KeralaLatest

സൂര്യകാന്തി ഫെസ്റ്റിവലിന് തുടക്കമായി

“Manju”

സാംസ്കാരിക നഗരിയിൽ സൂര്യകാന്തി ഫെസ്റ്റിവലിനു തുടക്കമായി. കേരള സംഗീത നാടക അക്കാദമിയുടെ റീജണൽ തിയറ്ററിൽ ഇന്നലെ മുതല്‍  നടന്നുകൊണ്ടിരിക്കുന്ന ഫെസ്‌റ്റിവൽ നാളെ വൈകിട്ടു നടക്കുന്ന സാംസ്കാരിക സമ്മേളനത്തോടെ അവസാനിക്കും. ക്ലാസിക്കൽ കലകളുടെ പരിപോഷണത്തിനു വേണ്ടി കഴിഞ്ഞ 10 വർഷങ്ങളായി തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൂര്യകാന്തി സംഗീത നൃത്ത സഭയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. അവതരണങ്ങളുടെ പുതുമ കൊണ്ടും സംഘാടനത്തിന്റെ മികവു കൊണ്ടും തൃശ്ശൂരിലെ ഏറ്റവും വലിയ കലാ മാമാങ്കമായി മാറിയ സൂര്യകാന്തി ഫെസ്റ്റിവൽ, പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി ഉദ്ഘാടനം ചെയ്തു .

ചടങ്ങിൽ വയലാ രാജേന്ദ്രൻ, അനുപമ മോഹൻ , ഗീത പത്മകുമാർ എന്നിവർ പങ്കെടുത്തു. ഡോ. മിനി പ്രമോദ് മേനോനും സംഘവും (കലന്ദിക സ്കൂൾ ഓഫ് ഡാൻസ്, കൊച്ചി) അവതരിപ്പിച്ച ‘വന്ദേവിനായകം’ മോഹിനിയാട്ട സംഘാവതരണം, സുരേന്ദ്രനാഥ്ബിജിനാ സുരേന്ദ്രനാഥ് (നൃത്ത്യരാവലി കൾച്ചറൽ അക്കാദമി, ഹൈദരാബാദ്) ദമ്പതികളുടെ കൂച്ചിപ്പുഡി രംഗാവതരണം തുടങ്ങിയവ പ്രേക്ഷകരുടെ മനം കവർന്ന പ്രകടനങ്ങൾ ആയിരുന്നു.

വരും ദിവസങ്ങളിൽ മഞ്ജു വി നായരും സംഘവും അവതരിപ്പിക്കുന്ന പ്രമേയാധിഷ്ഠിത ഭരതനാട്യ സംഘാവിഷ്ക്കാരം ‘ഭൗമി’, ഡോ. സ്വാതിനാരായണന്റെ കൂച്ചിപ്പുഡി, സൂര്യകാന്തിയിലെ മുതിർന്ന വിദ്യാർത്ഥികളുടെ ഭരതനാട്യമോഹിനിയാട്ട അവതരണങ്ങൾ, ഗുരു പത്മശ്രീ കലാമണ്ഡലം ഗോപി, പ്രൊഫ. ജോർജ്ജ് എസ് പോൾ എന്നിവർക്ക് സൂര്യകാന്തി പുരസ്ക്കാര സമർപ്പണം, സാംസ്കാരിക സമ്മേളനം എന്നിവയൊക്കെയാണ് സൂര്യകാന്തി ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങിലെത്തുന്നത്.

ഈ വർഷത്തെ സൂര്യകാന്തി പുരസ്ക്കാരം കലാമണ്ഡലം ഗോപിയാശാനും ജോർജ്ജ് എസ് പോളിനുമാണ്. ഫെസ്റ്റിവലിന്റെ ഭാഗമായി സൂര്യകാന്തി കലാമണ്ഡലം ഗോപിയാശാനെയും ജോർജ്ജ് എസ് പോളിനെയും ആദരിക്കുന്നു . വിശ്വോത്തരകലയായ കഥകളിയുടെ വളർച്ചയ്ക്കു നൽകിയ സംഭാവനകളെ മുൻനിർത്തി കലാമണ്ഡലം ഗോപിയാശാനും ഭാരതീയ ശാസ്ത്രീയ കലകളെയും കലാകാരന്മാരെയും ആസ്വാദക ലോകത്തിന് പരിചയപ്പെടുത്തി ഇംഗ്ലീഷ് പത്രമാധ്യമങ്ങളിൽ സംഗീത നൃത്തമേഖലയ്ക്ക് ശക്തമായ ലേഖനപാരമ്പര്യം സൃഷ്ടിക്കാൻ ശക്തമായി പരിശ്രമിച്ച ജോർജ്ജ് എസ് പോളിനുമാണ് ഇപ്രാവശ്യത്തെ സൂര്യകാന്തി പുരസ്ക്കാരം.

ഒക്ടോബർ 22ന് വൈകുന്നേരം 5.00 മണിക്ക് സാംസ്കാരിക സമ്മേളനം ആരംഭിക്കും .ഡോ. എൻ.ആർ. ഗ്രാമപ്രകാശ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, പത്മശ്രീ കലാമണ്ഡലം ഗോപി, പ്രൊഫ. ജോർജ്ജ് എസ് പോൾ, കൂച്ചിപ്പുഡി – യക്ഷഗാന ആചാര്യൻ ശ്രീ പസുമാർത്തി രത്തയ്യ ശർമ്മ, വി. കലാധരൻ,എം.ജെ.ശ്രീചിത്രൻ തുടങ്ങിയ വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്നു.

Related Articles

Back to top button