IndiaKeralaLatest

മ്യാന്മാറിൽ പട്ടാളത്തിന്റെ നരനായാട്ട്

“Manju”

മന്‍ഡലായ്​ (മ്യാന്മര്‍): ​ പിതാവിന്റെ മടിയിലേക്ക് വെടിയേറ്റു​ വീണ ആ കുഞ്ഞ് മരണത്തിലേക്ക്​ പിടഞ്ഞുകൊണ്ടിരിക്കവേ പിതാവിനോട്​ പറഞ്ഞു -‘എനിക്ക്​ സഹിക്കാന്‍ കഴിയുന്നില്ല..അത്രക്കും വേദനയുണ്ട്​’. ഏഴു വയസ്സുള്ള ഖിന്‍ മ്യോ ചിത്​ എന്ന ആ ബാലികയെ ആശുപത്രിയിലെത്തിച്ചെങ്കിലും ആ കാപാലികരുടെ വെടിയുണ്ടകള്‍ അതിനുമുമ്പേ അവളുടെ ജീ​വനെടുത്തിരുന്നു. കണ്ണില്‍ചോരയില്ലാത്ത മ്യാന്മറിലെ സൈനികര്‍ ആ പിഞ്ചുമകളുടെ ദേഹത്തേക്ക്​ നിര്‍ദാക്ഷിണ്യം​ നിറയൊഴിക്കുകയായിരുന്നു. മന്‍ഡലായിലെ വീട്ടില്‍ സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ പേടിച്ചരണ്ട അവള്‍ പിതാവിന്റെ അടുത്തേക്ക്​ ഓടിയടുക്കുന്നതിനിടയിലാണ്​ അവര്‍ കണ്ണിൽ ചോരയില്ലാതെ ആ ബാലികയ്ക്ക് നേരെ കാഞ്ചി വലിച്ചത്​.

ചൊവ്വാഴ്ച വൈകീട്ടാണ്​ ​സൈന്യം ചിതിന്റെ പ്രദേശത്ത്​ റെയ്​ഡിനെത്തിയത്​. ആയുധങ്ങളുണ്ടോയെന്ന്​ പരിശോധിക്കാനും പ്രക്ഷോഭകരെ അറസ്റ്റ്​ ചെയ്യാനുമായിട്ടായിരുന്നു അവരുടെ വരവെന്ന്​ ചിതിന്റെ  മൂത്ത സഹോദരി മേ തു സുമയ്യ പറഞ്ഞു. അവര്‍ വന്നപാടെ വീടിന്റെ വാതില്‍ ചവിട്ടിത്തുറന്നു. കതകുതുറന്നശേഷം അകത്ത്​ ആരെങ്കിലുമുണ്ടോ എന്ന്​ പിതാവിനോടവര്‍ ചോദിച്ചു. ‘ഇല്ല’ എന്ന്​ അദ്ദേഹം മറുപടി പറഞ്ഞതോടെ ​നുണ പറയുകയാണെന്ന്​ പറഞ്ഞ്​ അവര്‍ അകത്തു കയറി പരിശോധന തുടങ്ങി. ഇതിനിടയിലാണ്​ പേടിച്ചരണ്ട അനുജത്തി ​ പിതാവിന്റെ മടിയിലിരിക്കാനായി അദ്ദേഹത്തിനടുത്തേക്ക്​ ഓടിയത്​. ഉടന്‍ അവര്‍ അവള്‍ക്കുനേരെ വെടിവെക്കുകയായിരുന്നുവെന്ന്​ സുമയ്യ വിതുമ്പ​ലോടെ പറയുന്നു.

ഖിന്‍ മ്യോ ചിതിന്‍റെ ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ മ്യാന്മര്‍ മുസ്​ലിം മീഡിയക്കു നല്‍കിയ അഭിമുഖത്തില്‍ ചിതിന്റെ അവസാന നിമിഷങ്ങള്‍ പിതാവ്​ ഉമോങ്​ കോ ഹാഷിന്‍ ബായ്​ കണ്ണീരോടെ വിവരിച്ചു. ‘വേദന കൊണ്ട്​ പുളഞ്ഞ എന്റെ പൊന്നുമോള്‍ക്ക്​ അത്​ സഹിക്കാനാവുന്നുണ്ടായിരുന്നില്ല. ഞങ്ങളവളെ ഒരു കാറില്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.’ ഹാഷിന്‍ ബായുടെ 19 വയസ്സുള്ള മകനെയും പൊലീസ്​ മര്‍ദിക്കുകയും അറസ്റ്റ്​ ചെയ്യുകയും ചെയ്​തിട്ടുണ്ട്​. ചിതിന്റെ മരണത്തോട്​ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.

മ്യാന്മറില്‍ പട്ടാളം ഭരണം പിടിച്ചെടുത്തശേഷം നടക്കുന്ന അതിക്രമങ്ങളില്‍ 20ലധികം കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടതായി ‘സേവ്​ ദ ചില്‍ഡ്രണ്‍’ ഗ്രൂപ്​ വെളിപ്പെടുത്തി. മുതിര്‍ന്നവരടക്കം മൊത്തം കൊല്ലപ്പെട്ടവരുടെ എണ്ണം 164 ആയി. ​പ്രക്ഷോഭകര്‍ക്കുനേരെ ഒരു ദയാദാക്ഷിണമ്യവുമില്ലാത്ത നടപടികളാണ്​ പട്ടാളം സ്വീകരിക്കുന്നത്​. സൈന്യം കൊന്നവരില്‍ ഏറ്റവും ഇളയവളാണ്​ ഖിന്‍ മ്യോ ചിത്​. കഴിഞ്ഞ ദിവസം മന്‍ഡലായിയില്‍തന്നെ സൈന്യത്തിന്റെ വെടി​യേറ്റ്​ ഒരു 14 കാരന്‍ കൊല്ലപ്പെട്ടിരുന്നു.പ്രക്ഷോഭർക്കൊപ്പം നിരപരാധികളും കൊലചെയ്യപ്പെടുകയാണ് ഇവിടെ.

Related Articles

Back to top button