Latest

ഒരു സെക്കന്‍ഡില്‍ കോവിഡ് പരിശോധനാ ഫലം

“Manju”

കോവിഡ് -19 രോഗബാധകളുടെ എണ്ണം വര്‍ധിക്കുന്നത് ആരോഗ്യ സംവിധാനങ്ങളില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സ്വയം കോവിഡ് പരിശോധന നടത്താനുള്ള നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നത് രോഗബാധ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഭാരം ലഘൂകരിക്കാന്‍ സഹായകമാവും. 15 മിനിറ്റിനുള്ളില്‍ അണുബാധ കണ്ടെത്താന്‍ കഴിയുന്ന സ്വയം പരിശോധനാ കിറ്റിന് ഐസിഎംആര്‍ അടുത്തിടെ അംഗീകാരം നല്‍കിയിരുന്നു.

ഫ്ലോറിഡ സര്‍വകലാശാലയിലെയും തായ്‌വാനിലെ നാഷണല്‍ ചിയാവോ തുങ് സര്‍വകലാശാലയിലെയും ഗവേഷകര്‍ കോവിഡ് -19 രോഗബാധ സ്ഥിരീകരിക്കുന്നതിനായി കൂടുതല്‍ വേഗമേറിയ മറ്റൊരു പരിശോധന രീതി വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവരുടെ പരിശോധന സംവിധാനം വഴി ഒരു സെക്കന്‍ഡിനുള്ളില്‍ ഫലം ലഭിക്കും. ‘വാക്വം സയന്‍സ് & ടെക്നോളജി,’ ജേണലില്‍ ഒരു പഠനത്തിലാണ് ഈ സംവിധാനത്തെക്കുറിച്ച്‌ പറയുന്നത്.

‘കോവിഡ് -19 പരിശോധന മന്ദഗതിയിലാവുന്നത് കാരണമുള്ള പ്രശ്നങ്ങള്‍ ലഘൂകരിക്കാന്‍ ഇതിന് കഴിയും,’ പഠനത്തില്‍ പങ്കാളിയായ, ഫ്ലോറിഡ സര്‍വകലാശാലയിലെ മിംഗാന്‍ സിയാന്‍ പറഞ്ഞു. വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ ബയോമാര്‍ക്കറിന്റെ (കോവിഡ് -19 കണ്ടെത്തലിനായുള്ള സാധാരണ ആര്‍ടി-പിസിആര്‍ സാങ്കേതികതയിലെ വൈറല്‍ ആര്‍‌എന്‍‌എയുടെ പകര്‍പ്പുകള്‍ പോലുള്ളവ) എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ലക്ഷ്യമിടുന്ന ബയോ മാര്‍ക്കറിനായി സിഗ്നല്‍ വര്‍ധിപ്പിക്കണം. ഇത്തരത്തില്‍ സിഗ്നല്‍ ശക്തമാക്കുന്ന സാങ്കേതിക വിദ്യയാണ് പഠനത്തില്‍ ഉപയോഗിച്ചത്.

കമ്പോളത്തില്‍ ലഭ്യമായ ഗ്ലൂക്കോസ് ടെസ്റ്റ് സ്ട്രിപ്പുകള്‍ക്ക് സമാനമായ ഒരു ബയോസെന്‍സര്‍ സ്ട്രിപ്പ് ആണ് ഈ ടെസ്റ്റിന് ഉപയോഗിക്കുന്നത്. ടെസ്റ്റ് ചെയ്യുന്ന ശ്രവം എത്തിക്കാനുള്ള ഒരു ചെറിയ മൈക്രോ ഫ്ലൂയിഡിക് ചാനലാണ് അതിന്റെ അറ്റത്ത്. ‘മൈക്രോഫ്ലൂയിഡിക് ചാനലിനുള്ളില്‍ കുറച്ച്‌ ഇലക്‌ട്രോഡുകള്‍ ഈ ശ്രവത്തിലേക്ക് കടത്തിവിടും. ഒന്ന് സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞതാണ്, കോവിഡുമായി ബന്ധപ്പെട്ട ആന്റിബോഡികള്‍ ഒരു രാസ പ്രക്രിയയിലൂടെ സ്വര്‍ണ്ണ ഉപരിതലത്തില്‍ പറ്റിപ്പിടിക്കും, ‘സിയാന്‍ പറയുന്നു.

സെന്‍സര്‍ സ്ട്രിപ്പുകള്‍ കണക്റ്റര്‍ വഴിസര്‍ക്യൂട്ട് ബോര്‍ഡിലേക്ക് ബന്ധിപ്പിച്ച നിലയിലാണുണ്ടാവുക. പരിശോധിക്കുമ്പോള്‍, കോവിഡ് ആന്റിബോഡിയുമായി ബന്ധിപ്പെട്ട സ്വര്‍ണ്ണ ഇലക്‌ട്രോഡിനും മറ്റൊരു ഇലക്‌ട്രോഡിനുമിടയില്‍ ഒരു ചെറിയ ഇലക്‌ട്രിക് ടെസ്റ്റ് സിഗ്നല്‍ അയയ്ക്കുന്നു. ഈ സിഗ്നല്‍ വിശകലനത്തിനായി സര്‍ക്യൂട്ട് ബോര്‍ഡിലേക്ക് തിരികെ നല്‍കുന്നു. സിസ്റ്റത്തിന്റെ സെന്‍സര്‍ സ്ട്രിപ്പുകള്‍ ഉപയോഗത്തിന് ശേഷം ഉപേക്ഷിക്കണം. എന്നാല്‍ ടെസ്റ്റ് സര്‍ക്യൂട്ട് ബോര്‍ഡ് വീണ്ടും ഉപയോഗിക്കാന്‍ കഴിയും. ഇതിനര്‍ത്ഥം പരിശോധനച്ചെലവ് വളരെയധികം കുറച്ചേക്കാം എന്നാണ്.

Related Articles

Back to top button