IndiaLatest

കോവിഡ് വാക്സിന്‍;‍ കോവിഷീല്‍ഡും കോവാക്‌സിനും രണ്ട് ഡോസ് നിര്‍ബന്ധം

“Manju”

ന്യൂഡല്‍ഹി: വാക്‌സിനുകള്‍ ഇടകലര്‍ത്തി നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങളില്‍ വിശദീകരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതിന്റെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട് ശാസ്ത്രീയ തെളിവുകള്‍ ലഭ്യമാകാതെ ഇന്ത്യയില്‍ വാക്‌സിനുകള്‍ ഇടകലര്‍ത്തി നല്‍കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

വാക്‌സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ യാതൊരു മാറ്റവുമില്ലെന്നും കോവിഷീല്‍ഡും കോവാക്‌സിനും രണ്ട് ഡോസ് നിര്‍ബന്ധമായും എടുക്കണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കോവിഷീല്‍ഡ് എടുക്കുന്നവര്‍ക്ക് രണ്ടാം ഡോസ് ഒഴിവാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന് ചില ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.

കൂടാതെ രണ്ടു ഡോസുകള്‍ വ്യത്യസ്ത വാക്‌സിനുകള്‍ ഇടകലര്‍ത്തി നല്‍കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമോ എന്ന് നിര്‍ണ്ണയിക്കാന്‍ ഇന്ത്യ പരീക്ഷണം നടത്തിയേക്കുമെന്നും സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധസമിതി അധ്യക്ഷന്‍ അടുത്തിടെ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ഊഹപോഹങ്ങള്‍ക്കിടെ ഡോ.എന്‍.കെ.അറോറയാണ് ഇങ്ങനെ പറഞ്ഞത്. ഇത് കൂടുതല്‍ ആശയകുഴപ്പത്തിനിടയാക്കി. ‘കോവിഷീല്‍ഡിനും കോവാക്‌സിനുമായി ഇന്ത്യയില്‍ പിന്തുടരുന്ന രണ്ട് ഡോസ് എന്ന വ്യവസ്ഥയില്‍ യാതൊരു മാറ്റവുമില്ലെന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ആദ്യ ഡോസിന് ശേഷം കോവിഷീല്‍ഡിന്റെ രണ്ടാമത്തെ ഡോസ് 12 ആഴ്ചകള്‍ക്ക് ശേഷം നല്‍കും.

കോവാക്‌സിന് രണ്ടു ഡോസുകള്‍ തമ്മില്‍ നാല് മുതല്‍ ആറ് ആഴ്ചയുടെ ഇടവേള വേണം. ഞങ്ങള്‍ ഈ ഷെഡ്യൂള്‍ തുടരുകയും വാക്‌സിനേഷന്‍ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും. ഇക്കാര്യത്തില്‍ ആശയക്കുഴപ്പം ഒഴിവാക്കണം, സര്‍ക്കാരിന്റെ കോവിഡ് ടാസ്‌ക്‌ഫോഴ്‌സ് പ്രധാന അംഗവും നീതി ആയോഗ് ആരോഗ്യ വിഭാഗ അംഗവുമായ ഡോ വി കെ പോള്‍ പറഞ്ഞു. വാക്‌സിനുകള്‍ ഇടകലര്‍ത്തി എടുക്കുന്നത് സംബന്ധിച്ച്‌ അന്താരാഷ്ട്ര തലത്തില്‍ ഗവേഷണം നടന്നുവരികയാണ്. അതിന്റെ പോസിറ്റിവ് ഫല സാധ്യത വിശ്വസനീയമാണെങ്കിലും ദോഷകരമായ പ്രതികരണങ്ങളും തള്ളികളയാനാവില്ല. ശാസ്ത്രം തന്നെ അതിന് ഉത്തരം നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Related Articles

Back to top button