Kerala

നിയമസഭ കയ്യാങ്കളി കേസ് : സർക്കാർ സുപ്രീം കോടതിയിൽ

“Manju”

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ളവർക്ക് എതിരായ നിയമസഭ കയ്യാങ്കളിക്കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കണമെന്ന് ഹർജിയിൽ പറയുന്നു. ബാഹ്യ ഇടപെടലുകൾ ഇല്ലാതെ തന്നെയാണ് കേസ് പിൻവലിക്കാൻ പബ്ലിക്ക് പ്രോസിക്യൂട്ടർ തിരുമാനിച്ചതെന്നും സർക്കാർ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

സ്പീക്കറുടെ അനുമതി ഇല്ലാതെയാണ് നിയമസഭ സെക്രട്ടറി കേസ് നൽകിയത്. അതുകൊണ്ട് തന്നെ ഇത് നിലനിൽക്കില്ല. ക്രിമിനൽ നടപടി ചട്ടത്തിലെ 321ാം വകുപ്പ് പ്രകാരം കേസ് പിൻവലിക്കാനുള്ള തീരുമാനം എടുക്കേണ്ടത് പബ്ലിക് പ്രോസിക്യൂട്ടർ ആണ്. കേസ് പിൻവലിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ എടുത്ത തീരുമാനത്തിൽ ഇടപെടാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഹർജിയിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുൻപ് തന്റെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല സുപ്രീം കോടതിയിൽ തടസ ഹർജിയും നൽകിയിട്ടുണ്ട്. നിയമസഭയുടെ അന്തസ് കെടുത്തുന്നതായിരുന്നു നേതാക്കളുടെ നടപടി അതിനാൽ തന്നെ കേസ് പിൻവലിക്കരുതെന്നാണ് ചെന്നിത്തലയുടെ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

2015 മാർച്ച് പതിമൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് ധനമന്ത്രിയായിരുന്ന കെഎം മാണി ബജറ്റ് അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു.സ്പീക്കറുടെ കസേരയടക്കം മറിച്ചിട്ട് നടത്തിയ പ്രതിഷേധത്തിൽ രണ്ടര ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് കേസ്. നിയമസഭ സെക്രട്ടറിയുടെ പരാതിയിൽ ഇപി ജയരാജൻ, കെടി ജലീൽ, കെഅജിത്, കെ കുഞ്ഞുമുഹമ്മദ്, സികെ സദാശിവൻ, വിശിവൻകുട്ടി എന്നീ ആറ് എംഎൽഎമാർക്കെതിരെയായിരുന്നു പൊതുമുതൽ നശീകരണ നിയമപ്രകാരം കേസെടുത്തത്.

Related Articles

Back to top button