IndiaLatest

13 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ നീക്കം

“Manju”

ഡല്‍ഹി ;കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള 13 വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണ നടപടികള്‍ നടപ്പ് സാമ്പത്തികവര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തിലുള്ള ഈ വിമാനത്താവളങ്ങള്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാകും ഭാവിയില്‍ പ്രവര്‍ത്തിക്കുക.

ലേലനടപടികളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി വിമാനത്താവളങ്ങളുടെ പട്ടിക വ്യോമയാന മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. 50 വര്‍ഷത്തേക്കായിരിക്കും സ്വകാര്യ നടത്തിപ്പുകാര്‍ക്ക് എയര്‍പോര്‍ട്ടുകള്‍ കൈമാറുക. ഏഴ് ചെറിയ വിമാനത്താവളങ്ങളെ ആറ് വലിയ എയര്‍പോര്‍ട്ടുകളുമായി ചേര്‍ത്താകും സ്വകാര്യ നിക്ഷേപം സ്വീകരിക്കുക. വാരണാസി, ഇന്‍ഡോര്‍, ട്രിച്ചി, അമൃത്സര്‍, ഭൂവനേശ്വര്‍, റായ്പുര്‍, എന്നിവയോടൊപ്പമാകും ചെറിയ വിമാനത്താവളങ്ങളെ ഉള്‍പ്പെടുത്തുക.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍നിന്നുള്ള വരുമാനത്തില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ടെന്നും അത് ക്രമേണ മാറുമെന്നുമാണ് വിലയിരുത്തല്‍. നാലുവര്‍ഷത്തിനുള്ളില്‍ 25 വിമാനത്താവങ്ങള്‍ ഇത്തരത്തില്‍ സ്വകാര്യവത്കരിക്കാനാണ് സര്‍ക്കാര്‍ നീക്കം.

നിലവിലെ 13 എയര്‍പോര്‍ട്ടുകള്‍ ഉള്‍പ്പടെയാണിത്. 2019 ല്‍ അദാനി ഗ്രൂപ്പിന് രാജ്യത്തെ ആറ് പ്രധാന വിമാനത്താവളങ്ങള്‍ കേന്ദ്രം കൈമാറിയിരുന്നു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അദാനി ട്രിവാന്‍ഡ്രം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ഏറ്റെടുത്തത് ഒക്ടോബര്‍ 14 നായിരുന്നു .

50 വര്‍ഷത്തേക്കാണ് ഏറ്റെടുത്തിട്ടുള്ളതെങ്കിലും കസ്റ്റംസും എയര്‍ട്രാഫിക്കും സുരക്ഷയും കേന്ദ്ര സര്‍ക്കാരിന്റെ ചുമതലയിലാണ്. വിമാനത്താവള നടത്തിപ്പ് ആദ്യ ഒരുവര്‍ഷം അദാനി ഗ്രൂപ്പും എയര്‍പോര്‍ട്ട് അതോറിറ്റിയും സംയുക്തമായാണ് നിര്‍വഹിക്കുക. ഈ കാലയളവ് പൂര്‍ത്തിയാകുന്നതോടെ നടത്തിപ്പ് പൂര്‍ണമായും അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാവും.

 

Related Articles

Back to top button