IndiaKeralaLatest

കോവിഡ് ബാധിച്ച് മരണമടഞ്ഞവരിൽ ഒരു പ്രോട്ടീനിന്റെ സാന്നിധ്യം:ഹാർവഡ് പഠനം !

“Manju”

യു.എസ്. : എന്തുകൊണ്ടാണ് കോവിഡ് ബാധിച്ച് ചില ആളുകൾ മരിക്കുന്നത്? അതേ ഗുരുതരാവസ്ഥ അഥവാ തീവ്രത ഉണ്ടായിട്ടും ചിലർ രക്ഷപ്പടുന്നതെന്തു കൊണ്ട്? ഹാർവഡ് ഗവേഷകർ ഇതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുന്നു.
ഗുരുതരമായ കോവിഡ് ബാധിച്ച് മരണമടഞ്ഞവരിൽ ഒരു പ്രോട്ടീൻ സിഗ്നേച്ചർ തിരിച്ചറിഞ്ഞു. മസാച്ചുസെറ്റ്സ് ജനറൽ ഹോസ്‌പിറ്റലിലെ ഹാർവഡ് മെഡിക്കൽ സ്‌കൂൾ ഗവേഷകരാണ് പഠനം നടത്തിയത്. മാർഷ്യ ഗോൾഡ് ബർഗ്, മൈക്കൽ ഫിൽബെൻ, നിൽ ഹാക്കൊഹൻ എന്നിവരടങ്ങിയ സംഘമാണ് പഠനം നടത്തിയത്.
കോവിഡ് 19 നു കാരണമാകുന്ന സാർസ് കോവ് 2 നോട് മനുഷ്യരിലെ രോഗപ്രതിരോധ സംവിധാനം എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന് മനസ്സിലാക്കുകയായിരുന്നു മൂവർ സംഘത്തിന്റെ ലക്ഷ്യം.
പഠനത്തിനായി, ഒരു കോശത്തിന്റെ, ഒരു കലയുടെ അല്ലെങ്കിൽ ഒരു ജീവിയുടെ പൂർണമായ പ്രോട്ടീൻ ഘടന വിശകലനം ചെയ്യുന്ന പ്രോട്ടിയോമിക്‌സ് (proteomics ) എന്ന രീതി ഉപയോഗിച്ചു. ശ്വസന പ്രശ്നങ്ങളുമായി വന്ന കോവിഡ് രോഗികളുടെ രക്ത സാമ്പിളുകൾ പ്രോട്ടിയോമിക് അനാലിസിസിനായി എടുത്തു.
വിവിധ വകുപ്പുകളിലെ ഒരു വലിയ ടീം തന്നെ ഈ സ്പെസിമെൻ ശേഖരിക്കാൻ ആവശ്യമായി വന്നു. കോവിഡ് പോസിറ്റീവായ 306 രോഗികളുടെയും അതേ ലക്ഷണങ്ങളുള്ള, എന്നാൽ കോവിഡ് നെഗറ്റീവ് ആയ 78 പേരുടെയും രക്ത സാമ്പിളുകൾ എടുത്തു.
ഗുരുതരമായതോ അല്ലാത്തതോ ആയ കോവിഡ് ബാധിച്ച മിക്ക രോഗികളിലും ഒരേ തരത്തിലുള്ള പ്രോട്ടീൻ സിഗ്നേച്ചർ ആണെന്നു കണ്ടു.
വൈറസിനെ ആക്രമിക്കുന്ന പ്രോട്ടീനുകളെ ഉൽപ്പാദിപ്പിച്ച് ഒരു പ്രതിരോധ പ്രതികരണം ശരീരത്തിൽ സംഭവിക്കുന്നുണ്ട്. എന്നാൽ ചെറിയ വിഭാഗം രോഗികളിൽ പ്രോ ഇൻഫ്ളമേറ്ററി റെസ്പോൺസ് ഉണ്ടാകുന്നില്ലെന്നും പഠനത്തിൽ പറയുന്നു. ദുർബലമായ പ്രതിരോധ സംവിധാനമുള്ള, ഗുരുതര രോഗങ്ങളുള്ള പ്രായം കൂടിയ ആളുകളിലാണ് ഇങ്ങനെ കണ്ടത്.
ഗുരുതര രോഗം ബാധിച്ച് ഹോസ്‌പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട് 28 ദിവസത്തിനകം മരണമടഞ്ഞ ആളുകളുടെയും അത്ര ഗുരുതരമല്ലാത്ത കോവിഡ് ബാധിച്ച രോഗികളുടെയും പ്രോട്ടീൻ സിഗ്നേച്ചർ താരതമ്യപ്പെടുത്തുക ആയിരുന്നു അടുത്ത പടി.
ഗുരുതരാവസ്ഥയുമായി ബന്ധപ്പെട്ട് 250 ഓളം പ്രോട്ടീനുകളെ ഗവേഷകർ തിരിച്ചറിഞ്ഞു. മൂന്നു തവണയാണ് രക്ത സാമ്പിളുകൾ രോഗികളിൽ നിന്ന് ശേഖരിച്ചത്. പ്രവേശിക്കപ്പെട്ട ദിവസം, മൂന്നു ദിവസം കഴിഞ്ഞ്, ഏഴു ദിവസം കഴിഞ്ഞ് ഇങ്ങനെ മൂന്ന് തവണ. രോഗത്തിന്റെ സഞ്ചാരപഥം പരിശോധിക്കാൻ ഇതു മൂലം കഴിഞ്ഞു.
കോവിഡ് ബാധിച്ച് മരണമടഞ്ഞവരിൽ ഒരു പ്രോ ഇൻഫ്ളമേറ്ററി പ്രോട്ടീൻ ആയ ഇന്റർല്യൂകിൻ -6 അഥവാ ഐഎൽ -6 ന്റെ അളവ് കുത്തനെ കൂടിയതായി കണ്ടു. എന്നാൽ ഗുരുതരമായി രോഗം ബാധിച്ചെങ്കിലും മരണത്തിൽ നിന്നും രക്ഷപ്പെട്ടവരിൽ ഈ പ്രോട്ടീന്റെ അളവ് ഉയർന്ന ശേഷം താഴ്ന്നുവെന്നും സെൽ റിപ്പോർട്സ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഈ ഹാർവഡ് പഠനം പറയുന്നു.

Related Articles

Back to top button