KeralaLatest

‘ബറോസ്’ ചിത്രീകരണം തുടങ്ങി

“Manju”

മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണം തുടങ്ങി. മാര്‍ച്ച്‌ മുപ്പത്തിയൊന്ന് ബുധനാഴ്ച്ച ഫോര്‍ട്ട് കൊച്ചിയിലെ ബണ്ടന്‍ ബോട്ടിയാഡ് ഹോട്ടലിലായിരുന്നു മോഹന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനു തുടക്കമിട്ടത്. ത്രിമാന ദൃശ്യഭംഗിയോടെ അവതരിപ്പിക്കുന്ന ഈ സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യ ഷോട്ട് എടുക്കുന്നതിനു മുമ്പ് ഏറെ ഒരുക്കങ്ങള്‍ ഇവിടെ തുടങ്ങിയിരുന്നു.

ദക്ഷിണ ഏഷ്യയില ഏറ്റവും മികച്ച ഛായാഗ്രാഹകനായ സന്തോഷ് ശിവനും സംഘവും ക്യാമറയുടെ പൊസിഷനും ലൈറ്റിംഗുമൊക്കെ തുടങ്ങിയിരുന്നു. മോഹന്‍ലാല്‍ സൂചിപ്പിച്ചതുപോലെ അസാധ്യമായവ ചെയ്യുമ്പോഴാണല്ലോ നമ്മുടെ ജീവിതത്തിന് അര്‍ത്ഥമുണ്ടാവുകയുള്ളൂ. അങ്ങനെയൊരുദ്യമം ഏറ്റെടുത്തിരിക്കുന്ന മോഹന്‍ലാലിന്റെ ഇനിയുള്ള ദിവസങ്ങള്‍ മനസ്സുകൊണ്ടും ചിന്തകള്‍ കൊണ്ടും ശരീരം കൊണ്ടും ബറോസ്സിലായിരിക്കും, മോഹന്‍ലാലിനു സഹായത്തിനായി ജിജോ പുന്നൂസും കൂടെയുണ്ട്.

ചിത്രത്തിലെ നായികയായ ഷൈലയും കുറച്ചു കുട്ടികളും പങ്കെടുക്കുന്ന ഒരു സ്കൂള്‍ രoഗമായിരുന്നു ഇവിടെ ചിത്രീകരിച്ചത്. ഏതാനും റിഹേഴ്സല്‍ പൂര്‍ത്തിയാക്കി ഒന്‍പതര മണിയോടെ ഫസ്റ്റ് ഷോട്ടെടുത്തപ്പോള്‍ സെറ്റില്‍ നീണ്ട കരഘോഷം. അവിചാരിതമായി അവിടെയെത്തിയ നടന്‍ ജോജു ജോര്‍ജും ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയായി മോഹന്‍ലാലിന് ആശംസ നേര്‍ന്നു. നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ നിറസാന്നിദ്ധ്യത്തിലൂടെ സെറ്റില്‍ ഉണ്ട്.

ചിത്രത്തിന്റെ നിര്‍മ്മാണത്തെക്കുറിച്ച്‌ ആന്റണിയുമായി അല്‍പ്പനേരം പങ്കിട്ടു. ‘ഈ ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ലാല്‍ സാര്‍ എന്നോടു ചോദിച്ചത് ഒറ്റക്കാര്യം, എനിക്ക് ഈ ചിത്രം ചെയ്യണം. കൂടെയുണ്ടാകുമോ? ആദ്യം ഒന്നു ശങ്കിച്ചുവെങ്കിലും ലാല്‍ സാറിന്റെ ഉറച്ച തീരുമാനത്തിന് നൂറുശതമാനവും കൂടെയുണ്ടാകുമെന്നറിയിച്ചു. ലാല്‍ സാറിന്റെ വലിയൊരാഗ്രഹമാണിത്. അതു നടത്താന്‍ ലാല്‍ സാറിനേക്കാളും മുന്നില്‍ ഞാനുണ്ടാകുമെന്നു തന്നെ പറഞ്ഞു. രണ്ടു വര്‍ഷത്തെ അദ്ധ്വാനമാണ് ഇന്നിവിടെ പ്രവര്‍ത്തിയിലെത്തിയിരിക്കുന്നത്’. നൂറു ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നതെന്ന് ആന്റണി പറഞ്ഞു.

Related Articles

Back to top button