IndiaKeralaLatest

കോവിഡിനെ ആരും നിസാരമായി കാണരുത് ; കുറിപ്പ്

“Manju”

ആലപ്പുഴ : കോവിഡ് പോസിറ്റീവായതിന് ശേഷം തനിക്കും കുടുംബത്തിനുമുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് ആര്‍ അശ്വിന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ കോവിഡ് അനുഭവം തുറന്ന് പറഞ്ഞത്.
അശ്വിന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്,
കോവിഡ്.. അച്ഛനാണ് കൊണ്ടുവന്നത്. വാങ്ങിക്കുന്നതെന്തും നല്ലത് നോക്കി വാങ്ങിക്കുന്ന പ്രകൃതമാണ് അച്ഛന്.. ഇതും നല്ല സൂപ്പര്‍ സാധനമാണ് കൊണ്ടുവന്നത്. പണ്ടും അച്ഛന്‍ കൊണ്ടുവരുന്നതെന്തും ഞങ്ങള്‍ക്ക് തുല്യമായി വീതിച്ചു നല്‍കാറാണ് പതിവ്. കോവിഡിന്റെ കാര്യത്തിലും അങ്ങനെ തന്നെ ഒരു ഞായറാഴ്ച അച്ഛന് വന്ന അസുഖം ഞങ്ങള്‍ക്ക് പതിനൊന്നു പേര്‍ക്കും കിട്ടാന്‍ നാല് ദിവസത്തെ താമസമെ ഉണ്ടായിരുന്നുള്ളു.. ആറു മാസം മാത്രം പ്രായമായ അനിയന്റെ കുഞ്ഞുവഴിയാണ് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും പകര്‍ന്നത് എന്നാണ് ഞങ്ങളുടെ വിശ്വാസം. ഇനി അസുഖത്തെ കുറിച്ച്‌ പറയാം ചുരുങ്ങിയത് ഒരാഴ്ച എല്ലാവരും കട്ടിലില്‍ തന്നെ. കാല്‍ വിരലിന്റെ തുമ്ബുമുതല്‍ മുടി വരെ പറഞ്ഞറിയിക്കാന്‍ കഴിയാത്തഎന്നാല്‍ വേദനയെന്ന് പറയുവാന്‍ കഴിയാത്ത അസ്വസ്ഥത, തളര്‍ച്ച. നടുവിനും, സന്ധികള്‍ക്കും, പേശികള്‍ക്കും വേദന, തുമ്മല്‍, ചുമ, ശ്വാസംമുട്ടല്‍, കഫക്കെട്ട് , തലവേദന, കുളിര്, മണമില്ല, രുചിയില്ല അടുത്ത് ഇരിക്കുന്ന വെള്ളം ഒഴിച്ച്‌ കുടിക്കണം എന്നുണ്ട് ക്ഷീണം കാരണം വയ്യ.. രണ്ട് ദിവസം രാത്രി മുഴുവന്‍ ഉറക്കം ഇല്ല ഇതൊക്കെയാണ് എനിക്ക് അനുഭവപ്പെട്ടത്.
വീട്ടിലുള്ള എല്ലാവര്‍ക്കും ഇങ്ങനീയൊക്കെതന്നെ മറ്റു രണ്ട് പേര്‍ക്ക് ഇതോടൊപ്പം രണ്ട് ദിവസം നിര്‍ത്താതെ ഛര്‍ദി, ലൂസ് മോഷന്‍.. രണ്ട് പേരുടെ ഓക്‌സിജന്‍ ലെവല്‍ ഇടയ്ക്കിടെ 90 ന് താഴെ വന്നു. ഓരോരുത്തര്‍ക്കും ഓരോ ദിവസവും വിവിധ സമയങ്ങളില്‍ ഓരോ ബുദ്ധിമുട്ടുകള്‍. കൂടെയുള്ളവര്‍ക്ക് അസുഖം മൂര്‍ച്ഛിച്ചാലും കൊണ്ടുപോകാന്‍ ശരീരം അനുവദിക്കാത്തപോലുള്ള ക്ഷീണം മരണഭയം എല്ലാവരെയും എങ്ങോട്ടൊക്കയോ പായുവാന്‍ പ്രേരിപ്പിക്കുന്നു.. അച്ഛന് അസുഖം വന്നദിവസം വീട്ടില്‍ എല്ലാവരും തമ്മില്‍ സമ്ബര്‍ക്കം ഉണ്ടല്ലോ എന്ന് ആശങ്കപ്പെട്ടു ‘റിലേ പോയി’ നിന്ന എന്റെ മുഖത്ത് നോക്കി ‘ഇത് എല്ലാവര്‍ക്കും വന്നു പോകും’ എന്ന് ആട് സിനിമയിലെ അറക്കല്‍ അബുവിനെ പോലെ നിന്ന് പറഞ്ഞ അനിയന്‍ ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ ശ്വാസംകിട്ടാതെ മരിക്കുമോ എന്ന ഭയത്തില്‍ പലതവണ ആംബുലന്‍സുകള്‍ വിളിച്ചു ആശുപത്രിയിലേക്ക്.. ഇതിനിടയില്‍ ബന്ധുക്കളെയും വീട്ടിലുള്ളവരെയും വിവിധ ബുദ്ധിമുട്ടുകളുമായി വണ്ടാനം, ചേര്‍ത്തല ആശുപത്രികളിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡുകളില്‍ കൊണ്ടുപോയി. ശരീരിക അസ്വസ്ഥതകള്‍ കൊണ്ട് ആശുപത്രി ഭിത്തിയില്‍ അറിയാതെ ചാരി നില്‍കുമ്ബോള്‍ PPE കിറ്റ് ധരിച്ചു നിര്‍വികരമായി ജീവനക്കാര്‍ സ്ട്രച്ചറുകളില്‍ ഉന്തികൊണ്ട്‌പോകുന്ന കറുത്തതുണികള്‍ കൊണ്ട് പൊതിഞ്ഞ മൃതശരീരങ്ങള്‍.
PPE കിറ്റുകള്‍ ധരിച്ചു അലഞ്ഞു പണിയെടുത്തു തളര്‍ന്നു ആശുപത്രിയിലെ uncomfortable ആയ ഇരിപ്പിടങ്ങളില്‍ ഇരുന്നുകൊണ്ട് ശാന്തമായി രോഗികളോട് ഇടപെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍.. അസ്വസ്ഥതയുമായി ആശുപത്രിയില്‍ കിടന്നു ചികിത്സ വേണം എന്ന് ആഗ്രഹിച്ചു ആശുപത്രിയില്‍ പോകുന്ന ബന്ധുക്കള്‍ അവിടെ എത്തി മറ്റുള്ള രോഗികള്‍ ഓക്‌സിജന്‍ സിലിണ്ടര്‍ വെച്ചുള്ള വലി കാണുമ്ബോള്‍ വേഗം വീട്ടില്‍ പോയി സ്വന്തം കട്ടിലില്‍ കിടന്നാല്‍ മതി എന്നാകും തീരുമാനം. അങ്ങനെയൊക്കെ ഉള്ള അനുഭവങ്ങള്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ അപ്പോളപ്പോള്‍ കഞ്ഞിക്കുഴി PHC യിലെ ഡോ.നിജില്‍ ഫ്രാന്‍സിസ് നെ വിളിച്ചു പറഞ്ഞു അതിന് അനുസരിച്ചു ഡോക്ടര്‍ മരുന്ന് നല്‍കും കൃത്യ സമയത്ത് സുഹൃത്ത് ഉണ്ണി കൃഷ്ണനും ബീന സിസ്റ്ററും ആശാ പ്രവര്‍ത്തക ഷീലയും മരുന്ന് വീട്ടില്‍ എത്തിച്ചു തരും . അങ്ങനെ മൂന്ന് ആഴ്ചകാലം. അനിയനും എനിക്കുമായി നാല് ആണ്‍കുട്ടികള്‍ ആണ് അവര്‍ക്കു ചെറിയ ജലദോഷവും ചൂടും ആയി അസ്വസ്ഥതകള്‍ വന്നു പോയി.
