KeralaLatest

കമ്പം വിമാന ദുരന്തത്തിന് ഇന്ന് അമ്പതാം വാര്‍ഷികം

“Manju”

കുനൂര്‍: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പടെ 13 പേര്‍ കുനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ വിട വാങ്ങിയപ്പോള്‍ രാജ്യത്തെ നടുക്കിയ സമാനമായ ചില വിമാനദുരന്തങ്ങളാണ് വീണ്ടും ഓര്‍മ്മയിലെത്തുന്നത്.
അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കമ്പം വിമാന ദുരന്തം. മരണസംഖ്യയില്‍ കമ്ബത്തെക്കാള്‍ ഏറെ വലിയ മറ്റു പല വിമാന ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കമ്പം വിമാന ദുരന്തം ചര്‍ച്ച ചെയ്യപ്പെടാന്‍ പ്രധാന കാരണം , ആ ദുരന്തത്തിന് അമ്ബത് വയസ്സ് പൂര്‍ത്തിയാകാന്‍ ഒരു ദിവസം ബാക്കിയിരിക്കെയായിരുന്നു കുനൂരില്‍ രാജ്യത്തെ നടുക്കിയ ദുരന്തം ഉണ്ടായതെന്നാണ്. ഇന്നാണ് കമ്ബം വിമാനദുരന്തത്തിന്റെ അമ്പതാം വാര്‍ഷികം.
1971 ഡിസംബര്‍ 9ന് 27 യാത്രക്കാരും 4 ജീവനക്കാരുമായി കൊച്ചിയില്‍നിന്നു തിരുവനന്തപുരം, മധുര വഴി മദ്രാസിനു പുറപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ആവ്‌റോ വിമാനം കമ്പത്തിനു സമീപം ചിന്നമന്നൂരിലെ മേഘമല എസ്റ്റേറ്റില്‍ തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ 20 പേര്‍ മരിച്ചു. അപകടത്തില്‍നിന്നു രക്ഷപ്പെട്ട സഹകരണസംഘം രജിസ്റ്റ്രാര്‍ കൃഷ്ണന്‍ നമ്ബ്യാരാണ് എസ്റ്റേറ്റില്‍ ചെന്ന് അപകടവിവരം അറിയിച്ചത്. തിരുകൊച്ചിയിലെ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി. ചന്ദ്രശേഖര പിള്ള, പന്തളം എന്‍എസ്‌എസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.എന്‍.ജി കുറുപ്പ് തുടങ്ങിയവര്‍ കൊല്ലപ്പെട്ട പ്രമുഖരില്‍ പെടുന്നു. സി.കേശവന്റെ മന്ത്രിസഭയില്‍ പൊതുമരാമത്ത്, ആരോഗ്യ മന്ത്രിയായിരുന്ന ചന്ദ്രശേഖര പിള്ള രണ്ടാം കേരള നിയമസഭയില്‍ കുന്നത്തൂരിന്റെ പ്രതിനിധിയായിരുന്നു.
മറ്റൊരു പ്രധാനസംഭവം ഇന്ത്യയുടെ സൈനിക ചരിത്രത്തില്‍ വലിയ ദുരന്തമെന്ന് വിശേഷിപ്പിക്കുന്ന 1963 നവംബര്‍ 22 ലെ അപകടമാണ്. അന്ന് കശ്മീരിലെ പൂഞ്ചില്‍ നടന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട 6 പേരില്‍ സൈന്യത്തിന്റെ ഉന്നത ശ്രേണിയിലെ 4 പേരും ഉള്‍പ്പെട്ടു. നദിക്കു കുറുകെയുണ്ടായിരുന്ന ടെലിഗ്രാഫ് കേബിളില്‍ കോപ്റ്റര്‍ തട്ടിയതാണ് അപകടത്തിനു കാരണമായത്. സൈന്യത്തിലെ ഉന്നതര്‍ ഒരുമിച്ചു യാത്രചെയ്യാന്‍ പാടില്ലെന്ന് നിലവിലുണ്ടായിരുന്ന നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ലെന്ന് അന്നു വിമര്‍ശിക്കപ്പെട്ടു. 