IndiaKeralaLatest

സ്പീക്കര്‍‍ തെരഞ്ഞെടുപ്പ് ഇന്ന്; എം.ബി.രാജേഷും, പി.സി. വിഷ്ണുനാഥും മത്സരിക്കും

“Manju”

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറെ ഇന്ന് തെരഞ്ഞെടുക്കും. ഇതിനായി രാവിലെ 9 ന് സഭ ചേരും. പ്രോട്ടെം സ്പീക്കര്‍ പി.ടി.എ. റഹീം തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിയന്ത്രിക്കും. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി എം.ബി. രാജേഷാണ്. പ്രതിപക്ഷത്ത് നിന്ന് പി.സി. വിഷ്ണുനാഥാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. 26നും 27നും സഭ ചേരില്ല. 28 ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനം നടത്തും. പുതുക്കിയ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ജൂണ്‍ 4 ന് അവതരിപ്പിക്കും. ജൂണ്‍ 14 വരെ 14 ദിവസമാണ് ഒന്നാം സമ്മേളന കാലയളവ്.
നൂറ്റിനാല്‍പത് അംഗങ്ങളില്‍ 53 പേര്‍ പുതുമുഖങ്ങളാണ്. 21 മന്ത്രിമാരില്‍ 17 പേരാണ് ആദ്യവട്ടം സഭയിലെത്തിയത്. കഴിഞ്ഞ നിയമസഭയിലെ 75 പേര്‍ വീണ്ടും സഭയിലെത്തി. അതിനു മുമ്ബുള്ള മറ്റു നിയമസഭകളില്‍ അംഗമായിരുന്ന 12 പേരും പതിനഞ്ചാം നിയമസഭയിലുണ്ട്. ഉമ്മന്‍ചാണ്ടിയാണ് സഭയിലെ സീനിയര്‍. ഉമ്മന്‍ചാണ്ടി പന്ത്രണ്ടാം തവണയാണ് തുടര്‍ച്ചയായി സഭയിലെത്തുന്നത്.
സഭയിലെ ‘രണ്ടാമന്‍’ തദ്ദേശ സ്വയംഭരണ, എക്‌സൈസ് മന്ത്രിയായ എം.വി. ഗോവിന്ദനാണ്. മുന്‍നിരയില്‍ മുഖ്യമന്ത്രി പിണറായി വിജയന് തൊട്ടടുത്താണ് എം.വി. ഗോവിന്ദന്റെ സ്ഥാനം. ഇരിപ്പിടങ്ങളില്‍ മുന്‍നിര സീറ്റുകള്‍ കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, കെ. രാധാകൃഷ്ണന്‍, കെ.എന്‍. ബാലഗോപാല്‍, ജെ. ചിഞ്ചുറാണി. പ്രൊഫ.എന്‍. ജയരാജ്, ഇ. ചന്ദ്രശേഖരന്‍, ഉമ്മന്‍ചാണ്ടി, അനൂപ് ജേക്കബ്, പി.ജെ. ജോസഫ്, കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ക്ക് അനുവദിച്ചപ്പോള്‍ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയുടെ സ്ഥാനം പ്രതിപക്ഷനിരയില്‍ രണ്ടാം നിരയില്‍ ആദ്യമായി. രണ്ടാമത്തെ നിരയിലാണ് മന്ത്രിമാരായ പി. രാജീവ്, പി. പ്രസാദ്, അഹമ്മദ് ദേവര്‍കോവില്‍, പ്രൊഫ. ബിന്ദു, വി.എന്‍. വാസവന്‍, വി. ശിവന്‍കുട്ടി, സജി ചെറിയാന്‍, മുഹമ്മദ് റിയാസ് എന്നിവരുടെ ഇരിപ്പിടങ്ങള്‍. മന്ത്രിമാരായ ആന്റണി രാജു, ജെ.ആര്‍.അനില്‍, വീണ ജോര്‍ജ്, വി. അബ്ദുറഹിമാന്‍ എന്നിവരുടെ ഇരിപ്പിടങ്ങള്‍ മൂന്നാംനിരയിലാണ്.

Related Articles

Check Also
Close
Back to top button