InternationalLatest

ബലൂണിൽ പറക്കാം ബഹിരാകാശത്തേയ്ക്ക്

“Manju”

ഭൂമിയും ആകാശവും ബഹിരാകാശവും കണ്ട് മണിക്കൂറുകള്‍ ആകാശത്ത് പറന്നു നടക്കാനുള്ള സുവര്‍ണാവസരമാണ് ജാപ്പനീസ് സ്റ്റാര്‍ട്ട് അപ്പ് മുന്നോട്ടുവെക്കുന്നത്. ഭൂമിയില്‍ നിന്നും ഏതാണ്ട് 25 കിലോമീറ്റര്‍ വരെ ഉയരത്തില്‍ ചെന്ന് നിങ്ങള്‍ക്ക് ഭൂമിയും ബഹിരാകാശവും അതിരിടുന്ന ആകാശം ആസ്വദിക്കാനാവും. ജപ്പാനിലെ ഹോകെയ്‌ഡോയില്‍ നിന്നുള്ള ഇവായയാണ് അപൂര്‍ യാത്രക്കായി സഞ്ചാരികളെ ക്ഷണിക്കുന്നത്.

മനുഷ്യനേയും വഹിച്ചുകൊണ്ട് ആറു കിലോമീറ്റര്‍ ഉയരത്തില്‍ വരെ പരീക്ഷണ ബലൂണ്‍ പറക്കല്‍ ഇവര്‍ നടത്തി കഴിഞ്ഞു. ജൂലൈയില്‍ നടന്ന പരീക്ഷണ പറക്കലില്‍ 19,700 അടി (ആറു കി.മീ) ഉയരത്തിലാണ് ബലൂണ്‍ പോയത്. ഈ വര്‍ഷം അവസാനത്തോടെ 25 കിലോമീറ്റര്‍ എന്ന സ്വപ്‌നദൂരം ബലൂണിന് താണ്ടാനാവുമെന്നാണ് ഇവായയുടെ പ്രതീക്ഷ.

ഒരു ടിക്കറ്റിന് 1.64 ലക്ഷം ഡോളര്‍(ഏകദേശം 1.36 കോടി രൂപ) ചെറുതല്ലാത്ത തുകയാണ് ഇവായ ഈടാക്കുന്നത്. ആദ്യ പരീക്ഷണ പറക്കലില്‍ ഇവായയിലെ ജീവനക്കാരന്‍ കൂടിയായ 35കാരനായ അകിഹിതോ ഒയ്കാവയാണ് യാത്രികനായത്. ബലൂണിന് താഴെ തൂക്കിയിട്ടിരുന്ന 1.1 മീറ്റര്‍ വീതിയും 1.5 മീറ്റര്‍ ഉയരവുമുള്ള ഒരാള്‍ക്കിരിക്കാവുന്ന കാബിനിലാണ് ഇയാള്‍ ഇരുന്നത്. ഏകദേശം 6,072 മീറ്റര്‍ വരെ ഉയരത്തില്‍ ബലൂണ്‍ ഉയര്‍ന്നു. ഇതിനു ശേഷം ബലൂണിലെ വാതകം പുറത്തേക്കു കളഞ്ഞുകൊണ്ട് ഭൂമിയിലേക്കു തിരിച്ചിറങ്ങുകയായിരുന്നു. ഏതാണ്ട് രണ്ടു മണിക്കൂറിനു ശേഷം പുറപ്പെട്ട സ്ഥലത്തു നിന്നും 26 കിലോമീറ്റര്‍ അകലെയാണ് ബലൂണ്‍ ഇറങ്ങിയത്.

ആദ്യമായാണ് ഇവായ ആറ് കിലോമീറ്റര്‍ ഉയരത്തില്‍ മനുഷ്യരേയും വഹിച്ചു കൊണ്ട് ബലൂണ്‍ പറത്തുന്നത്. ഏതാണ്ട് 25 മീറ്റര്‍ വലിപ്പമുള്ള ബലൂണിനു താഴെയാണ് മനുഷ്യരെ കൊണ്ടുപോകാനുള്ള കാബിനുള്ളത്. ഏതാണ്ട് നാലു കിലോമീറ്ററിനേക്കാളും ഉയരത്തിലേക്കെത്തുമ്പോള്‍ മര്‍ദത്തിലും ഓക്‌സിജന്റെ ലഭ്യതയിലും അന്തരീക്ഷ ഊഷ്മാവിലുമെല്ലാം വലിയ വ്യത്യാസങ്ങള്‍ വരും. പ്രത്യേകമായി നിര്‍മിച്ച കാബിന്റെ ഉള്ളിലേക്ക് മര്‍ദ-താപ വ്യത്യാസങ്ങള്‍ കടക്കുകയില്ല. മാത്രമല്ല യാത്രികര്‍ക്കു വേണ്ട ഓക്‌സിജന്റെ ലഭ്യതയും അന്തരീക്ഷത്തിലെ ഈര്‍പ്പവുമെല്ലാം ഉറപ്പു വരുത്തും.

37കാരനായ കെയ്‌സുകെ ഇവായയാണ് 2016 ഏപ്രിലില്‍ ഇവായ സ്ഥാപിക്കുന്നത്. ഹൊകെയ്‌ഡോ സര്‍വകലാശാലയില്‍ നിന്നും എയറോസ്‌പേസ് എന്‍ജിനീയറിങ് പഠിച്ചയാളാണ് കെയ്‌സുകെ. 35ലേറെ പേര്‍ ഇന്ന് ഇവായയില്‍ ജോലിയെടുക്കുന്നുണ്ട്. പൂര്‍ണമായും ബഹിരാകാശത്തെത്തിയെന്ന് കണക്കാക്കുക ഭൂമിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ എത്തിയാലാണ്. എന്നാല്‍ 25 കിലോമീറ്റര്‍ അകലെ എത്തിയാല്‍ തന്നെ നീല ഗ്രഹമായ ഭൂമിയെ ദൂരെ നിന്നും നോക്കുന്ന പ്രതീതി ഉണ്ടാവും.

ബലൂണില്‍ ബഹിരാകാശം കാണാനുള്ള പദ്ധതിയുടെ ടിക്കറ്റുകള്‍ വില്‍ക്കാനൊരുങ്ങുകയാണ് ഇവായ. സഞ്ചാരികളുമായി ആദ്യത്തെ ബലൂണ്‍ യാത്ര 2024 മാര്‍ച്ചില്‍ നടത്താനാണ് ഇവായയുടെ പദ്ധതി. ഏകദേശം നാലു മണിക്കൂര്‍ നീളുന്ന യാത്രക്ക് 24 ദശലക്ഷം യെന്‍(ഏകദേശം 1.36 കോടി രൂപ) ആണ് ഇവര്‍ ഈടാക്കുന്നത്. തെരഞ്ഞെടുക്കുന്ന അപേക്ഷകരുടെ പട്ടിക ഒക്ടോബറില്‍ പുറത്തുവിടാനും നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി ഇവര്‍ക്കു വേണ്ട പരിശീലനം നല്‍കാനുമാണ് പദ്ധതി.

Related Articles

Back to top button