IndiaKeralaLatest

പണി തുടങ്ങാത്ത വിമാനത്താവളത്തിന്റെ പേരിനെ ചൊല്ലി പ്രക്ഷോഭം

“Manju”

നവിമുംബൈ: നവിമുംബൈയിലെ പണി തുടങ്ങാത്ത വിമാനത്താവളത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും വിവാദങ്ങളും കെട്ടടങ്ങുന്നില്ല. പദ്ധതി പ്രഖ്യാപിച്ചിട്ട് 24 വര്‍ഷം പിന്നിടുമ്ബോഴും പണി തുടങ്ങാത്ത വിമാനത്താവള പദ്ധതിയുടെ പേരിനെ ചൊല്ലിയാണ് പുതിയ വിവാദം. നിര്‍മ്മാണം എന്ന് പൂര്‍ത്തിയാകുമെന്ന കാര്യത്തില്‍ അനശ്ചിതാവസ്ഥ തുടരുന്ന വിമാനത്താവളത്തിന് എന്ത് പേരിടണമെന്ന വേവലാതിയിലാണ് സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍.
നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് പരേതനായ പി ഡബ്ള്യു പി നേതാവ് ഡി ബി പാട്ടീലിന്റെ പേര് നല്‍കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്താനാണ് പുതിയ നീക്കം.
നവിമുംബൈ അന്താരാഷ്ട വിമാനത്താവളത്തിന് ശിവസേനാ സ്ഥാപകന്‍ ബാല്‍ താക്കറെയുടെ പേരു നല്‍കണമെന്ന് ശിവസേനയിലെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ അംഗീകരിച്ചു കൊണ്ടുള്ള സിഡ്കോയുടെ പ്രസ്താവന മന്ത്രിസഭയ്ക്ക് കൈമാറിക്കഴിഞ്ഞ സാഹചര്യത്തിലാണ് സംഘര്‍ഷ സമിതിയുടെ പ്രക്ഷോഭം നടത്തുവാനുള്ള തീരുമാനം.
താനെ, പാല്‍ഘര്‍, റായ്ഗഡ്, മുംബൈ ജില്ലകളിലെ ആഗ്രി, കോളി, സമുദായക്കാരെയും ഗ്രാമീണരെയും പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും കല്യാണിലെ 27 ഗ്രാമങ്ങളിലെ സര്‍വകക്ഷി സംഘര്‍ഷ സമിതിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ പത്തിന് പ്രക്ഷോഭം നടത്തുക. ഇതിന്റെ ഭാഗമായി കല്യാണ്‍ ഈസ്റ്റിലെ ടാറ്റ പവര്‍ കമ്ബനി മുതല്‍ ഷില്‍ ഫാട്ട, ദഹിസര്‍ മോറി, നേവാളി നാക്ക, തിസ്ഗാവ് നാക്ക വരെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും സമാധാനപരമായും മനുഷ്യച്ചങ്ങല തീര്‍ക്കുമെന്ന് സംഘര്‍ഷസമിതി വൈസ് പ്രസിഡന്റ് ഗുലാബ് വസെ അറിയിച്ചു.
പ്രതിസന്ധികളും പരാതികളും
1997-ലായിരുന്നു മുംബൈയില്‍ രണ്ടാമത്തെ വിമാനത്താവളം നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നത്. എന്നിരുന്നാലും ഭൂമി കണ്ടെത്താനും ഏറ്റെടുക്കാനും നിരവധി കടമ്ബകളായിരുന്നു. വിമാനത്താവളം പക്ഷിമൃഗാദികളുടെ അപകടസാധ്യത നേരിടുന്നുവെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയും ഉറാന്‍ മേഖലയിലെ പഞ്ചെ, ഭേന്ദ്ഖാല്‍ തുടങ്ങിയ തണ്ണീര്‍ത്തടങ്ങള്‍ വിവിധ വികസന പദ്ധതികള്‍ക്കായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന ഹരിത ഗ്രൂപ്പുകളുടെ പരാതിയുമെല്ലാം മറികടന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാര്‍ 2017ല്‍ ജി വി കെ ഗ്രൂപ്പിന് ലഭിക്കുന്നത്. ഏകദേശം 16,000 കോടിയുടെ വിമാനത്താവള നിര്‍മ്മാണ പദ്ധതിയുടെ ആദ്യ ഘട്ടം 2019-ല്‍ പൂര്‍ത്തികരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പക്ഷേ പദ്ധതി പൂര്‍ത്തീകരിച്ച്‌ വിമാനം പറന്നുയരാന്‍ വെല്ലുവിളികള്‍ ഏറെയുണ്ടെന്നാണ് ജി വി കെ ഗ്രൂപ്പ് പറയുന്നത്. ഭൂമി നിരപ്പാക്കല്‍ ഘട്ടത്തില്‍ നില്‍ക്കുന്ന വിമാനത്താവളത്തിന്റെ പണികള്‍ നിരവധി സമയപരിധികള്‍ നഷ്ടമായതിനെത്തുടര്‍ന്ന് മഹാമാരിയില്‍ വീണ്ടും അനശ്ചിതത്വത്തിലായിരിക്കുകയാണ്. ഇനി 2025ല്‍ വിമാനത്താവളത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍.

Related Articles

Back to top button