KeralaLatest

കെഎസ്‌ഇബിയുടെ പേരില്‍ ഈ സന്ദേശം ലഭിച്ചാല്‍ മറുപടി നല്‍കരുത്

“Manju”

എറണാകുളം: കെഎസ്‌ഇബിയുടെ പേരില്‍ വ്യാപക തട്ടിപ്പുമായി സംഘം. വൈദ്യുതി ബില്‍ അടക്കമുള്ള സേവനങ്ങളുടെ മറവിലൂടെയാണ് പണം കൈക്കലാക്കുന്നത്. വൈദ്യുതി ബില്ലടക്കാത്തതിനാല്‍ വിഛേദിക്കുമെന്ന് കാണിച്ചെത്തുന്ന എസ്‌എംഎസ് വഴിയാണ് തട്ടിപ്പിനുള്ള കളമൊരുങ്ങുന്നത്. പണമടച്ചവരാണെങ്കില്‍ താഴെ കാണുന്ന മൊബൈല്‍ നമ്പറില്‍ വിളിക്കുക എന്ന മെസേജിലാണ് തട്ടിപ്പ് ആരംഭിക്കുന്നത്. ഈ നമ്പറിലേക്ക് വിളിക്കുന്നവര്‍ സംഘത്തിന്റെ പിടിയില്‍ കുടുങ്ങും. വിളിക്കുന്നതിലൂടെ ഫോണിലേക്ക് മറ്റൊരു സന്ദേശമായിരിക്കും വരുന്നത്. ഇതിലെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിര്‍ദ്ദേശങ്ങള്‍ പിന്തുടര്‍ന്ന് പോകുകയാണെങ്കില്‍ പണവും നഷ്ടമാകും.

ഏത് വഴിയിലൂടെ ആണെങ്കിലും മൊബൈലില്‍ നിന്നുള്ള ഒടിപി ആവശ്യപ്പെടും. ഇത് നല്‍കുകയാണെങ്കില്‍ പണം കവരാനുള്ള സാധ്യത ഏറെയാണ്. സന്ദേശം അയക്കുന്നതിനു പുറമേ കെഎസ്‌ഇബി ഉദ്യോഗസ്ഥൻ ചമഞ്ഞും ഫോണ്‍ വിളി എത്തുന്നുണ്ട്. അയച്ചു നല്‍കുന്ന ലിങ്കിലൂടെ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷൻ ഫോണില്‍ ഇൻസ്റ്റാള്‍ ചെയ്യാൻ ആവശ്യപ്പെടും. ഇതിലൂടെ ഉപഭോക്താവിന്റെ മൊബൈല്‍ ഫോണ്‍ വിദൂരത്തുനിന്ന് നിയന്ത്രിക്കാൻ തട്ടിപ്പുകാരന് സാധിക്കും. തുടര്‍ന്ന് ഒടിപിയിലൂടെ ബാങ്കിലെ വിവരങ്ങള്‍ ഉള്‍പ്പെടെ എല്ലാവിവരങ്ങളും തട്ടിയെടുക്കും. വിവധ ഭാഗങ്ങളിലായി നിരവധി പേര്‍ കബളിപ്പിക്കപ്പെട്ടതിനാലും ഈ സംഘത്തില്‍ നിന്നും രക്ഷനേടാൻ ജാഗ്രത പാലിക്കണമെന്ന് കെഎസ്‌ഇബി അറിയിച്ചു.

ഔദ്യോഗികമായി അയക്കുന്ന സന്ദേശങ്ങളില്‍ 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍, കുടിശിക തുക, ഇലക്‌ട്രിക്കല്‍ സെക്ഷന്റെ പേരും കാണുന്നതാണ്. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ഉപഭോക്താവിന്റെ മൊബൈല്‍ നമ്പറിലേക്ക് മാത്രമാണ് സന്ദേശം എത്തുകയുള്ളൂ. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട്, ഒടിപി തുടങ്ങിയ വിവരങ്ങള്‍ കെഎസ്‌ഇബി ചോദിക്കില്ല.

സംശയം തോന്നിയാല്‍ പണമടക്കുന്നതിനു മുമ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ നമ്പറായ 1912 ല്‍ വിളിക്കണം. 9496001912 എന്ന നമ്പറിലേക്ക് വാട്സ്‌ആപ്പ് സന്ദേശം അയച്ചാലും വിവരം ലഭിക്കും. ബില്‍തുക അടയ്‌ക്കുന്നതിന് ഔദ്യേഗിക വെബ്‌സൈറ്റോ വിശ്വസനീയമായ ബാങ്ക് അക്കൗണ്ടുകളോ ജിപേ സംവിധാനമോ മാത്രം ഉപയോഗിക്കുക.

Related Articles

Back to top button