Kerala

പരാജയത്തെക്കുറിച്ച് വിലയിരുത്താൻ യുഡിഎഫ് യോഗം

“Manju”

തിരുവനന്തപുരം: പരാജയത്തെക്കുറിച്ച് വിലയിരുത്താൻ ഒരുദിവസം നീളുന്ന യോഗം വിളിക്കാൻ യുഡിഎഫിൽ തീരുമാനം. അത്യന്തം ദയനീയമായ പരാജയമല്ല ഉണ്ടായതെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു. അതേസമയം കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും ആർഎസ്പി നേതാവ് ഷിബു ബേബി ജോണും യോഗത്തിൽ നിന്ന് വിട്ട് നിന്നു. കെ സുധാകരനെ അനുകൂലിച്ചെത്തിയവരെ സുധാകരന്റെ പേഴ്സണൽ സ്റ്റാഫ് അംഗം തന്നെ തടഞ്ഞത് കെപിസിസി ആസ്ഥാനത്തിന് മുന്നിൽ നാടകീയ രംഗങ്ങൾക്ക് വഴിവച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് ശേഷം ആദ്യമായാണ് യുഡിഎഫ് ഏകോപന സമിതിയോഗം ചേർന്നത്. കോൺഗ്രസിലെ സംഘടനാ പ്രശ്നങ്ങളാണ് തോൽവിക്ക് കാരണമെന്ന് തുടക്കം മുതൽ ആരോപിച്ചിരുന്ന ലീഗും ആർഎസ്പിയും പക്ഷേ യോഗത്തിൽ കടുത്ത വിമർശനത്തിന് മുതിർന്നില്ല. പരാജയത്തെക്കുറിച്ച് പിന്നീട് വിശദമായ ചർച്ച നടത്താൻ തീരുമാനമായി.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മുന്നിൽ നിന്ന് നയിച്ച കെപിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തിൽ നിന്ന് വിട്ട് നിന്നു. രാജി സന്നദ്ധത അറിയിക്കുകയും ഹൈക്കമാൻഡ് അംഗീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുല്ലപ്പള്ളി വിട്ട് നിന്നത്. ആർഎസ് പി നേതാവ് ഷിബുബേബിജോണും യോഗത്തിൽ പങ്കെടുത്തില്ല. ചവറയിലെ പരാജയത്തിന് പിന്നാലെ പാർട്ടിയുമായി ഷിബു ഇടഞ്ഞ് നിൽക്കുന്നതാണ് കാരണമെന്നാണ് സൂചന

അതേസമയം നാടകീയ രംഗങ്ങൾക്കും കെപിസിസി ആസ്ഥാനം വേദിയായി. കെ സുധാകരനെ കെപിസിസി അദ്ധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് പ്രവർത്തകരെന്ന പേരിൽ മൂന്ന് യുവാക്കൾ ഇന്ദിരാഭവന് മുന്നിലെത്തി. ഒടുവിൽ കെ സുധാകരൻെറ പേഴ്സണൽ സ്റ്റാഫംഗം നേരിട്ടെത്തിയതോടെ ഇവർ കടന്ന് കളഞ്ഞു. കെ സുധാകരനെ കെപിസിസി അദ്ധ്യക്ഷനാക്കുന്നത് തടയാനുള്ള ചില നേതാക്കളുടെ തന്ത്രമായാണ് ഇതിനെ വിലയിരുത്തുന്നത്. മുല്ലപ്പള്ളി വിട്ട് നിന്നതും ഇത്തരം നാടകീയ നീക്കങ്ങളും കോൺഗ്രസിൽ വരും ദിവസങ്ങളിലും പൊട്ടിത്തെറികൾക്ക് വഴിവക്കും.

Related Articles

Back to top button