KeralaLatest

ഗുരുവിന്റെ ജീവിതവും കര്‍മ്മവും പാഠമാക്കണം ; സ്വാമി നവകൃപ ജ്ഞാനതപസ്വി

“Manju”

പോത്തന്‍കോട് : സന്ന്യാസിമാർ സത്യസന്ധതയുള്ളവരും, സ്നേഹമുള്ളവരുമായി മാറണം. അത് ഗുരുവിന്റെ ജിവിതവും കര്‍മ്മത്തിലെ വഴിയും പാഠമാക്കിക്കൊണ്ടാകണം. ജീവിതപന്ഥാവിലുടനീളം ഗുരുസഹിച്ച ത്യാഗവും കഷ്ടപ്പാടും കണ്ടറിഞ്ഞ് പഠിക്കുമ്പോള്‍ നമ്മുടെ വഴിയില്‍ നാം നേരിടുന്ന പ്രതിസന്ധികളൊന്നുമല്ലെന്ന് മനസ്സിലാകും. അത് നമുക്ക് നല്‍കുന്ന ഊര്‍ജ്ജം വളരെ വലുതാണ്. ശാന്തിഗിരി ആശ്രമത്തില്‍ 38-ാംമത് സന്ന്യാസദീക്ഷാ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറൻസ് ഹാളില്‍ തിങ്കളാഴ്ച (3-10-2022)നടന്ന ഗുരുവുമായുള്ള അനുഭവം പങ്കുവെയ്ക്കലില്‍ സന്ന്യാസ സഭാംഗങ്ങളോട് സംസാരിക്കുകയായിരുന്നു സ്വാമി.

നമ്മുടെ ജീവിതമാകണം മറ്റുള്ളവര്‍ക്കുള്ള സന്ദേശം. നമ്മെ കാണുന്നവര്‍ നമ്മെ മാതൃകയാക്കത്തക്ക രീതിയില്‍ നമ്മുടെ ജീവിതത്തെ പരുവപ്പെടുത്തണം. സ്വാർത്ഥതാത്പര്യങ്ങൾ പരമാവധി ഒഴിവാക്കണം എന്നതാണ്

ആത്മീയജീവിതത്തിന്റെ ഒരു നന്മ. അതിന് എത്രത്തോളം പരിശ്രമിക്കാൻ കഴിയുമോ അതിനുവേണ്ടി പരിശ്രമിക്കുക. നമ്മുടെയെല്ലാം ജീവിതത്തിൽ വ്യക്തിപരമായ കുറവുകൾ ഉണ്ട്, ആ കുറവുകളെ അറിഞ്ഞുകൊണ്ടുതന്നെയാണ് ഗുരു നമ്മെ ഇവിടെ നിര്‍ത്തിയിരിക്കുന്നത്. അത് മാറുവാനുള്ളതാണ് നാം അനുഷ്ഠിക്കുന്ന കര്‍മ്മങ്ങള്‍. ആ കര്‍മ്മത്തിന്റെ ഫലം നമ്മുടെ കുടുംബത്തില്‍ പ്രതിഫലിക്കുന്നു. നമ്മിലെ അഴുക്കുകളും കുറവുകളും മാഞ്ഞ് നാം ശുദ്ധീകരിച്ചെടുക്കപ്പെട്ട രത്നങ്ങളായി മാറുമ്പോഴാണ് നാം ഗുരുവിന്റെ മക്കളായി തീരുന്നത്. വ്യക്തിപരമായ കാര്യസാധ്യത്തിനായിരിക്കരുത് നമ്മുടെ സന്ന്യാസം അത് സമൂഹത്തിന്റെയാകമാനം സന്തോഷത്തിനും ഐക്യത്തിനും സമാധാനത്തിനും വേണ്ടിയുള്ളതാകുമ്പോഴാണ് സന്ന്യാസ ജീവിതം സാര്‍ത്ഥകമാകുന്നതെന്നും സ്വാമി പറഞ്ഞു. നവജ്യോതി ശ്രീകരുണാകരഗുരു ആദിസങ്കല്പലയനത്തിനു ശേഷം 2002 ജനുവരി 30 നാണ് സ്വാമി നവകൃപ ജ്ഞാനതപസ്വി സന്ന്യാസ ദീക്ഷ സ്വീകരിച്ചത്. ശാന്തിഗിരി ആശ്രമത്തില്‍ പ്ലാനിംഗ് & ഡെവലപ്മെന്റ്, അഗ്രിക്കള്‍ച്ചര്‍, ഓപ്പറേഷൻസ് ഡിപ്പാര്‍ട്ട്മെന്റുകളുടെ ചുമതല വഹിക്കുന്നു.

Related Articles

Back to top button