KeralaLatest

മോഹന്‍ലാല്‍‍ സംവിധായകനാകുന്ന ബറോസിനു തുടക്കം

“Manju”

മോഹന്‍ലാല്‍ സംവിധായകനാകുന്ന ത്രിഡി ചിത്രം ബറോസിന്റെ ചിത്രീകരണത്തിനു തുടക്കമായി. ചിത്രത്തിന്റെ പൂജ കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ വച്ച്‌ നടക്കുകയാണ്. പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍, ലാല്‍, ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് ഉള്‍പ്പടെ സിനിമാരംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.ചിത്രത്തിലെ നായകനായി എത്തുന്നതും മോഹന്‍ലാല്‍ തന്നെയാണ്. സിനിമ ഒരു ഭാഗത്തില്‍ അവസാനിക്കുന്നില്ലെന്ന് മോഹന്‍ലാല്‍ തന്നെ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞിരിക്കുകയാണ്. മൈഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത നവോദയ ജിജോ തിരക്കഥ എഴുതിയിരിക്കുന്ന ചിത്രം ത്രീ ഡി രീതിയിലായിരിക്കും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്.

ജീവിത വഴിത്താരയില്‍ വിസ്മയ ചാര്‍ത്തുകളില്‍ സ്വയം നടനായി, നിര്‍മ്മാതാവായി, സിനിമ തന്നെ ജീവനായി, ജീവിതമായി. ഇപ്പോഴിതാ, ആകസ്മികമായ മറ്റൊരു വിസ്മയത്തിനു തിരനോട്ടം കുറിക്കുന്നു. 24ന് ചിത്രീകരണം ആരംഭിക്കുന്ന ബറോസ് എന്ന ത്രിമാന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ് ഞാന്‍. ഈ നിയോഗത്തിനും എനിക്ക് തിരജീവിതം തന്ന നവോദയയുടെ ആശിര്‍വാദവും, സാമീപ്യവും കൂടെയുണ്ടെന്നത് ഈശ്വരാനുഗ്രഹം. ബറോസിനൊപ്പമുള്ള തുടര്‍ യാത്രകളിലും അനുഗ്രഹമായി, നിങ്ങള്‍ ഏവരും ഒപ്പമുണ്ടാകണമെന്ന്, ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു,” മോഹന്‍ലാല്‍ പറഞ്ഞു.

സിനിമാ രംഗത്തുള്ള നിരവധി സംവിധായകരും നിര്‍മ്മാതാക്കളും താരങ്ങളുമൊക്കെയാണ് നവോദയ സ്റ്റുഡിയോയില്‍ നടക്കുന്ന പൂജ ചടങ്ങിനായെത്തിയിട്ടുള്ളത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ് സുകുമാരന്‍, പ്രതാപ് പോത്തന്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ടെന്നാണ് സൂചന. വിദേശ നടി പാസ് വേഗയുള്‍പ്പെടെ നിരവധി വിദേശ താരങ്ങളും ചിത്രത്തിലുണ്ട്. ബാറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡിഗാമാസ് ട്രെഷര്‍ എന്ന പേരിലുള്ള നോവല്‍ അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമയില്‍ ഗോവയും പോര്‍ച്ചുഗലുമാണ്‌ പ്രധാന ലൊക്കേഷനുകള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് സിനിമയുടെ നിര്‍മ്മാണം.

Related Articles

Back to top button