IndiaKeralaLatest

മുസ്ലീംലീഗിലും തലമുറമാറ്റം

“Manju”

കോഴിക്കോട് : കോണ്‍ഗ്രസിനൊപ്പം മുസ്ലിംലീഗും നേതൃമാറ്റങ്ങളിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ കാര്യമായ തിരിച്ചടിയുണ്ടായിട്ടില്ലെന്ന് വിശദീകരിക്കുമ്പോഴും സംഘടനാതലത്തിലും ശൈലിയിലും കാതലായ മാറ്റം അനിവാര്യമാണെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. കഴിഞ്ഞദിവസം ചേര്‍ന്ന ഉന്നതാധികാര സമിതി അക്കാര്യം തീരുമാനിക്കുകയുംചെയ്തു.
അണികളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നുമുയരുന്ന വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടാണ് തലമുറമാറ്റം ഉള്‍പ്പെടെയുള്ള പുതിയനീക്കം. അംഗത്വകാമ്പയിന് പിന്നാലെ സംഘടനാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങും. കീഴ്ഘടകങ്ങളില്‍ മുതല്‍ ദേശീയ സമിതിയില്‍വരെ നേതൃമാറ്റം കൊണ്ടുവരാനാണ് ശ്രമം.
പുതിയ നേതൃനിരയെ കൊണ്ടുവരാന്‍ ലീഗ് ഒരുങ്ങിയിരിക്കുകയാണെന്ന് ദേശീയ ജനറല്‍സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കാലത്തിനനുസരിച്ച് മാറ്റം ആവശ്യമുണ്ടെന്ന പുതുതലമുറയുടെ വികാരം ഉള്‍ക്കൊണ്ട് നേതൃത്വത്തിലും പ്രവര്‍ത്തന ശൈലിയിലും അടിമുടി മാറ്റംവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു തോല്‍വി ഉണ്ടായെന്നുകരുതി ലീഗിനെ പിടിച്ചുകെട്ടാനാകില്ല. പാര്‍ട്ടി പുതുമയോടെ പടക്കുതിരയായി മുന്നേറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി പാര്‍ട്ടിയുടെ സംഘടനാ ചുമതലയിലേക്ക് വരില്ലെന്ന നിലപാടിലാണ് കുഞ്ഞാലിക്കുട്ടി. പുതിയ കമ്മറ്റി വരുന്നതോടെ ദേശീയ സെക്രട്ടറി സ്ഥാനം ഒഴിയുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെപിഎ മജീദ് തിരൂരങ്ങാടിയില്‍ മത്സരിക്കാന്‍ പോയപ്പോള്‍ പാര്‍ട്ടി പദവി പിഎംഎ സലാമിന് താല്‍ക്കാലികമായി ഏല്‍പ്പിച്ചിരുന്നു. അന്നു സലാം അവിടെ റിബലാകുമോയെന്നു ഭയന്നാണ് ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പുതിയ സെക്രട്ടറിയെ കണ്ടെത്താനുള്ള നീക്കം സജീവമായിട്ടുണ്ട്.
കുഞ്ഞാലിക്കുട്ടിയെ ഒരിക്കല്‍ക്കൂടി ജനറല്‍ സെക്രട്ടറിയാക്കണമെന്ന ആഗ്രഹം ചിലര്‍ക്ക് ഉണ്ട്. എന്നാല്‍ പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷവും ഇതിനെ അംഗീകരിക്കുന്നില്ല. ഇതോടെയാണ് കുഞ്ഞാലിക്കുട്ടിയും നിലപാട് മാറ്റിയത്.
പകരം ആര് എന്ന ചോദ്യത്തിനും ഇനിയും ഉത്തരമായിട്ടില്ല. വിജിലന്‍സ് കേസുകളുടെ പശ്ചാത്തലത്തില്‍ കെഎം ഷാജിക്കും സെക്രട്ടറിയാകാന്‍ കഴിയില്ല.

Related Articles

Back to top button