KeralaLatest

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ

“Manju”

തിരുവനന്തപുരം: ആഗോളതലത്തില്‍ ഡെങ്കിപ്പനി ഒരു പ്രധാന പൊതുജനാരോഗ്യപ്രശ്‌നമായി മാറിയിരിക്കുന്നതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്. വര്‍ഷം തോറും ഏതാണ്ട് അഞ്ചുകോടിയോളം ആളുകള്‍ക്ക് ഡെങ്കിപ്പനി പിടിപെടുന്നതായാണ് ലോകാരോഗ്യസംഘടന കണക്കാക്കുന്നത്. കേരളത്തിലും രോഗവ്യാപനം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കൂടി വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ഇത്തവണത്തെ ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനം കടന്നുവരുന്നത്. സംസ്ഥാനത്ത് ഇപ്പോഴുള്ള മഴ ഡെങ്കിപ്പനി പടര്‍ത്താന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലും ഇനി വരുന്ന കാലവര്‍ഷവും കൂടി കണക്കിലെടുത്ത് വിടും പരിസരവും പൊതുയിടങ്ങളും ശുചീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങേണ്ടതാണ്. ഇതിനായി സംസ്ഥാനത്ത് ഞായറാഴ്ച ഡ്രൈ ഡേ ആചരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിട്ടുണ്ട്.
ഡെങ്കിപ്പനി വ്യാപിച്ച മുന്‍വര്‍ഷങ്ങളില്‍ കണ്ടെത്തിയ പഠനത്തില്‍ വീടുകള്‍ക്കുള്ളിലും ചുറ്റുവട്ടത്തുമാണ് ഏറ്റവും കൂടുതല്‍ കൊതുവിന്റെ ഉറവിടങ്ങള്‍ കണ്ടെത്തിയത്. അതിനാല്‍, ഈ വര്‍ഷം വീട്ടിനുള്ളിലും വീടിന്റെ പരിസരത്തും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ‘ഡെങ്കിപ്പനി പ്രതിരോധം വീട്ടില്‍ നിന്നാരംഭം’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.
പൊതുജനങ്ങളില്‍ രോഗത്തെ കുറിച്ചും രോഗനിയന്ത്രണ മാര്‍ഗങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുകയും രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുക, അതുവഴി രോഗാതുരത പരമാവധി കുറച്ചുകൊണ്ടുവരുന്നതിനും മരണം പൂര്‍ണമായി ഇല്ലാതാവുകയും ചെയ്യുക എന്നതാണ് ദിനാചരണത്തിന്റെ മുഖ്യമായ ലക്ഷ്യം.

Related Articles

Back to top button