InternationalLatest

ഭക്ഷണമില്ലാതെ ഇരുന്നാൽ ദൈവം ലംബോർഗിനി നൽകും

“Manju”

ഹരാരെ : 40 ദിവസം ഉപവാസമിരുന്നാൽ ദൈവം ലംബോർഗിനി സമ്മാനിക്കുമെന്ന് വിശ്വസിച്ച് ഭക്ഷണം കഴിക്കാതിരുന്ന് യുവാവ്. കാമുകിയ്ക്ക് കാർ സമ്മാനിക്കാൻ വേണ്ടിയാണ് യുവാവ് ഈ സാഹസത്തിന് മുതിർന്നത്. ഇതിനായി തെരഞ്ഞെടുത്തത് സ്ഥലമാണെങ്കിലോ ആരും പ്രവേശിക്കാത്ത ഒരു ഒറ്റപ്പെട്ട പർവ്വതവും. എന്നാൽ ഇത് പൂർത്തീകരിക്കുന്നതിന് മുൻപ് തന്നെ യുവാവിനെ സുഹൃത്തുക്കൾ വന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

ആഫ്രിക്കൻ രാജ്യമായ സിംബാബ്വേയിലെ ബിന്ദൂരയിലാണ് സംഭവം. റൈസൻ സെയിന്റ്‌സ് പള്ളിയിലെ യൂത്ത് നേതാവ് കൂടിയായ മാർക്ക് മുരാദിരയാണ് ഈ സാഹസത്തിന് മുതിർന്നത്. തന്റെ കാമുകി ആഗ്രഹിക്കുന്ന ആഡംബര കാർ സമ്മാനിക്കണം എന്നായിരുന്നു മാർക്കിന്റെ ആഗ്രഹം. എന്നാൽ മാർക്കിന് ജോലിയില്ല. ലംബോർഗിനി കാർ വാങ്ങാനായുള്ള 1.54 കോടി രൂപ തനിക്ക് നേടാൻ സാധിക്കില്ലെന്ന് മനസിലാക്കിയതോടെയാണ് ഇയാൾ കാറിന് വേണ്ടി ദൈവത്തോട് അപേക്ഷിക്കാൻ തീരുമാനിച്ചത്.

40 രാവും 40 പകലും ഭക്ഷണമില്ലാതെ ഉപവാസിച്ചാൽ ദൈവം കടാക്ഷിക്കുമെന്നും ലംബോർഗിനി നൽകുമെന്നുമായിരുന്നു മാർക്കിന്റെ വിശ്വാസം. അതോടെ ഉപവാസിക്കാൻ തന്നെ തീരുമാനിച്ചു. ഭക്ഷണം കഴിക്കാനുള്ള പ്രേരണ വരാതിരിക്കാൻ അകലെയുള്ള ഒരു ഒറ്റപ്പെട്ട പർവ്വതത്തിൽ പോയിരുന്നാണ് യുവാവ് ഉപവസിച്ചത്.

എന്നാൽ മാർക്കിനെ തന്റെ ഉപവാസം പൂർത്തിയാക്കാൻ സുഹൃത്തുക്കൾ അനുവദിച്ചില്ല. 33 ദിവസം ആയപ്പോഴേയ്ക്കും അവർ മാർക്കിനെ കണ്ടെത്തി. അവശനിലയിലായിരുന്ന യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തുടർന്ന് മാർക്കിന് ആഡംബര കാർ വാങ്ങാനായി സുഹൃത്തുക്കൾ ചേർന്ന് ഫണ്ട് റെയ്‌സിംഗ് ക്യാമ്പെയിൻ നടത്തിയെങ്കിലും 3000 രൂപ മാത്രമാണ് ലഭിച്ചത്. ഇത് ആശുപത്രി ബില്ല് അടയ്ക്കാൻ വേണ്ടി ഉപയോഗിച്ചുവെന്ന് കൂട്ടുകാർ പറയുന്നു. കാറിനല്ലാതെ ജോലിയ്ക്ക് വേണ്ടിയാണ് യുവാവ് ഉപവസിച്ചതെങ്കിൽ അതിന് എന്തെങ്കിലും അർത്ഥമുണ്ടാകുമായിരുന്നു എന്ന് ചർച്ച് ബിഷപ്പ് പറഞ്ഞു.

Related Articles

Back to top button