LatestThiruvananthapuram

മെഡിക്കൽ കോളേജിൽ ഏറ്റെടുക്കാനാളില്ലാതെ 42 രോഗികൾ

“Manju”

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരും ഏറ്റെടുക്കാനില്ലാതെ 42 രോഗികൾ. ആറ് വാർഡുകളിലായി സ്ത്രീകൾ ഉൾപ്പെടെ 42 പേരാണ് ഏറ്റെടുക്കാൻ ആളില്ലാതെ അധികൃതരുടെ കണക്കിലുള്ളത്. .എട്ട് മാസത്തോളമായി ചികിത്സ കഴിഞ്ഞ ആളുകൾ വരെ ഇവിടെയുണ്ട്. നിലവിൽ രോഗികളുടെ ബാഹുല്യം നിമിത്തം സ്ഥലപരിമിതി നേരിടുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ നിന്ന് ആരോഗ്യം വീണ്ടെടുത്തവരെ മാറ്റിയാൽ മറ്റു രോഗികളെ കിടത്താൻ കിടക്ക ലഭ്യമാകും. ശസ്ത്രക്രിയ കഴിഞ്ഞവർക്ക് പോലും കട്ടിൽ ലഭ്യമാക്കാൻ ആശുപത്രിയധികൃതർ ബുദ്ധിമുട്ടുകയാണ്.

രോഗികളിൽ ചിലരെ ബന്ധുക്കൾ കൈയൊഴിഞ്ഞതാണ്. ഭൂരിഭാഗം രോഗികളും പോലീസ്, 108 ആംബുലൻസ് വഴി എത്തിയവരാണ്. ഇവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കി കഴിഞ്ഞതാണ്. സാധാരണ ഗതിയിൽ ഇത്രയും ആരോഗ്യം വീണ്ടെടുത്തവരെ തിരികെ ഡിസ്ചാർജ് ചെയ്ത് വീടുകളിലേക്ക് അയയ്ക്കുകയാണ് ചെയ്യുക. എന്നാൽ ഈ 42 പേർക്കും തിരികെ പോകാൻ ഇടമില്ല. ശരീരം തളർന്ന് ശയ്യാവലംബിയായ മുപ്പതുകാരനേയും പ്രായാധിക്യം പാടേ തളർത്തിയ എൺപതുകാരനേയും കാൽ നഷ്ടപ്പെട്ട കേൾവി കുറവുള്ള തമിഴ്‌നാട് സ്വദേശിയ അഭിഭാഷകൻ അങ്ങനെ നിരവധി. കൊല്ലം പള്ളിക്കൽ സ്വദേശിയായ വേലായുധന് 76 വയസുണ്ട്. പക്ഷെ തിരികെ വീട്ടിലേക്ക് പോകാൻ താത്പര്യമില്ല. ഇദ്ദേഹത്തിന് മക്കൾ 3 പേരുണ്ട്, വളർത്തുമകളെകൂടി ചേർത്താൽ നാലായി. തുടയെല്ല് ഒടിഞ്ഞു ശയ്യാവലംബിയായി ആശുപത്രിയിൽ കിടക്കുമ്പോൾ തിരിഞ്ഞുനോക്കാൻ ഒരാൾ പോലും വന്നില്ലെന്ന് ഇദ്ദേഹം പരിതപിക്കുന്നു.

തമിഴ്‌നാട് സ്വദേശികൾ വരെ ഇത്തരം രോഗികളുടെ ലിസ്റ്റിലുണ്ട്. ഇത്രയും നാൾ മൈത്രിയെന്ന സന്നദ്ധ സംഘടനയാണ് ഇവരുടെ ഭക്ഷണ കാര്യങ്ങൾ നോക്കിയിരുന്നത്. ആശുപത്രി അധികൃതർ ഇവരെ ഏറ്റെടുക്കാൻ നിരവധി സന്നദ്ധ സംഘടനകളെ സമീപിച്ചിരുന്നു. നിരന്തര ശ്രമത്തെ തുടർന്ന് 16 പേരെ ഏറ്റെടുക്കാമെന്ന് കൊട്ടാരക്കരയിൽ നിന്നുള്ള ആശ്രയ എന്ന ചാരിറ്റബിൾ സൊസൈറ്റി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ കൂടി ഏറ്റെടുക്കാൻ സന്നദ്ധ സംഘടനകൾ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് മെഡിക്കൽ കോളേജ് അധികൃതർ.

Related Articles

Back to top button