KeralaLatest

ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ സംസ്‌കാരം ഇന്ന്

“Manju”

തിരുവല്ല ; മലങ്കര മാര്‍ത്തോമ്മാ സഭാ വലിയ മെത്രാപ്പോലീത്ത ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നുമണിക്ക് നടക്കും. തിരുവല്ലയിലെ സഭ ആസ്ഥാനത്ത് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. കൊവിഡ് നിയന്ത്രണം കാരണം നഗരം ചുറ്റല്‍ അടക്കമുള്ള ചടങ്ങുകള്‍ ഉണ്ടാവില്ല.

മാര്‍ത്തോമ്മാ സഭ പരമാധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ഇന്ന് അന്തിമോപചാരമര്‍പ്പിക്കും. സംസ്‌കാര ചടങ്ങുകള്‍ വിശ്വാസികള്‍ വീട്ടിലിരുന്ന് കാണണമെന്നാണ് സഭാ നേതൃത്വത്തിന്റെ നിര്‍ദ്ദേശം.

ലോകത്തെ തന്നെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലീത്തയായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. ഏപ്രില്‍ 27നാണ് അദ്ദേഹത്തിന് 104 വയസ് തികഞ്ഞത്. സ്വത സിദ്ധമായ നര്‍മ്മത്തിലൂടെ തലമുറകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആത്മീയാചാര്യനെ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മേല്‍പ്പട്ട സ്ഥാനം അലങ്കരിച്ചെന്ന പ്രത്യേകതയും ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തക്ക് സ്വന്തമാണ്.
1999 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത സ്ഥാനത്ത് മാര്‍ ക്രിസോസ്റ്റം ഉണ്ടായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് 2007-ല്‍ സ്ഥാനത്യാഗം ചെയ്ത ശേഷം ആണ് മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത എന്നറിയപ്പെട്ടു തുടങ്ങിയത്.

Related Articles

Back to top button