IndiaKeralaLatest

കൂടുതല്‍ വനിതാ നേതാക്കള്‍ എന്‍സിപിയിലേക്ക്

“Manju”

തിരുവനന്തപുരം: നിയമസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രശ്നങ്ങള്‍ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷവും കോണ്‍ഗ്രസിനെ വേട്ടയാടുകയാണ്. സംസ്ഥാന, ജില്ലാ നേതൃത്വങ്ങളിലടക്കം അഴിച്ചുപണികള്‍ തുടരുമ്ബോള്‍ വനിതാ നേതാക്കളുടെ കൊഴിഞ്ഞുപോക്കാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ അലട്ടുന്ന മറ്റൊരു പ്രശ്നം. മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പാര്‍ട്ടി വിട്ടിരുന്നു. ഇപ്പോള്‍ അവര്‍ എന്‍സിപിയുടെ ഭാഗമാണ്. ഇതിന് പിന്നാലെയാണ് കൂടുതല്‍ പ്രവര്‍ത്തകരുടെ രാജി.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശാന്തകുമാരി, സി അജിത, ഡോളി കെ.ജോര്‍ജ് എന്നിവരാണ് രാജവെച്ചിരിക്കുന്നത്. ഇവരും ലതികാ സുഭാഷിന് പിന്നാലെ എന്‍സിപിയിലേക്ക് എത്തും. തിരഞ്ഞെടുപ്പിന് ശേഷം ലതികാ സുഭാഷിന് പിന്തുണ പ്രഖ്യാപിച്ച്‌ കൂടുതല്‍ വനിതാ നേതാക്കള്‍ എന്‍സിപിയിലെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ലതികാ സുഭാഷിനൊപ്പം പ്രവര്‍ത്തിക്കാനാണ് ഇവര്‍ താല്‍പര്യപ്പെടുന്നത്.
നിയമസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിവേചനമുണ്ടായതാണ് വനിതാ നേതാക്കള്‍ ആരോപിക്കുന്നത്. അര്‍ഹരായിരുന്നിട്ടും പലര്‍ക്കും ഗ്രൂപ്പ് സമവായങ്ങളുടെ പേര് പറഞ്ഞ് സീറ്റ് നിഷേധിച്ചതായും ആരോപിക്കുന്നു. ഇത്തരത്തില്‍ ലതിക സുഭാഷിന് കഴിഞ്ഞ തിരഞ്ഞെടുപ്പിലും സീറ്റ് നിഷേധിക്കുന്ന സാഹചര്യമുണ്ടായി. തുടര്‍ച്ചയായ അവഗണനയോട് ശക്തമായ പ്രതിഷേധമാണ് അവര്‍ അന്ന് രേഖപ്പെടുത്തിയത്. കെപിസിസി ആസ്ഥാനത്തിരുന്ന് തല മുണ്ഡനം ചെയ്തുകൊണ്ടായിരുന്നു ലതികയുടെ പ്രതിഷേധം.
പിന്നാലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി തിരഞ്ഞെടുപ്പിനെ നേരിടപകയും ചെയ്തു അവര്‍. ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ ലതിക 7624 വോട്ടുകളും നേടിയിരുന്നു. ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പരാജയത്തില്‍ നിര്‍ണായക സ്വാധീന ഘടകമാകാനും ലതികാ സുഭാഷിന് ലഭിച്ച വോട്ടുകള്‍ക്ക് സാധിച്ചു.
കോണ്‍ഗ്രസ് പാരമ്ബര്യമുള്ള പാര്‍ട്ടി ആയതിനാലാണ് എന്‍സിപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു എന്‍സിപി പ്രവേശനത്തോട് ലതികാ സുഭാഷ് പ്രതികരിച്ചത്. കോണ്‍ഗ്രസ് വിട്ട് എന്‍സിപിയിലേക്ക് എത്തിയ മുതിര്‍ന്ന നേതാവ് പി.സി ചാക്കോയാണ് നിലവില്‍ പാര്‍ട്ടി അധ്യക്ഷന്‍. പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റ ശേഷം കോണ്‍ഗ്രസിന് ബദലായ ശക്തിയായി എന്‍സിപി മാറുമെന്ന് പി.സി ചാക്കോ പറഞ്ഞിരുന്നു. നിരാശരായ കോണ്‍ഗ്രസുകാര്‍ എന്‍സിപിയിലേക്ക് വരും. കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുന്നത് ആത്മഹത്യ പ്രവണതയാണെന്നും പി.സി ചാക്കോ പരിഹസിച്ചിരുന്നു.

Related Articles

Back to top button