KeralaLatest

ഇ-പാസ് അപേക്ഷ അംഗീകരിച്ചാല്‍ ‍ ഫോണില്‍ എസ്‌എംഎസ് ലഭിക്കും

“Manju”

തിരുവനന്തപുരം: ഇ-പാസ് അപേക്ഷ അംഗീകരിച്ചാല്‍ ഇനി മുതല്‍ ഫോണില്‍ എസ്‌എംഎസും ലഭിക്കും. കേരളാ പോലീസ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ് ഓണ്‍ലൈനില്‍ ലഭിക്കുവാന്‍ യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്റെ നമ്പര്‍, സഹയാത്രികന്റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പര്‍, ഐഡന്റിറ്റി കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ നല്‍കി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അനുമതി ലഭിച്ചതായ യാത്ര പാസ് ഡൗണ്‍ലോഡ് ചെയ്‌തോ, സ്‌ക്രീന്‍ ഷോട്ട് എടുത്തോ ഉപയോഗിക്കാവുന്നതാണെന്നും പോലീസ് അറിയിച്ചു.

അത്യാവശ്യ യാത്രകള്‍ക്ക് മാത്രമാണ് പോലീസ് നിലവില്‍ പാസ് അനുവദിക്കുന്നത്. തൊട്ടടുത്ത കടയില്‍ നിന്നു മരുന്ന്, ഭക്ഷണം, പാല്‍, പച്ചക്കറികള്‍ എന്നിവ വാങ്ങാന്‍ പോകുന്നവര്‍ പാസിന് അപേക്ഷിക്കേണ്ടതില്ല സത്യവാങ്മൂലം കയ്യില്‍ കരുതിയാല്‍ മതി. അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനു പുറത്തിറങ്ങാമെന്നാണെങ്കിലും അതു ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

ആശുപത്രി യാത്രകള്‍ക്കും പാസ് നിര്‍ബന്ധമല്ല. എന്നാല്‍ മെഡിക്കല്‍ രേഖകളും സത്യവാങ്മൂലവും കയ്യില്‍ കരുതണം. ഒരു വാഹനത്തില്‍ പരമാവധി 3 പേര്‍ക്കു വരെ യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. അവശ്യ സര്‍വീസ് വിഭാഗത്തിലുള്ളവര്‍ക്ക് അതാത് സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ പാസ് വേണ്ട.

Related Articles

Back to top button