KeralaLatest

കോവിഡ് നിയന്ത്രണങ്ങള്‍; ഡ്രൈവിംഗ് ലൈസന്‍സിനായി കാത്തിരിപ്പ് നീളുന്നു

“Manju”

തിരുവനന്തപുരം: കോവിഡിന്റെ ഒന്നാം തരംഗവും രണ്ടാം തരംഗവും ഏറ്റവുമധികം ബാധിച്ചത് ഡ്രൈവിംഗ് സ്‌കൂളുകളെയും അപേക്ഷകരെയുമാണ്. രണ്ടാമതൊരു ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ ലൈസന്‍സിനായുള്ള അപേക്ഷകരുടെ കാത്തിരിപ്പ് വീണ്ടും നീളുകയാണ്. ലേണേഴ്‌സ് പരീക്ഷ പാസായി ലൈസന്‍സിന് അപേക്ഷിച്ചവരും ഇക്കൂട്ടത്തിലുണ്ട്.

ഒന്നാം തരംഗവും ലോക്ക് ഡൗണും കാരണം വൈകിയ ടെസ്റ്റുകള്‍ വീണ്ടും ക്ലച്ച്‌ പിടിച്ച്‌ തുടങ്ങിയിരുന്നു. ഇതിനിടെയാണ് വീണ്ടും കോവിഡ് വ്യാപിച്ചത്. കോവിഡ് കാലത്ത് സ്വകാര്യ വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ അപേക്ഷകരുടെ എണ്ണവും വര്‍ധിച്ചിരുന്നു. ആഴ്ചയില്‍ 5 ദിവസം മാത്രം ടെസ്റ്റ് നടത്തിക്കൊണ്ടാണ് തിരക്ക് നിയന്ത്രിച്ചത്. പ്രതിദിനം 90 പേര്‍ക്കാണ് ടെസ്റ്റ് നടത്തിയിരുന്നത്. എന്നാല്‍ കോവിഡ് രണ്ടാം തരംഗമെത്തിയതോടെ ഇതും നിര്‍ത്തിവെച്ചിരിക്കുകയാണ്.

ആറ് മാസത്തോളം ടെസ്റ്റ് നടത്താന്‍ കഴിയാഞ്ഞതിനാല്‍ പലരുടെയും ലേണേഴ്‌സിന്റെ കാലാവധി പോലും അവസാനിക്കുന്ന സാഹചര്യമുണ്ടായി. ഇവര്‍ വീണ്ടും രേഖകള്‍ ഹാജരാക്കി ലേണേഴ്‌സ് പുതുക്കിയ ശേഷം ടെസ്റ്റിനായി കാത്തിരിക്കുകയാണ്. ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കണമെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശം വരണമെന്ന് പാലക്കാട് ആര്‍.ടി.ഒ. പി. ശിവകുമാര്‍ പറഞ്ഞു. കോവിഡ് സാഹചര്യങ്ങള്‍ മാറിയാല്‍ 31ന് ശേഷം ടെസ്റ്റുകള്‍ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Back to top button