IndiaLatest

ട്രെയിന്‍ ടിക്കറ്റ് ട്രാന്‍സ്ഫര്‍ ചെയ്യാം

“Manju”

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രയ്ക്ക് തയാറായാലും പലവിധ കാരണങ്ങള്‍കൊണ്ട് നമുക്ക് യാത്രകള്‍ മാറ്റിവെയ്ക്കേണ്ടതായി വരാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ നഷ്ടം സഹിച്ച്‌ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുകയാണ് പതിവ്. എന്നാല്‍ ബുക്ക് ചെയ്ത ടിക്കറ്റില്‍ മറ്റൊരാള്‍ക്ക് യാത്രചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വെ.

അതായത് ഏതെങ്കിലും കാരണത്താല്‍ ടിക്കറ്റ്ബുക്ക് ചെയ്ത വ്യക്തിക്ക് യാത്ര ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ മറ്റൊരാള്‍ക്ക് ആ ടിക്കറ്റില്‍ യാത്ര ചെയ്യാം. ടിക്കറ്റ് മറ്റൊരാള്‍ക്ക് കൈമാറാവുന്ന രീതി പലര്‍ക്കും ഉപകാരപ്രദമാകും. ഇതുവഴി ടിക്കറ്റ് റദ്ദാക്കുമ്പോഴുള്ള പിഴ ഒഴിവാക്കാനും പണം ലാഭിക്കാനും സാധിക്കും. ഒരു യാത്രക്കാരന് തന്റെ കയ്യിലുള്ള കണ്‍ഫേം ടിക്കറ്റ് പിതാവ്, അമ്മ, സഹോദരന്‍, സഹോദരി, മകന്‍, മകള്‍, ഭര്‍ത്താവ്, ഭാര്യ എന്നിങ്ങനെ കുടുംബത്തിലെ മറ്റേതെങ്കിലും അംഗത്തിന്റെ പേരിലേക്ക് മാറ്റാം.

ഇതിനായി ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് യാത്രക്കാരന്‍ അപേക്ഷ നല്‍കണം. ഇതിനുശേഷം, ടിക്കറ്റില്‍ യാത്രക്കാരന്റെ പേര് മാറ്റി, ടിക്കറ്റ് ട്രാന്‍സ്ഫര്‍ ചെയ്യുന്ന അംഗത്തിന്റെ പേര് ചേര്‍ക്കേണ്ടതുണ്ട്. ടിക്കറ്റ് കൈമാറാന്‍ സാധിക്കുന്നത് കുടുംബാംഗത്തിന് മാത്രമാണ് എന്നത് ഓര്‍മവേണം.

ആദ്യം ടിക്കറ്റിന്റെ പ്രിന്റ് ഔട്ട് എടുത്ത് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്റെ റിസര്‍വേഷന്‍ കൗണ്ടര്‍ സന്ദര്‍ശിക്കുക. ടിക്കറ്റ് കൈമാറാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ ആധാര്‍ അല്ലെങ്കില്‍ വോട്ടിംഗ് ഐഡി കാര്‍ഡ് പോലുള്ള ഐഡി പ്രൂഫ് കൈവശം വയ്ക്കണം.. ഇവ ചേര്‍ത്ത് റിസര്‍വേഷന്‍ കൗണ്ടറില്‍ ടിക്കറ്റ് കൈമാറ്റത്തിനായി അപേക്ഷിച്ചാല്‍ മതിയാകും.

 

Related Articles

Back to top button