IndiaLatest

ചണ്ഡീഗഢ് വിമാനത്താവളത്തിന് ഭഗത് സിംഗിന്റെ പേര്

“Manju”

ചണ്ഡീഗഢ് വിമാനത്താവളത്തിന് സ്വാതന്ത്ര്യസമര പോരാളി ഭഗത് സിംഗിന്റെ പേര് നല്‍കുമെന്ന് പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. സെപ്തംബര്‍ 28ന് ഭഗത് സിംഗ് ജന്മ വാര്‍ഷികം ആഘോഷിക്കാനിരിക്കെ മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അതേസമയം പഞ്ചാബിലെ ആംആദ്മി സര്‍ക്കാര്‍ ഭഗത് സിംഗിന്റെ പൈതൃകം ഏറ്റെടുക്കുന്നത് തടയുകയെന്ന ഉദ്ദേശ്യത്തിലാണ് മോദിയുടെ പ്രഖ്യാപനമെന്ന വിലയിരുത്തലുമുണ്ട്. തീരുമാനത്തെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ സ്വാഗതം ചെയ്തു. സംസ്ഥാനത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യം നിറവേറ്റിയെന്നാണ് സിംഗ് പ്രഖ്യാപനത്തോട് പ്രതികരിച്ചത്. ‘ഒടുവില്‍ ഞങ്ങളുടെ ശ്രമം വിജയിച്ചു. പഞ്ചാബിലെ മുഴുവന്‍ ജനതയ്ക്കും വേണ്ടി തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.’ ട്വിറ്ററിലൂടെയാണ് മന്നിന്റെ പ്രതികരണം.

ഹരിയാന ഉപമുഖ്യമന്ത്രി ദുശ്യന്ത് ചൗട്ടാലയും പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. വിമാനത്താവളത്തിന് ഭഗത് സിംഗിന്റെ പേര് നല്‍കണമെന്ന ആവശ്യം വളരെ കാലമായി ഹരിയാനയും പഞ്ചാബും ഉയര്‍ത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഭഗവന്ത് മന്നും ദുശ്യന്തും കഴിഞ്ഞ മാസം യോഗം ചേര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മോദിയുടെ പ്രഖ്യാപനം. സെപ്റ്റംബര്‍ 28 ന് മുമ്പ് വിമാനത്താവളത്തിന് ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനിയുടെ പേരിടണമെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനും കത്തയച്ചിട്ടുണ്ടെന്ന് കൂടിക്കാഴ്ചയെ പരാമര്‍ശിച്ച്‌ മാന്‍ പറഞ്ഞിരുന്നു.

Related Articles

Back to top button