IndiaInternational

മെഹുൽ ചോക്‌സിയെ ഇന്ത്യയിലേക്ക് അയയ്ക്കണമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി

“Manju”

സെയ്ന്റ് ജോൺസ്; ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട ഇന്ത്യൻ രത്‌നവ്യാപാരി മെഹുൽ ചോക്‌സിയുടെ പേരിൽ ആന്റിഗ്വയിൽ രാഷ്ട്രീയപോര്. ചോക്‌സിയെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതുമായി ബന്ധപ്പെട്ടാണ് ആന്റിഗ്വയിൽ ഭരണ -പ്രതിപക്ഷ പോര് ഉടലെടുത്തത്. ചോക്‌സിക്ക് നൽകിയ പൗരത്വം റദ്ദാക്കി ഇന്ത്യയിലേക്ക് നാടുകടത്താനുളള നടപടികൾ സ്വീകരിക്കുമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗണി പറഞ്ഞു. എന്നാൽ ചോക്‌സിക്ക് ഭരണഘടനാപരമായ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.

ക്യൂബയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഡൊമിനിക്കയിൽ വെച്ച് മെഹുൽ ചോക്‌സി പിടിയിലായത്. ചോക്‌സിയെ ആന്റിഗ്വയിലേക്ക് നാടുകടത്തുന്നത് ഡൊമിനിക്ക കോടതി തടഞ്ഞിരുന്നു. പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്ന തട്ടിപ്പ് പുറത്തുവരുന്നതിന് മുൻപ് ആന്റിഗ്വയിലേക്ക് കടന്ന ചോക്‌സി അവിടുത്തെ പൗരത്വം സ്വന്തമാക്കുകയായിരുന്നു. ആന്റിഗ്വയിലേക്ക് നാടുകടത്താതെ ചോക്‌സിയെ നേരിട്ട് ഇന്ത്യയിലേക്ക് അയയ്ക്കണമെന്നും ഡൊമിനിക്കയോട് ബ്രൗണി ആവശ്യപ്പെട്ടു.

അനധികൃതമായി രാജ്യത്ത് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചോക്‌സി പിടിയിലായത്. ഇത്തരം ക്രിമിനലുകൾക്ക് പ്രവർത്തനമണ്ഡലമാക്കാനും അവരുടെ ക്രിമിനൽ പ്രവർത്തിക്ക് മറപിടിക്കാനും രാജ്യം വേദിയാക്കാൻ അനുവദിക്കരുതെന്നും ഗാസ്റ്റൻ ബ്രൗണി ഡൊമിനിക്കയോട് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ ലക്ഷ്യം പ്രചാരണ ഫണ്ട് തട്ടലാണെന്ന് ബ്രൗണി വിമർശിച്ചു. അതിനാണ് ചോക്‌സിയെ വിശുദ്ധനാക്കാൻ നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ചോക്‌സിക്ക് പൗരത്വം നൽകിയത് ബ്രൗണി ഭരണകൂടമാണെന്നും തോന്നിയ പോലെ ഇക്കാര്യത്തിൽ പ്രവർത്തിക്കാനാകില്ലെന്നും രാജ്യത്ത് നിയമമുണ്ടെന്നുമായിരുന്നു പ്രസ്താവനയിലൂടെ പ്രതിപക്ഷമായ യുണൈറ്റഡ് പ്രോഗ്രസീവ് പാർട്ടിയുടെ പ്രതികരണം. ബ്രൗണിയുടെ വാക്കുകളെ അപലപിച്ച പ്രതിപക്ഷം രാജ്യത്തെ നിയമം എല്ലാ പൗരൻമാർക്കും ബാധകമാണെന്നും അതനുസരിച്ചുളള ആനുകൂല്യങ്ങൾ ചോക്‌സിക്ക് നൽകണമെന്നും ആവശ്യപ്പെട്ടു. ആന്റിഗ്വയിലെത്തിയാൽ നിയമപരമായ പരിരക്ഷകൾ ചോക്‌സിക്ക് നിഷേധിക്കില്ലെന്ന് ബ്രൗണിയും വ്യക്തമാക്കി.

നിയമവിരുദ്ധമായിട്ടാണ് തന്നെ തടഞ്ഞുവെച്ചിരിക്കുന്നതെന്ന് കാട്ടി ചോക്‌സി നൽകിയ ഹർജി ഡൊമിനിക്കൻ കോടതി ബുധനാഴ്ച പരിഗണിക്കും. ചോക്‌സിക്കെതിരേ ഇന്റർ പോളിന്റെ റെഡ് നോട്ടീസും നിലവിലുണ്ട്.

Related Articles

Back to top button