IndiaKeralaLatest

ആറ്റുകാല്‍ പൊങ്കാല വിവാദത്തില്‍ വിശദീകരണവുമായി മേയര്‍

“Manju”

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ശുചീകരണത്തിന് ടിപ്പര്‍ ലോറികള്‍ വാടകയ്‌ക്കെടുത്ത സംഭവത്തില്‍ വിശദീകരണവുമായി മേയര്‍ ആര്യ രാജേന്ദ്രന്‍. പൊങ്കാലക്കുശേഷം 28 ലോഡ് മാലിന്യം കോര്‍പ്പറേഷന്‍ നീക്കം ചെയ്തു. ഇതിനാണ് 3,57,800 രൂപ ചെലവഴിച്ചത്.. പൊങ്കാലയുടെതിനൊപ്പം പൊതുമാലിന്യങ്ങളും ഉള്‍പ്പെട്ട കണക്കാണിതെന്നും മേയര്‍ പറഞ്ഞു.
ക്ഷേത്രവളപ്പില്‍ 5000 പേരെ പങ്കെടുപ്പിച്ച്‌ പൊങ്കാല നടത്താനായിരുന്നു ആദ്യ തീരുമാനം. അതിനനുസരിച്ചുള്ള മുന്‍കരുതലെന്ന നിലയിലാണ് 21 ലോറികള്‍ ഏര്‍പ്പെടുത്തിയതും അതിന് വാടക മുന്‍കൂര്‍ അനുവദിച്ചതും. ഏറ്റവും ഒടുവിലാണ് വീടുകളില്‍ പൊങ്കാല മതിയെന്ന് തീരുമാനിച്ചത്. അതോടെയാണ് പൊങ്കാല മാലിന്യങ്ങള്‍ക്കൊപ്പം പൊതുമാലിന്യങ്ങളും ഈ ലോറി ഉപയോഗിച്ച്‌ നീക്കാന്‍ തീരുമാനിച്ചതെന്നും ആര്യ രജേന്ദ്രന്‍ വിശദീകരിക്കുന്നു.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ്.നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഈ പ്രശ്നത്തില്‍ പരാതികള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ വീടുകളിലാണ് ഭക്തര്‍ പൊങ്കാലയര്‍പ്പിച്ചത്. പൊങ്കാലയ്ക്കുശേഷം മാലിന്യം നീക്കം ചെയ്യാനെന്ന പേരില്‍ 21 ടിപ്പര്‍ ലോറികള്‍ വാടകയ്ക്ക് എടുത്തതായാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ രേഖകളിലുള്ളതെന്നാണ് ആരോപണം. ലോറികള്‍ക്ക് വാടകയായി 3,57,800 രൂപ ചെലവഴിച്ചതായാണ് പറയപ്പെടുന്നത്.

Related Articles

Back to top button