IndiaLatest

കാർഷിക ബിൽ; പ്രക്ഷോഭം ശക്തമാക്കുമെന്ന് കർഷക സംഘടനകൾ

“Manju”

കാർഷിക ബില്ലുകൾക്ക് രാഷ്ട്രപതി അംഗീകാരം നൽകിയതോടെ പ്രക്ഷോഭം ശക്തമാക്കുമെന്ന് കർഷക സംഘടനകൾ. ബില്ലുകൾ നിയമമായതോടെ സുപ്രിംകോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം.
കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് രാജ്ഭവൻ മാർച്ചുകൾ നടക്കും. ഒക്ടോബർ ഒന്ന് മുതൽ പഞ്ചാബിലും ഹരിയാനയിലുമായി പ്രതിപക്ഷ പാർട്ടികളും കർഷക സംഘടനകളും അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തു. കാർഷിക നിയമത്തിനെതിരെയും സംസ്ഥാന സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ച് കർണാടകയിൽ വിവിധ കർഷക സംഘടനകൾ ഇന്ന് സംസ്ഥാന ബന്ദ് ആഹ്വാനം ചെയ്തു. പഞ്ചാബിൽ ട്രെയിൻ തടയൽ സമരം തുടരുകയാണ്.

കഴിഞ്ഞ ദിവസമാണ് രാജ്യവ്യാപകമായി ഉയർന്ന കർഷക പ്രതിഷേധങ്ങൾ വകവയ്ക്കാതെ പാർലമെന്റ് പാസാക്കിയ കാർഷിക ബിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചത്. പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ മൂന്ന് ബില്ലുകളാണ് രാഷ്ട്രപതി ഒപ്പുവച്ചത്. ഇതോടെ കാർഷിക ബിൽ നിയമമായി.
കാർഷികോത്പന്ന വിപണന പ്രോത്സാഹന ബിൽ 2020, കർഷക ശാക്തീകരണ സേവന ബിൽ 2020, അവശ്യസാധന (ഭേദഗതി) ബിൽ 2020 എന്നിവയാണ് നിയമമായത്. ബിജെപിക്ക് വൻ ഭൂരിപക്ഷമുള്ള ലോക്‌സഭയിൽ ബിൽ അനായാസം പാസായിരുന്നു. എന്നാൽ, രാജ്യസഭയിൽ ബിൽ പാസാക്കാൻ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം തള്ളിയത് വൻ എതിർപ്പുണ്ടാക്കി. വിവാദ ബില്ലുകളും പാർലമെന്റ് രേഖകളും കീറിയെറിഞ്ഞാണ് തൃണമൂൽ കോൺഗ്രസ് പ്രതിഷേധിച്ചത്.

Related Articles

Back to top button