IndiaKeralaLatest

ചൈനീസ് സര്‍ക്കാരിന്റെ പീഡനം, ബിബിസി ലേഖകന്‍ തായ് വാനിലേക്ക് മാറിപ്പോയി

“Manju”

ചൈനീസ് സര്‍ക്കാരിന്റെ പീഡനം, ബിബിസി ലേഖകന്‍ തായ് വാനിലേക്ക് മാറിപ്പോയി; ചൈനയെ ചോദ്യം ചെയ്ത് യൂറോപ്യന്‍ യൂണിയന്‍
ബ്രസ്സല്‍സ്:ചൈനീസ് അധികൃതരുടെ പീഡനങ്ങള്‍ സഹിക്കാന്‍ വയ്യാതെേ ബിബിസി ലേഖകനും ഭാര്യയ്ക്കും തായ് വാനിലേക്ക് സ്ഥലം മാറേണ്ടി വന്ന സംഭവത്തില്‍ ലോകവ്യാപക പ്രതിഷേധം. വിദേശ മാദ്ധ്യമപ്രവര്‍ത്തകരോടുളള ചൈനയുടെ സമീപനത്തെ ചോദ്യം ചെയ്യാനും ചൈനയ്ക്കെതിരായ നിലപാട് കടുപ്പിക്കാനും യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു.
ബിബിസി ലേഖകന്‍ ജോണ്‍ സുഡ്വര്‍ത്തും അദ്ദേഹത്തിന്‍റെ മാധ്യമപ്രവര്‍ത്തകയായ ഭാര്യ വോന്നെ മുറെയുമാണ് തായ് വാനിലേക്ക് താമസം മാറിയത്. അയര്‍ലന്‍റിലെ ആര്‍ടിഇ ന്യൂസ് ലേഖികയാണ് വോന്നെ മുറെ. ഏറ്റവുമൊടുവില്‍ ഉയ്ഗുര്‍ മുസ്ലിങ്ങള്‍ക്കെതിരെ ചൈന നടത്തുന്ന പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ പേരില്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ജോണ്‍ സുഡ്വര്‍ത്തിനെ നിരന്തരം വിമര്‍ശിക്കുകയും സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തതാണ് ഇദ്ദേഹവും ഭാര്യയും ചൈന വിടാനുള്ള കാരണമെന്നറിയുന്നു. ഇദ്ദേഹത്തെ ചൈനീസ് സര്‍ക്കാര്‍ വ്യക്തിപരമായി അധിക്ഷേപിക്കുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തത് ജോണ്‍ സുഡ്വര്‍ത്തിനെയും ഭാര്യയെയും സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. പൊലീസ് സിസിടിവി ക്യാമറകളില്‍ പിടിച്ച ജോണ്‍ സുഡ്വര്‍ത്തിന്‍റെ വീഡിയോകള്‍ കാട്ടി സമൂഹമാധ്യമങ്ങളില്‍ ഇദ്ദേഹത്തെക്കുറിച്ച്‌ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കലായിരുന്നു ഒരു പ്രധാന പീഢന രീതി. മാര്‍ച്ച്‌ 23ന് ഇരുവരും ചൈന വിട്ട് തായ് വാനിലേക്ക് പോയതായി ബെയ്ജിംഗിലെ പത്രപ്രവര്‍ത്തകരുടെ സംഘടനയായ ഫോറിന്‍ കറസ്പോണ്ടന്‍റ്സ് ക്ലബ്ബ് ഓഫ് ചൈന അറിയിച്ചിരുന്നു.
യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ നയരൂപീകരണ സമിതി മേധാവി ജോസഫ് ബോറലാണ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് മേല്‍ ചൈന നടത്തുന്ന സമ്മര്‍ദ്ദങ്ങളെക്കുറിച്ച്‌ ആരോപണം ഉന്നയിച്ചത്. ചൈനയില്‍ മാദ്ധ്യമസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും യാതൊരു വിലയും നല്‍കുന്നില്ലെന്നും അന്താരാഷ്ട്ര സമൂഹം ചൈനയുടെ നയങ്ങളെ തിരിച്ചറിഞ്ഞ് പ്രതികരിക്കണമെന്നും ജോസഫ് പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.
ചൈനയുടെ കൊറോണ പ്രതിരോധത്തിലെ വീഴ്ചയെയും ഹോങ്കോംഗിലെ ജനാധിപത്യ പ്രതിഷേധങ്ങളെയും ചൂണ്ടിക്കാട്ടി ബിബിസി ചൈനയ്ക്കെതിരെ നിശിത വിമര്‍ശനം നടത്തിയിരുന്നു. ബിബിസിയുടെ ഈ റിപ്പോര്‍ട്ടിംഗ് രീതികളെ ചൈന ശക്തമായി എതിര്‍ത്തിരുന്നു. ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് താല്‍പര്യമുളള രീതിയില്‍ വാര്‍ത്തകള്‍ വളച്ചൊടിച്ച്‌ അവതരിപ്പിക്കാന്‍ വിദേശമാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് മേല്‍ ശക്തമായ സമ്മര്‍ദ്ദമാണ് അധികൃതര്‍ നടത്തുന്നത്. ചൈനീസ് അധികൃതരില്‍ നിന്നുളള നിരന്തരമായ നിയമനടപടികളുടെയും സമ്മര്‍ദ്ദങ്ങളുടെയും പശ്ചാത്തലത്തിലാണ് ജോണ്‍ സുഡ്വര്‍ത്തും ഭാര്യയും ചൈന വിട്ട് തായ് വാനിലേക്ക് മാറിയത്. കഴിഞ്ഞ വര്‍ഷം മാത്രം 18 മാദ്ധ്യമപ്രവര്‍ത്തകരെയാണ് ചൈന രാജ്യത്ത് നിന്നും പുറത്താക്കിയിരുന്നു.
അതേസമയം യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് തങ്ങള്‍ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ ഉന്നയിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചു. ഒമ്ബത് വര്‍ഷമായി ചൈനയില്‍ താമസിച്ചിരുന്ന ബിബിസി പ്രതിനിധിയും കുടുംബവും തായ്‌വാനിലേയ്ക്ക് താമസം മാറിയെന്നേയുള്ളൂ എന്നാണ് ചൈനയുടെ വിശദീ കരണം.
അതേ സമയം തയ് വാന്‍റെ വിദേശകാര്യമന്ത്രാലയം ജോണ്‍ സുഡ്വര്‍ത്തിനെയും ഭാര്യയെയും തങ്ങളുടെ രാജ്യത്തേക്ക് സ്വാഗതം ചെയ്തു. ആവിഷ്‌കാരസ്വാതന്ത്ര്യം ആസ്വദിക്കാന്‍ തായ് വാനിലേക്ക് വരൂ എന്നതായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്‍റെ വിശദീകരണം.തായ് വാന്‍ സ്വതന്ത്രവും ജനാധിപത്യമൂല്യങ്ങളില്‍ വിശ്വസിക്കുന്നതുമായ രാഷ്ട്രമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ജോവന്‍ ഔ പറഞ്ഞു. പത്രപ്രവര്‍ത്തന സ്വാതന്ത്ര്യവും മനുഷ്യാവകാശവും ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും ജോവന്‍ ഔ വിശദീകരിച്ചു

Related Articles

Back to top button