Health

ഉറക്കമില്ലായ്മ ആരോഗ്യത്തിന് നല്ലതല്ല

“Manju”

ഉറക്കമില്ലായ്മ പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇതിനെ നിസാരമായി കാണരുത്. വേണ്ടത്ര ഉറക്കമില്ലാത്തവര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണ്. ഉറക്കകുറവ് രക്തസമ്മര്‍ദ്ദം ഉയരാന്‍ കാരണമാകുകയും ഹൃദയമിടിപ്പ് വര്‍ദ്ധിക്കാന്‍ ഇടയാക്കുകയും ചെയ്യും.

ആവശ്യത്തിന് ഉറക്കമില്ലെങ്കില്‍ അത് ആരോഗ്യത്തെ വളരെ കാര്യമായി തന്നെ ബാധിക്കും. ഒരു മനുഷ്യന് ശരാശരി എട്ട് മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. എന്നാല്‍ ആറു മണിക്കൂര്‍ എങ്കിലും ഉറങ്ങിയില്ലെങ്കില്‍ അത് ശരീരത്തെ സാരമായി തന്നെ ബാധിക്കുന്നു. ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ആറു മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങണം. കരള്‍ മുതല്‍ തലച്ചോര്‍ വരെയുള്ള ആന്തരികാവയവങ്ങള്‍ക്കുള്ള വിശ്രമ സമയമാണ് ഉറക്കം. ഉറക്കമില്ലായ്മ തളര്‍ച്ച, വിഷാദം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഉറക്കം ശരിയായില്ലെങ്കില്‍ പിറ്റേ ദിവസം മുഴുവന്‍ ഉറങ്ങാത്തതിന്റെ അസ്വസ്ഥതയുണ്ടാകും.

നല്ല ഉറക്കമാണ് ഒരു വ്യക്തിയുടെ ആരോഗ്യത്തേയും ഉന്മേഷത്തേയും നിശ്ചയിക്കുന്ന പ്രധാന ഘടകം. ഉറക്കം വരാത്തതിന് ശാരീരികവും മാനസികവുമായ ഒരുപാട് കാരണങ്ങള്‍ ഉണ്ട്. ഉറക്കം കെടുത്തുന്ന വില്ലനാണ് മൊബൈല്‍. ഇതില്‍ നോക്കി കിടക്കുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഇതിന്റെ വെളിച്ചം ഉറക്കം ഇല്ലാതാക്കുന്നു. ഒട്ടും ഉറക്കം ലഭിക്കാത്ത ഒരു വ്യക്തി ക്രമേണ മൈക്രോ സ്ലീപ് എന്ന അവസ്ഥയിലേയ്ക്ക് നീങ്ങുകയും ഇത് തലകറക്കം പോലുള്ള മറ്റ് പല അസ്വസ്ഥതകള്‍ക്കും കാരണമാകുകയും ചെയ്യുന്നു. ഉറക്കം ലഭിച്ചില്ലെങ്കില്‍ ശരീരത്തിന്റ മുഴുവന്‍ പ്രവര്‍ത്തനത്തേയും അതു ബാധിക്കുന്നു.

കൂടാതെ ഉറക്കമില്ലായ്മ, രക്താതിമര്‍ദ്ദം, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍, വിഷാദം, പ്രമേഹം, ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്നിവയ്ക്കു കാരണമാകുന്നു. തലച്ചോറ്, നാഡീവ്യവസ്ഥ, രക്തചംക്രമണ വ്യൂഹം, രോഗപ്രതിരോധ സംവിധാനം എന്നിവയെ തടസപ്പെടുത്തുന്നു. ജോലി സംബന്ധമായ സമ്മര്‍ദ്ദങ്ങള്‍, കുടുംബ പ്രശ്‌നങ്ങൾ, അസുഖങ്ങള്‍ എന്നിവയെല്ലാം ഉറക്കത്തെ ഇല്ലാതാക്കുന്നു. ഉറക്കത്തിനു മുന്‍പ് അമിതമായ ആഹാരം ഒഴിവാക്കുക, പതിവായി വ്യായാമം ചെയ്യുക, നന്നായി വെളളം കുടിക്കുക. ഇവയെല്ലാം പെട്ടെന്നുളള ഉറക്കത്തിനു സഹായിക്കുന്നു.

Related Articles

Back to top button