേണ്ടിവരല്‍, കുറഞ്ഞ വേതനം, നിയമപാലകരുടെയടക്കം നിരന്തരമായ ചൂഷണം, റോഡപകടങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇവര്‍ ഇരയാവുന്നു. അപകടങ്ങളില്‍ പരിക്കേല്‍ക്കുന്ന ജീവനക്കാര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണം. ദേശീയ പാതയോരങ്ങളിലും പ്രധാനപ്പെട്ട സംസ്ഥാന-ജില്ലാറോഡുകളോട് ചേര്‍ന്നും ഡ്രൈവര്‍മാര്‍ക്ക് വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കണം.

കേന്ദ്ര ആനുകൂല്യങ്ങളെക്കുറിച്ച്‌ ജീവനക്കാരെ ബോധ്യപ്പെടുത്തണം. ഇ-ശ്രം പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തണം. ചെറിയ തുകമാത്രം അടച്ചാല്‍ പരിരക്ഷ നല്‍കുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് സ്‌കീം ഡ്രൈവര്‍മാര്‍ക്കുമാത്രമായി ആരംഭിക്കണം. നിയമലംഘനം, റോഡപകടക്കേസ് എന്നിവകളില്‍ ഉള്‍പ്പെടുന്ന ട്രക്കുകള്‍ പിടിച്ചെടുക്കുന്നതിനും ജീവനക്കാരെ അറസ്റ്റുചെയ്യുന്നതിനുമായി പ്രത്യേക നടപടിക്രമം രൂപവത്കരിക്കണം

Related Articles

Back to top button