KeralaLatest

നഗരത്തിലെ സ്വകാര്യ തിയേറ്ററുകള്‍ അടച്ചു

“Manju”

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന് പിന്നാലെയുണ്ടായ സാമ്പത്തിക നഷ്ടം കാരണം നഗരത്തിലെ സ്വകാര്യ തിയേറ്റുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതില്ലെന്ന് ഉടമകള്‍ തീരുമാനിച്ചു. അതേസമയം വിതരണക്കാര്‍ സിനിമ നല്‍കുന്നിടത്തോളം തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കെ.എസ്.എഫ്.ഡി.സി അധികൃതര്‍ അറിയിച്ചു. നിലവില്‍ ന്യൂണ്‍ഷോ, മാറ്റിനി ഷോ എന്നിവ മാത്രമേ പ്രദ‌ര്‍ശിപ്പിക്കാനാകൂ. നഗരത്തിലെ പ്രമുഖ തിയേറ്ററുകളെല്ലാം ഇന്നലെയും ഇന്നുമായി പ്രദര്‍ശനം അവസാനിപ്പിച്ചു. നഗരപരിധിക്ക് പുറത്തുള്ളവയില്‍ മിക്കതും വരും ദിവസങ്ങളില്‍ അടച്ചിടുമെന്നാണ് വിവരം.

കൊവിഡ് നിയന്ത്രണ വിധേയമായതിന് ശേഷമേ വീണ്ടും തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാകൂവെന്ന് ഉടമകള്‍ അറിയിച്ചു. രണ്ടാം തരംഗം വ്യാപകമായതോടെ വളരെക്കുറച്ചുപേര്‍ മാത്രമേ ഓരോ ഷോയ്‌ക്കും എത്തിയിരുന്നുള്ളൂ. സൂപ്പര്‍ താര ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്താതിരുന്നതും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കി. റംസാന്‍ നോമ്പ് തുടങ്ങിയതും ആള്‍ക്കാരുടെ എണ്ണം കുറയാന്‍ ഇടയായി. 10 മാസത്തെ ഇടവേളയ്ക്ക് ശേഷം ജനുവരി 13നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനം പുനരാരംഭിച്ചത്. അപ്പോഴും 50 ശതമാനം ആള്‍ക്കാര്‍ക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. സെക്കന്റ് ഷോ നടത്താന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് ഇടിത്തീപോലെ കൊവിഡിന്റെ രണ്ടാംതരംഗമെത്തിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ തുറക്കണോ അടച്ചിടണോ എന്ന് ഉടമകള്‍ക്ക് തീരുമാനിക്കാമെന്ന് സംയുക്ത സംഘടനയായ ഫിയോക് നേരത്തെ അറിയിച്ചിരുന്നു.

മരയ്‌ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ ചിത്രം മേയ് 13നാണ് റിലീസ് ചെയ്യാനിരുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ റിലീസ് നീട്ടി വയ്‌ക്കേണ്ടിവരുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നേരത്തെ പറഞ്ഞിരുന്നു. നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ ഫഹദ് ഫാസില്‍ ചിത്രം മാലിക്കിന്റെ റിലീസും മാറ്റുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് പറഞ്ഞു. നിലവില്‍ മേയ് 13ന് തന്നെയാണ് മാലിക്കും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.

Related Articles

Back to top button