KeralaLatest

ഭൂമിയില്‍ ജീവന്‍ പിറന്നത് എങ്ങനെ..? ഉത്തരം കണ്ടെത്തി ശാസ്ത്രജ്ഞര്‍

“Manju”

ഭൂമിയില്‍ ജീവന്‍ ഉണ്ടായത് എങ്ങനെ എന്നത് എക്കാലത്തെയും മനുഷ്യന്‍ നേരിടുന്ന ഉത്തരമില്ലാതിരുന്ന ചോദ്യമായിരുന്നു. പല വാദങ്ങളും ഉയര്‍ന്നെങ്കിലും ഉറപ്പിച്ച്‌ പറയാന്‍ പാകത്തിന് തെളിവുകള്‍ ഒന്നുമില്ലാത്ത വെറും വാദങ്ങളായി അവ നിലനില്‍ക്കുകയായിരുന്നു. എന്നാല്‍ ഭൂമിയില്‍ ജീവന്‍ പിറന്നത് എങ്ങനെയെന്ന് തെളിവ് സഹിതമാണ് ഇത്തവണ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.

ഭൂമിയില്‍ ഇക്കാണുന്ന സകലമാന ജൈവരൂപങ്ങളുടേയും പ്രാഥമിക ജനിതക തന്മാത്ര ആര്‍എന്‍എ ആണെന്ന വാദം ഉറപ്പിക്കുന്ന തെളിവുകളാണ് ജാപ്പനീസ് ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ ലഭിച്ചിരിക്കുന്നത്. സ്വയം ഇരട്ടിക്കുന്ന, പകര്‍പ്പുകളാവുന്ന ഒടുവില്‍ കൂടുതല്‍ സങ്കീര്‍ണ ജൈവരൂപമാകുന്ന ആര്‍എന്‍എ നിര്‍മിച്ചെടുക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.

കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയില്‍ ജീവന്‍ പിറവിയെടുത്തപ്പോള്‍ നിര്‍ണായകമായ പങ്ക് ആര്‍എന്‍എ വഹിച്ചിട്ടുണ്ടെന്നാണ് ടോക്യോ സര്‍വകലാശാലയിലെ ഗവേഷകരുടെ പുതിയ പരീക്ഷണം തെളിയിക്കുന്നത്. ‘പരീക്ഷണത്തിനിടെ ഒരൊറ്റ ആര്‍എന്‍എ ഘടകം പരിണമിച്ച്‌ സങ്കീര്‍ണ ജീവ വ്യവസ്ഥയാവുന്നത് ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഇത് ദീര്‍ഘകാല പരിണാമത്തിന്റെ ഭാഗമായി ജീവികളായി മാറുമെന്ന സാധ്യതയാണ് മുന്നോട്ടുവെക്കുന്നതെന്ന് പരിണാമ ജൈവശാസ്ത്രജ്ഞനായ റയോ മിസൂച്ചി പറഞ്ഞതായി സയന്‍സ് അലര്‍ട്ട് റിപ്പോര്‍ട്ടു ചെയ്യുന്നു.

ജൈവിക പ്രക്രിയയില്‍ ഡിഎന്‍എയെ പോലെ നിര്‍ണായകമായ പങ്കുവഹിക്കുന്നവയാണ് റൈബോന്യൂക്ലിക് ആസിഡ് അഥവാ ആര്‍എന്‍എ. തലമുറകള്‍ കൈമാറുന്ന ജനിതക ഘടനയുടെ കോഡിങ്, ഡീകോഡിങ്, നിയന്ത്രണം എന്നിവയിലെല്ലാം ആര്‍എന്‍എ നിര്‍ണായകമാണ്. ന്യൂക്ലിക് ആസിഡായി കണക്കാക്കുന്ന ആര്‍എന്‍എക്ക് ഡിഎന്‍എയെ അപേക്ഷിച്ച്‌ ഒരൊറ്റ ഇഴ മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ അതിസങ്കീര്‍ണ ത്രിമാന രൂപങ്ങള്‍ കൈക്കൊള്ളാന്‍ ആര്‍എന്‍എക്ക് സാധിക്കും. ശരീരത്തിനു ജനിതക വിവരങ്ങള്‍ കൈമാറ്റം ചെയ്യാനുള്ള ചുമതല ആര്‍എന്‍എക്കുണ്ട്.

ആര്‍എന്‍എക്ക് സ്വയം വിഭജിച്ച്‌ കൂടുതല്‍ സങ്കീര്‍ണ ജീവവ്യവസ്ഥയാവാന്‍ സാധിക്കുമെന്നത് അസാധ്യമാണെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. ഇത് തെറ്റാണെന്നാണ് ജാപ്പനീസ് ശാസ്ത്രജ്ഞര്‍ തെളിയിച്ചിരിക്കുന്നത്. ആര്‍എന്‍എക്ക് കൂട്ടായി വിവരങ്ങള്‍ ശേഖരിക്കാനും കൈമാറ്റം ചെയ്യാനും മാത്രമല്ല സ്വയം സങ്കീര്‍ണ ജീവ വ്യവസ്ഥയായി മാറാനും സാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

എണ്ണക്ക് മുകളിലെ ജല തുള്ളികളില്‍ ശേഖരിച്ച ആര്‍എന്‍എയിലാണ് പരീക്ഷണം നടത്തിയത്. നൂറിലേറെ തവണ ആര്‍എന്‍എകള്‍ മാറ്റങ്ങള്‍ക്കും സ്വയംനവീകരണത്തിനും പാത്രമാവുന്നുവെന്നും ജാപ്പനീസ് ഗവേഷകര്‍ കണ്ടെത്തി. വിഭവങ്ങള്‍ക്ക് വേണ്ടി പരസ്പരം പോരാടേണ്ട അവസ്ഥയില്ലെങ്കില്‍ സ്വയം നവീകരിച്ച്‌ സങ്കീര്‍ണ ജൈവ വ്യവസ്ഥയായി മാറാന്‍ ആര്‍എന്‍എകള്‍ക്ക് സാധിക്കുമെന്ന് ഇതോടെ തെളിഞ്ഞു. നേച്ചുര്‍ കമ്മ്യൂണിക്കേഷന്‍സിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

 

 

 

 

Related Articles

Back to top button