International

എവർ ഗിവണിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സൂയസ് കനാൽ അതോറിറ്റി

“Manju”

കെയ്‌റോ: സൂയസ് കനാലിനെ പ്രതിസന്ധിയിലാക്കിയ എവർ ഗിവൺ ചരക്കുകപ്പൽ സംഭവത്തിൽ ഔദ്യോഗിക അന്വേഷണം നടത്താൻ തീരുമാനം. സൂയസ് കനാൽ അതോറിറ്റി ചെയർമാൻ ഒസാമാ റാബിയാണ് അന്വേഷണം ആരംഭിച്ച വിവരം പുറത്തുവിട്ടത്. രണ്ട് സാധ്യതകളാണ് കപ്പൽ കനാലിൽ കുടുങ്ങാൻ കാരണം. ശക്തമായ കാറ്റിൽ കപ്പൽ വട്ടം തിരിഞ്ഞതാകാമെന്നതാണ് ഒന്നാമത്തെ കാരണമായി കണക്കാക്കുന്നത്. രണ്ടാമത്തെ കാരണം കപ്പലിനെ കരയിലേയ്ക്ക് അടുപ്പിക്കുന്നതിലുണ്ടായ മാനുഷികമായ പരിചയക്കുറവുമാണ് അന്വേഷണ വിധേയമാക്കുന്നത്.

അന്വേഷണവുമായി ബന്ധപ്പെട്ട് എല്ലാ സഹകരണത്തിനും തയ്യാറാണെന്ന് കപ്പലിന്റെ ക്യാപ്റ്റൻ സഞ്ജയ് പ്രശാർ പറഞ്ഞു. കപ്പൽ കുടുങ്ങാനിടയായതിന്റെ കാരണം കണ്ടെത്താൻ ഡാറ്റാ റെക്കോർഡ് അടക്കം പരിശോധിക്കുക എന്നതാണ് അടുത്ത ഘട്ടമെന്ന് ക്യാപ്റ്റൻ പറഞ്ഞു. ഇതിലൂടെ കപ്പൽ കുടുങ്ങാൻ ഇടയാക്കിയ കാരണം മനസിലാക്കാമെന്നും കപ്പൽ എങ്ങനെയാണ് യാത്ര ചെയ്തത് എന്നത് അടക്കമുള്ള കാര്യങ്ങൾ ഇതിലൂടെ മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാനൂറ് മീറ്റർ നീളമുള്ള കപ്പലാണ് കനാലിന് കുറുകെയായത്. തുടർന്ന് 25 മീറ്റർ ആഴത്തിൽ കരയിലെ മണ്ണ് മാറ്റിയശേഷമാണ് കപ്പൽ അനക്കാനായത്. 25 ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരാണ് എവർ ഗിവൺ കപ്പലിലുള്ളത്. കപ്പലിലെ 25 ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ജീവനക്കാർ സുരക്ഷിതരാണെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും കപ്പൽ വീണ്ടും ചലിപ്പിക്കാനായി ഇന്ത്യക്കാരായ ജീവനക്കാർ കഠിനമായി പരിശ്രമിച്ചെന്നും മാനേജ്മെന്റ് വ്യക്തമാക്കി. മാർച്ച് 23നാണ് കപ്പൽ സൂയസ് കനാലിൽ കുടുങ്ങിയത്. ഇതോടെ സൂയസ് കനാൽ വഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരുന്നു.

Related Articles

Back to top button