KeralaLatest

മണിച്ചിത്രത്താഴ്’ സിനിമ ടി.വി. പരമ്ബരയാവുന്നു

“Manju”

27 വര്‍ഷങ്ങള്‍ക്കിപ്പുറം, മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഒരു ചിത്രത്തിന് സീരിയല്‍ ഭാഷ്യമൊരുങ്ങുന്നു. അതും നാലു ഭാഷകളില്‍ വ്യത്യസ്ത രീതിയില്‍ അവതരിപ്പിക്കപ്പെട്ട ചിത്രം. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ‘മണിച്ചിത്രത്താഴ്’ ഇനി മിനി സ്ക്രീനിലേക്ക്. സണ്ണിയും, ഗംഗയും, നകുലനുമെല്ലാം എപ്പിസോഡുകളായി സ്വീകരണമുറിയിലേക്ക്.

ഭാവചിത്ര ജയകുമാറാണ് മണിച്ചിത്രത്താഴിന് സീരിയല്‍ ഭാഷ്യം ഒരുക്കുന്നത്. ചിങ്ങം ഒന്നിനായിരുന്നു പ്രഖ്യാപനം. കുറേക്കാലമായി ഈ പ്രൊജക്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങളില്‍ ചിത്രീകരണം ആരംഭിക്കാന്‍ ഇനിയും കടമ്ബകള്‍ ഏറെയുണ്ട്. കൊല്‍ക്കത്ത, തഞ്ചാവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരിക്കേണ്ടതുണ്ട്. മലയാളികളുടെ ചോരയിലലിഞ്ഞ ചിത്രമാണ് മണിച്ചിത്രത്താഴെന്നു ജയകുമാര്‍. ഈ ചിത്രത്തിന് ശേഷം എന്ത് എന്ന ചിന്തയിലാണ് ഈ ഉദ്യമമെന്നും അദ്ദേഹം പറയുന്നു.

സൈക്കോളജിക്കല്‍ ഹൊറര്‍ എന്ന വിഭാഗത്തില്‍ ഒരു സിനിമ 1993ല്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ നിന്നുമാണ് ചിത്രം അവതരിപ്പിക്കപ്പെട്ടത്. സ്ഥിരം പ്രേത ബാധ-ഒഴിപ്പിക്കല്‍ പ്രമേയത്തില്‍ നിന്നും മനഃശാസ്ത്രത്തിന്റെ പരിസരങ്ങളിലേക്ക് ഒരു കഥയെ കൂട്ടിക്കൊണ്ടു പോകാന്‍ നടത്തിയ വിജയകരമായ ശ്രമമായാണ് മണിച്ചിത്രത്താഴ് എക്കാലവും ഓര്‍ക്കപ്പെടുക.

മധു മുട്ടത്തിന്റെ തിരക്കഥയില്‍ ഫാസില്‍ അണിയിച്ചൊരുക്കിയ ചിത്രമാണിത്. സ്വര്‍ഗ്ഗചിത്ര അപ്പച്ചനായിരുന്നു നിര്‍മ്മാണം. പ്രിയദര്‍ശന്‍, സിദ്ധിഖ് ലാല്‍, സിബി മലയില്‍ എന്നിവര്‍ ഈ ചിത്രത്തിന് സെക്കന്റ് യൂണിറ്റ് ഡയറ്കടര്‍മാരായി എന്നതും ഒരു പ്രത്യേകതയാണ്. മുഖ്യഛായാഗ്രാഹകനായി വേണു എത്തിയപ്പോള്‍, സെക്കന്റ് യൂണിറ്റില്‍ ആനന്ദക്കുട്ടനും സണ്ണി ജോസഫും ക്യാമറ കൈകാര്യം ചെയ്‌തു. ഗംഗയും നാഗവല്ലിയുമായി സ്‌ക്രീനിലെത്തിയ ശോഭന ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടി.

മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവര്‍ തകര്‍ത്തഭിനയിച്ച സിനിമ സീരിയല്‍ ആവുമ്ബോള്‍ ആരൊക്കെയാവും ആ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്ന കാത്തിരിപ്പ് കുറച്ചുകൂടി നീളും.

Related Articles

Back to top button