IndiaKeralaLatest

കെപിസിസിയ്ക്ക് സ്ഥിരം പ്രസിഡന്റ് ഉടന്‍ ; സുധാകരന് കൂടുതല്‍ സാധ്യത

“Manju”

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് തീരുമാനം നീളുന്ന സാഹചര്യത്തില്‍ ചുമതല താല്‍ക്കാലികമായി വഹിക്കാന്‍ ആളെ നിയോഗിച്ചേക്കില്ല. താല്‍ക്കാലിക കെപിസിസി അദ്ധ്യക്ഷന്‍ എന്ന ആശയത്തോട് പ്രസിഡന്റ് സോണിയാഗാന്ധി എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതോടെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉടന്‍ തീരുമാനം ഉണ്ടാകും. കെ സുധാകരന് തന്നെയാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.
കേരളത്തിന്റെ ചുമതല വഹിക്കുന്ന കേന്ദ്ര നേതാക്കള്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമായിരിക്കും ഹൈക്കമാന്റ് നിര്‍ണ്ണായക തീരുമാനം എടുക്കുക. പ്രതിപക്ഷ നേതൃസ്ഥാനം തീരുമാനിക്കപ്പെട്ടതിന് പിന്നാലെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗ്രൂപ്പ് തര്‍ക്കവും രൂക്ഷമാകുകയാണ്. താല്‍ക്കാലിക പ്രസിഡന്റ് എന്ന് പദവിയിലേക്ക് ഗ്രൂപ്പ് തര്‍ക്കം വലിയ തോതില്‍ ഉണ്ടാകുമെന്ന് വന്നതോടെയാണ് തീരുമാനം സോണിയ തന്നെ തള്ളയിട്ടുള്ളത് എന്നാണ് വിവരം. നിലവില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ ഉണ്ടായിരിക്കുന്നത് കെ. സുധാകരന് തന്നെയാണ്.
പുതിയ കെ.പി.സി.സി. അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കാനിരിക്കേ, മത്സരം വര്‍ക്കിങ്‌ പ്രസിഡന്റുമാരായ കെ. സുധാകരനും കൊടിക്കുന്നില്‍ സുരേഷും തമ്മിലായിട്ടുണ്ട്. ഗ്രൂപ്പുകള്‍ക്ക്‌ അതീതമായ പിന്തുണ നേടാനാണു സുധാകരന്റെ ചരടുവലി. രാഹുല്‍ ഗാന്ധിയും സുധാകരനെ പിന്തുണച്ചതായി സൂചനയുണ്ട്‌. രമേശ്‌ ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍ തുടങ്ങിയ വമ്ബന്‍മാരാണു സുധാകരന്റെ എതിര്‍പക്ഷത്ത്. ഹൈക്കമാന്‍ഡിന്റെ പിന്തുണയുണ്ടെങ്കില്‍ ഗ്രൂപ്പുകളുടെ വിയോജിപ്പ്‌ മറികടക്കാമെന്നു സുധാകരന്‍ കണക്കുകൂട്ടുന്നു.
സമീപകാലംവരെ സുധാകരനെ അനുകൂലിക്കാതിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, കെ. മുരളീധരന്‍ എം.പി. എന്നിവരുടെ പിന്തുണ ആര്‍ജിക്കാന്‍ കഴിഞ്ഞതും എ.കെ. ആന്റണിയിലൂടെ ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ചെലുത്താന്‍ കഴിഞ്ഞതും ഗുണകരമാകുമെന്നു സുധാകരന്‍ പ്രതീക്ഷിക്കുന്നു. അതേസമയം കൊടിക്കുന്നിലിന് വേണ്ടി രംഗത്തു വന്നിട്ടുള്ളത് ഗ്രൂപ്പുകളാണ്.
വി.എം. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കെ.പി.സി.സി. അധ്യക്ഷരായപ്പോഴും പരിഗണിക്കപ്പെട്ടയാളാണു സുധാകരന്‍. എന്നാല്‍, അദ്ദേഹത്തിന്റെ തീവ്രനിലപാട്‌ പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്ന്‌ എ, ഐ ഗ്രൂപ്പുകള്‍ ആരോപിക്കുന്നു. സ്വന്തം ജില്ലയായ കണ്ണൂരില്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ കഴിയാത്ത സുധാകരന്‌ സംസ്‌ഥാനത്തെങ്ങനെ സാധിക്കുമെന്നും അവര്‍ ചോദിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണസമയത്തു മുഖ്യമന്ത്രിക്കെതിരേ സുധാകരന്‍ നടത്തിയ പരമാര്‍ശങ്ങള്‍ ഒരുവിഭാഗത്തെ പാര്‍ട്ടിയില്‍നിന്ന്‌ അകറ്റിയെന്നാണു മറ്റൊരു ആരോപണം.

Related Articles

Back to top button