മറ്റുള്ളവര്‍ പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അതിജീവിച്ചു ഇപ്പോള്‍ എല്ലാവരും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി. പക്ഷേ ‘ post covid difficulties’ എല്ലാവര്‍ക്കും ഉണ്ട് പല തരത്തില്‍. ആവശ്യമായ വിശ്രമവും ചെറിയ വ്യായാമവും ആണ് ഇനി ആവശ്യം എന്ന് വിദഗ്ധര്‍ പറയുന്നു . ലക്ഷണമില്ലാത്ത കോവിഡ് വന്നവര്‍ പറയുന്നത് കേട്ട് അതാണ് സാധനം എന്ന് വിചാരിക്കരുത്. ഭീകരന്‍ ആണവന്‍. കൊടും ഭീകരന്‍.. എന്റെ അനുഭവത്തില്‍ ‘ലക്ഷണങ്ങളും ബുദ്ധിമുട്ടുകളും’ ഉള്ള ഒരു കോവിഡ് രോഗിക്ക് തദ്ദേശ സ്ഥാപനവും സന്നദ്ധ പ്രവര്‍ത്തകരും ചെയ്തു കൊടുക്കേണ്ടത് ഇതൊക്കെയാണ് .
* ഒരാള്‍ കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞാല്‍ അയാള്‍ക്ക് ഐസൊലേഷന്‍ ആയി താമസിക്കുവാനുള്ള സ്ഥലം വീട്ടില്‍ ഇല്ലെങ്കില്‍ അത് ഉറപ്പുവരുത്തണം.
* ടെലി കൗണ്‍സിലിങ് വേറെ പണിയൊന്നും ഇല്ലാത്ത പിള്ളേരെ പിടിച്ചിരുത്തി നടത്തുന്ന തട്ടിപ്പല്ല, രോഗി ന്യായമായ ഒരാവശ്യം പറഞ്ഞാല്‍ അത് നടത്തി കൊടുക്കുവാന്‍ കഴിയണം.ഫോണില്‍ ഒരു ഡോക്ടറുടെ സേവനം ആണ് ഏറ്റവും ആവശ്യം.
* കൃത്യമായി ഒരു കോവിഡ് രോഗിക്ക് ഓരോ സമയത്തും അയാള്‍
ക്ക് ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് ഡോക്ടര്‍ അയാളുമായി സംവദിച്ചു മരുന്നു സമയ ബന്ധിതമായി സന്നദ്ധ പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കണം * രോഗിക്ക് ശാരീരിക അവശതകള്‍ മൂര്‍ച്ഛിക്കുമ്ബോളും, ടെസ്റ്റുകള്‍ നടത്തുവാനും, ആശുപത്രി ആവശ്യങ്ങള്‍ക്കും വാഹനം രോഗിക്ക് ലഭ്യമല്ലെങ്കില്‍ അത് ലഭ്യമാക്കണം .
* ഭക്ഷണം ഒരു പ്രധാന പ്രശ്‌നമാണ് പാകം ചെയ്യാന്‍ പോയിട്ട് കഴിക്കുവാന്‍ കഴിയാത്ത അവസ്ഥയില്‍ ആണ് മിക്കവാറും കോവിഡ് ബാധിതര്‍., അത്തരത്തില്‍ ഉള്ളവര്‍ക്ക് ഒരു നേരമെങ്കിലും ഭക്ഷണം എത്തിച്ചു നല്‍കുവാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കഴിയണം
* ഒപ്പം കോവിഡ് രോഗത്തില്‍ നിന്നും മുക്തനാകുന്നത് വരെ ഫോളോ അപ് ഇത്രയും മതിയാകും. അതല്ലാതെ മറ്റൊന്നുമല്ല ഒരു കോവിഡ് ബാധിതന്റെ പ്രശനം
രണ്ട് മൂന്ന് ദിവസം കൂടി വീട്ടില്‍ ഇരുന്ന ശേഷം പരമാവധി ഇത്തരം കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ചെയ്തു കൊടുക്കുവാന്‍ വേണ്ടി ഇറങ്ങണം എന്നാണ് ആഗ്രഹം.
ഈ പ്രതിസന്ധിയുടെ കാലത്ത് എന്റെ കുടുംബത്തെ സഹായിച്ചവര്‍ നിരവധിയാണ് ആര്‍ക്കും നന്ദി പറയുന്നില്ല. കാരണം അവര്‍ സഹായിക്കും എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നവര്‍ ആണ്

Related Articles

Back to top button