IndiaLatest

വിവാഹച്ചടങ്ങില്‍ 500 പേരെ പങ്കെടുപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് വരന്‍

“Manju”

ചിറയിന്‍കീഴ്: വിവാഹച്ചടങ്ങില്‍ 500 പേരെ പങ്കെടുപ്പിക്കാന്‍ പോലീസിന്റെ അനുമതി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ല നേതാവ്. ചിറയിന്‍കീഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നിലാണ് അഴൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ മുട്ടപ്പലം സജിത്ത് മുന്‍കൂര്‍ അപേക്ഷയുമായി എത്തിയത്. വിഷയത്തില്‍ തീരുമാനമെടുക്കാനാകാതെ പുലിവാല് പിടിച്ച അവസ്ഥയിലാണ് പോലീസ്.

തന്റെ വിവാഹച്ചടങ്ങില്‍ 500 ക്ഷണിതാക്കളെ പങ്കെടുപ്പിക്കാന്‍ അനുമതി നല്‍കണമെന്നാണ് ചിറയിന്‍കീഴ് എസ് ഐ നൗഫലിന് നല്‍കിയ അപേക്ഷയില്‍ സജിത്ത് ആവശ്യപ്പെടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനു തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അനുവദിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ അതേപടി പാലിച്ച്‌ വിവാഹച്ചടങ്ങുകള്‍ നടത്താമെന്ന സത്യപ്രസ്താവനയും സജിത്ത് ഹാജരാക്കിയിട്ടുണ്ട്. സെന്‍ട്രല്‍ സ്റ്റേഡിയത്തേക്കാള്‍ വലിപ്പവും വിസ്തീര്‍ണവുമുള്ള ശാര്‍ക്കര ക്ഷേത്ര മൈതാനമാണ് വിവാഹവേദി. ജൂണ്‍ 15ന് നിശ്ചയിച്ചിട്ടുള്ള വിവാഹത്തിന്റെ ക്ഷണക്കത്തും പോലീസിനു കൈമാറിയിട്ടുണ്ട്.

സാമൂഹിക അകലം പാലിച്ച്‌ ഇരിപ്പിടങ്ങള്‍ ഒരുക്കുമെന്നും, കൊറോണയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പാലിക്കുമെന്നും അപേക്ഷയില്‍ പറയുന്നു. മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കുമുള്ള അവകാശങ്ങള്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയംഗവും ജനപ്രതിനിധിയുമായ തനിക്കുമുണ്ടെന്നാണ് സജിത്തിന്റെ വാദം. തത്കാലം വിഷയത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് ആലോചിച്ച ശേഷം മറുപടി നല്‍കാമെന്ന നിലപാടിലാണ് പോലീസ്.

Related Articles

Back to top button