KeralaLatestMalappuram

മലപ്പുറത്തും ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു

“Manju”

തിരൂര്‍: കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് മടങ്ങിയ തിരൂര്‍ സ്വദേശിക്ക് ബ്ലാക്ക് ഫംസ് രോഗബാധ സ്ഥിരീകരിച്ചു. ഏഴൂര്‍ ഗവ.ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന വലിയപറമ്ബില്‍ അബ്ദുല്‍ ഖാദറിനാണ് (62 ) ഫംഗസ് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗബാധയെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയിലൂടെ അദ്ദേഹത്തിന്‍റെ ഒരു കണ്ണ് നീക്കം ചെയ്തതായി മകന്‍ ജുനൈദ് പറഞ്ഞു.
മലപ്പുറം ജില്ലയില്‍ ആദ്യമായാണ് ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിക്കുന്നത്. നിലവില്‍ കോഴിക്കോട് മിംസ് ആശുപത്രിയിലാണ് അബ്ദുല്‍ ഖാദര്‍ ചികിത്സയിലുള്ളത്. ഏപ്രില്‍ 22നാണ് അബ്ദുല്‍ ഖാദറിന് കൊറോണ സ്ഥിരീകരിക്കുന്നത്. 25 ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഈ മാസം 5 ന് കണ്ണിന്‍റെ കാഴ്ച്ചക്ക് പ്രശ്‌നമുണ്ടായതിനെ തുടര്‍ന്ന് കോട്ടക്കല്‍ അല്‍മാസില്‍ നടത്തിയ പരിശോധനയിലാണ് ബ്ലാക്ക് ഫംഗസ് ബാധയാണെന്ന് സ്ഥിരീകരിച്ചതും പിന്നീട് ചികിത്സാ സൗകര്യമുള്ള കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. തുടര്‍ന്ന് ഏഴിന് ഒരു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയായിരുന്നു. ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.

കൊറോണ ഭേദമാകാന്‍ അമിത അളവില്‍ സ്റ്റിറോയിഡ് സ്വീകരിച്ച ആളുകളിലാണ് ഇപ്പോള്‍ ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോര്‍ മൈക്കോസിസ് എന്ന അപൂര്‍വ്വ രോഗബാധ കണ്ടു വരുന്നത്. പ്രമേഹ രോഗികളെ രോഗം ബാധിക്കാന്‍ സാദ്ധ്യതയേറെയാണ്. അബ്ദുല്‍ ഖാദര്‍ പ്രമേഹ രോഗിയായിരുന്നുവെന്ന് മകന്‍ പറഞ്ഞു. മലപ്പുറത്തിന് പുറമെ കൊല്ലത്തും, കോട്ടയത്തും ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലത്തെ രോഗിയ്ക്ക് അടിയന്തിര ശസ്ത്ര്ക്രിയ നടത്തിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ മൂന്ന് പേരാണ് രോഗം സ്ഥിരീകരിച്ച്‌ ചികിത്സയില്‍ കഴിയുന്നത്.

Related Articles

Back to top button