Uncategorized

ജില്ലയില്‍ അഞ്ചു പേര്‍ക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു

“Manju”

പ്രജീഷ് വള്ള്യായി

കണ്ണൂർ: ജില്ലയില്‍ അഞ്ചു പേര്‍ക്കു കൂടി ഇന്ന് (ജൂണ്‍ 2) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മൂന്നു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ കുവൈറ്റില്‍ നിന്നും വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

കണ്ണൂര്‍ വിമാനത്താവളം വഴി ഐഎക്സ് 1790 വിമാനത്തില്‍ മെയ് 30നാണ് കടന്നപ്പള്ളി പാണപ്പുഴ സ്വദേശിയായ 45കാരന്‍ കുവൈത്തില്‍ നിന്ന് എത്തിയത്. കണ്ണപുരം സ്വദേശി 25കാരന്‍ മെയ് 29ന് മുംബൈയില്‍ നിന്ന് ഇന്‍ഡിഗോ 6ഇ 5354 വിമാനത്തില്‍ ബെംഗളൂരുവിലും അവിടെ നിന്ന് ഇന്‍ഡിഗോ 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലുമെത്തി.

മുണ്ടേരി സ്വദേശികളായ 67കാരനും 57കാരനും മെയ് 25ന് ചെന്നൈയില്‍ നിന്നെത്തിയവരാണ്. ധര്‍മടം സ്വദേശിയായ 27കാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 236 ആയി. ഇതില്‍ 128 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പാട്യം സ്വദേശി ഒന്‍പത് വയസ്സുകാരി രോഗം ഭേദമായി ഇന്നലെയാണ് വീട്ടിലേക്ക് മടങ്ങിയത്.

നിലവില്‍ ജില്ലയില്‍ 9459 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 59 പേരും അഞ്ചരക്കണ്ടി കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 87 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 28 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 23 പേരും വീടുകളില്‍ 9262 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇതുവരെയായി ജില്ലയില്‍ നിന്നും 7542 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 6769 എണ്ണത്തിന്റെ ഫലം ലഭ്യമായി. 6344 എണ്ണത്തിന്‍റെ ഫലം നെഗറ്റീവാണ്. 773 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.

 

Related Articles

Back to top button