InternationalLatest

മികച്ച അറബ് വിനോദ സഞ്ചാര കേന്ദ്രമായി സലാല

“Manju”

മസ്കത്ത്: ഈ വര്‍ഷത്തെ മികച്ച അറബ് വിനോദ സഞ്ചാര കേന്ദ്രമായി സലാലയെ തെരഞ്ഞെടുത്തു. ഖരീഫിനോടനുബനധിച്ച്‌ അറബ് ടൂറിസം മീഡിയ സെന്‍റര്‍ സലാലയില്‍ സംഘടിപ്പിച്ച രണ്ടാമത് അറബ് ടൂറിസം ആന്‍ഡ് ഹെറിറ്റേജ് ഫോറമാണ് പ്രഖ്യാപനം നടത്തിയത്.
ഫോറത്തില്‍ പങ്കെടുക്കുന്ന ടൂറിസം മേഖലയിലെ വിദഗ്ധരും മറ്റുമാണ് 2022ലെ അറബ് ലോകത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി ഖരീഫ് സലാലയെ തെരഞ്ഞെടുത്തതെന്ന് അറബ് സെന്റര്‍ ഫോര്‍ ടൂറിസം മീഡിയ മേധാവിയും ഫോറം തലവനുമായ ഡോ. സുല്‍ത്താന്‍ അല്‍ യഹ്യായ് പറഞ്ഞു.
ഖരീഫിന്‍റെ തുടര്‍ച്ചയായി നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളിലൂടെ ഗവര്‍ണറേറ്റിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കാനും അധികൃതര്‍ ലക്ഷ്യമിടുന്നുണ്ട്. ഗവര്‍ണറേറ്റില്‍ ഈ വര്‍ഷം മുഴുവനും ടൂറിസമായി നിലനിര്‍ത്തി കൊണ്ടുപോകാനാണ് ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസങ്ങളിലായി നടന്ന ഫോറത്തില്‍ അറബ് ലോകത്തെ വിനോദസഞ്ചാര മേഖലയിലെ വിദഗ്ധര്‍, ഗള്‍ഫ്, അറബ് രാജ്യങ്ങളില്‍നിന്നുള്ള നൂറിലധികം മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് പങ്കെടുത്തത്. അതേസമയം, ഖരീഫ് സീസണ്‍ തുടങ്ങിയതോടെ ജി.സി.സി രാജ്യങ്ങളില്‍നിന്നടക്കം നിരവധി സഞ്ചാരികളാണ് ദോഫാറിലേക്ക് എത്തികൊണ്ടിരിക്കുന്നത്.
വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രത്യേക വിമാന സര്‍വിസും നടത്തുന്നുണ്ട്. പെരുന്നാള്‍ അവധി ദിവസങ്ങളില്‍ നല്ല തിരക്കാണ് സലാലയിലും മറ്റും അനുഭവപ്പെട്ടത്. ദോഫാറിലെ വിവിധ പ്രദേശങ്ങളില്‍ ദിവസങ്ങള്‍ക്ക് മുമ്ബുതന്നെ മഴ ലഭിച്ചതോടെ അരുവികള്‍ രൂപപ്പെടുകയും പ്രകൃതി പച്ചപ്പണിയുകയും ചെയ്തു. ഇതര ഗള്‍ഫ് നാടുകള്‍ വേനല്‍ ചൂടില്‍ വെന്തുരുകുമ്ബോഴാണ് പ്രകൃതി കനിഞ്ഞ് നല്‍കിയ ഈ അനുഹ്രഹം ആസ്വദിക്കാനായി സ്വദേശത്തു നിന്നും വിദേശത്ത് നിന്നുമായി സഞ്ചാരികള്‍ എത്തുന്നത്. ഇത്തവണ മികച്ച മുന്നൊരുക്കങ്ങളാണ് സഞ്ചാരികള്‍ക്കായി അധികൃതര്‍ ഒരുക്കിയിട്ടുള്ളത്.
പ്രകൃതിയെയും സാഹസിക വിനോദസഞ്ചാരത്തെയും ഷോപ്പിങ്ങിനെയും അനുഭവവേദ്യമാക്കാന്‍ കഴിയുന്നതരത്തില്‍ വിവിധങ്ങളായ പദ്ധതികളാണ് ഒരുക്കിയിട്ടുള്ളത്. ഗവര്‍ണറേറ്റിലെ വ്യത്യസ്ത സ്ഥലങ്ങളിലാണ് ഫെസ്റ്റിവലിനോടനുബന്ധിച്ച്‌ സാംസ്കാരിക, വിനോദപരിപാടികള്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സന്ദര്‍ശകരുടെ വലിയ തിരക്കിന് സാക്ഷ്യംവഹിച്ച ടൂറിസ്റ്റ് സൈറ്റുകളായ ഇത്തീന്‍ സ്‌ക്വയര്‍, ഔഖാദ് പബ്ലിക് പാര്‍ക്ക്, അല്‍ ഹഫയിലെ ഹെറിറ്റേജ് വില്ലേജ്, സലാല പബ്ലിക് ഗാര്‍ഡന്‍, ഷാത്ത്, മുഗ്‌സൈല്‍, താഖാ പബ്ലിക് ഗാര്‍ഡന്‍, വാദി ദര്‍ബാത്ത്, സലാല സെലിബ്രേഷന്‍ സ്‌ക്വയര്‍, മിര്‍ബത്ത് പബ്ലിക് ഗാര്‍ഡന്‍ എന്നിവയാണ് പ്രധാന വേദികള്‍.

Related Articles

Back to top button