IndiaLatest

ഇന്ത്യയുടെ അഭിമാന താരമായി കങ്കണ റണൗത്ത്

“Manju”

മികച്ച അഭിനയത്തിനൊപ്പം ശക്തമായ നിലപാടുകളുമുള്ള നായികയാണ് കങ്കണ റണൗത്ത്. കൗമാരപ്രായം മുതല്‍ തെറ്റുകളെ ചോദ്യം ചെയ്യുകയും ഉറച്ച തീരുമാനങ്ങളെടുക്കുകയും ചെയ്തിരുന്ന കങ്കണ കുടുംബത്തില്‍ തന്നെ ഒരു റിബലായിരുന്നുവെന്ന് താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്കാലത്ത് സ്കൂളില്‍ പോകാന്‍ മടി കാണിച്ചതിന്റെ പേരില്‍ അടിക്കാന്‍ കൈ വീശിയ അച്ഛന്‍ അമര്‍ദീപ് റണൗത്തുമായുണ്ടായ വഴക്കിനെക്കുറിച്ചും കങ്കണ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.

അടിക്കാന്‍ ഉയര്‍ത്തിയ പിതാവിന്റെ കൈയില്‍ കയറി പിടിച്ച്‌ “നിങ്ങള്‍ എന്നെ അടിച്ചാല്‍ ഞാന്‍ നിങ്ങളെ തിരിച്ചടിക്കും.” എന്നാണ് കങ്കണ പറഞ്ഞത്. കുട്ടിക്കാലത്ത് കുടുംബത്തിന് പോലും താത്പര്യമില്ലാതിരുന്ന കങ്കണ എന്ന പെണ്‍കുട്ടിയുടെ ജീവിതം ഇന്ന് എത്തി നില്‍ക്കുന്നത് എവിടെ? നാല് തവണ ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ച ഈ അഭിമാന താരത്തിന്റെ പോരാട്ട കഥയറിയാം. മകളെ ഒരു മികച്ച ഡോക്ടറാക്കാനാണ് കങ്കണയുടെ പിതാവ് ആഗ്രഹിച്ചിരുന്നത്. മികച്ച സ്ഥാപനങ്ങളിലാണ് കങ്കണയ്ക്ക് വിദ്യാഭ്യാസം നല്‍കിയതും. എന്നാല്‍ പിതാവിന്റെ ആഗ്രഹം നിറവേറ്റാനായിരുന്നില്ല കങ്കണ തന്റെ ജീവിതം മാറ്റി വച്ചത്. തന്റെ മൂത്ത സഹോദരി രംഗോലിയുടെ ജനനം കുടുംബത്തില്‍ ഒരു ആഘോഷമായിരുന്നുവെന്ന് കങ്കണ പിടിഐയോട് വ്യക്തമാക്കിയിട്ടുണ്ട്. കാരണം മാതാപിതാക്കളുടെ ആദ്യ കുട്ടിയായിരുന്നു രംഗോലി. രംഗോലിയ്ക്ക് മുമ്പ് ഒരു ആണ്‍കുഞ്ഞ് ജനിച്ചിരുന്നെങ്കിലും വെറും 10 ദിവസത്തെ ആയുസ്സ് മാത്രമേ ഈ കുഞ്ഞിന് ഉണ്ടായിരുന്നുള്ളൂ.

രണ്ടാമത്തെ പെണ്‍കുഞ്ഞായി കങ്കണയുടെ ജനനം കുടുംബത്തിന് ഒരു സന്തോഷകരമായ വാര്‍ത്തയായിരുന്നില്ല. കങ്കണ ജനിച്ചപ്പോള്‍, മാതാപിതാക്കള്‍ക്ക്, പ്രത്യേകിച്ച്‌ തന്റെ അമ്മയ്ക്ക്, മറ്റൊരു പെണ്‍കുഞ്ഞ് ജനിച്ചുവെന്ന വസ്തുതയുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് കങ്കണ പിടിഐയോട് പറഞ്ഞു. ഈ കഥകള്‍ തനിക്ക് വിശദമായി അറിയാമെന്നും കാരണം ഓരോ തവണയും വീട്ടില്‍ ഓരോ അതിഥികള്‍ വരുമ്ബോഴും ഒത്തുചേരലുകള്‍ നടക്കുമ്പോഴും താന്‍ ഒരു അനാവശ്യ കുട്ടിയാണെന്ന് അവര്‍ തന്റെ മുന്നില്‍ വച്ച്‌ തന്നെ ആവര്‍ത്തിച്ചിരുന്നുവെന്നും കങ്കണ പറയുന്നു.

ഒരു മകനെ നഷ്ടപ്പെട്ടതിനാല്‍ മറ്റൊരു മകന്‍ ജനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതിനാല്‍ കങ്കണയുടെ ജനനം ഒരു മരണ ദിവസം പോലെയായിരുന്നുവെന്ന് കങ്കണയുടെ പിതാവും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം തന്റെ മകളെക്കുറിച്ച്‌ വളരെയധികം ശ്രദ്ധാലുവാണ്. മകള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് ഹിമാചല്‍ പ്രദേശ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചത് കങ്കണയുടെ പിതാവാണ്. ഇത് പിന്നീട് കേന്ദ്രത്തിന് കൈമാറി.

“അവളുടെ പോരാട്ടത്തിന്റെ അര്‍ത്ഥം തനിയ്ക്ക് മനസിലായത് അവള്‍ ഒരു സ്വകാര്യ കുടുംബ സംഭാഷണം പൊതുജനങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചപ്പോഴാണെന്നും, രാജ്യത്തിന്റെ പ്രതികരണം കണ്ട ശേഷം, അവളുടെ പോരാട്ടം എന്തിനാണെന്ന് തനിക്ക് മനസ്സിലായെന്നും ഒരു പ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കങ്കണയുടെ പിതാവ് പറഞ്ഞു. നന്മയും തിന്മയും തമ്മിലുള്ള വലിയ പോരാട്ടമാണ് നടക്കുന്നത്. സത്യത്തിനായാണ് അവള്‍ നിലകൊള്ളുന്നതെന്നും കങ്കണയുടെ പിതാവ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം, കങ്കണ പിതാവുമൊത്തുള്ള ഒരു അപൂര്‍വ നിമിഷം പങ്കുവച്ചിരുന്നു. ഇളയ സഹോദരന്‍ അക്ഷത്തിന്റെ വിവാഹ ആഘോഷവേളയിലായിരുന്നു ഇത്.

Related Articles

Back to top button