1953 മുതല്‍ നിലവിലുണ്ടായിരുന്ന നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ലെന്ന് 1963 നവംബര്‍ 27ന് പ്രതിരോധ മന്ത്രി വൈ. ബി. ചവാന്‍ പാര്‍ലമെന്റില്‍ പറഞ്ഞു.
കരസേനയുടെ പടിഞ്ഞാറന്‍ കമാന്‍ഡ് മേധാവി ലഫ്.ജനറല്‍ ദൗലത് സിങ്, വ്യോമസേനയുടെ പടിഞ്ഞാറന്‍ കമാന്‍ഡിലെ എയര്‍ ഓഫിസര്‍ കമാന്‍ഡിങ് എയര്‍ വൈസ് മാര്‍ഷല്‍ ഇ.ഡബ്ല്യു പിന്റോ, കരസേനയുടെ 15ാം കോര്‍ മേധാവി ലഫ്. ജനറല്‍ ബിക്രം സിങ്, 25 ഇന്‍ഫന്‍ട്രി ഡിവിഷന്‍ ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് മേജര്‍ ജനറല്‍ കെ.എന്‍.ഡി.നാനാവതി, 93 ഇന്‍ഫന്‍ട്രി ബ്രിഗേഡിന്റെ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ എസ്.ആര്‍.ഒബ്‌റോയ്, ഫ്‌ളൈറ്റ് ലഫ്റ്റനന്റ് എസ്.എസ്.സോധി എന്നിവരാണ് അന്നു കൊല്ലപ്പെട്ടത്.
ഭൂട്ടാനില്‍ 1993 മാര്‍ച്ച്‌ 7ന് ഉണ്ടായ ഹെലികോപ്റ്റര്‍ അപകടവും സേനയ്ക്ക് ഞെട്ടലായതാണ്. കരസേനയുടെ കിഴക്കന്‍ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ ജമീല്‍ മുഹമ്മദ് ഉള്‍പ്പെടെ 8 സൈനിക ഉദ്യോഗസ്ഥരാണു കൊല്ലപ്പെട്ടത്. ഭൂട്ടാനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനു പോയതായിരുന്നു ലഫ്. ജനറല്‍ മുഹമ്മദ്. മി8 ഹെലികോപ്റ്റര്‍ തിംപു വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന് 20 മിനിറ്റിനുള്ളില്‍ തീപിടിക്കുകയായിരുന്നു. 1997 നവംബര്‍ 14ന് അരുണാചലിലെ തവാങ്ങിനു സമീപമുണ്ടായ കോപ്റ്റര്‍ അപകടത്തില്‍ പ്രതിരോധ സഹമന്ത്രി എന്‍.വി.എന്‍.സോമുവും മേജര്‍ ജനറല്‍ രമേശ് ചന്ദ്ര നാഗ്പാലും 2 സൈനിക പൈലറ്റുമാരും ആണ് കൊല്ലപ്പെട്ടത്.
ദുരന്തങ്ങളെക്കുറിച്ച്‌ പറയുമ്ബോള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവവുമുണ്ട്.1953 മാര്‍ച്ചില്‍ കരസേനയിലെ 4 ഉന്നതരുമായി യാത്ര ചെയ്ത വിമാനം അപകടസാധ്യത മുന്നില്‍കണ്ട് അടിന്തരമായി ഇറക്കേണ്ടിവന്നു. ഈ പശ്ചാത്തലത്തില്‍, സൈന്യത്തിലെ ഉന്നതര്‍ ഒരുമിച്ചു യാത്ര ചെയ്യുന്നതിനു നിയന്ത്രണം വേണമെന്ന് രാഷ്ട്രപതിയാണ് നിര്‍ദ്ദേശിച്ചത്. ഇത്തരം യാത്രകളില്‍ അപകടമുണ്ടാകുന്നത് രാജ്യത്തിന് താങ്ങാനാവുന്നതല്ലെന്ന് അദ്ദേഹം അന്നത്തെ പ്രതിരോധ മന്ത്രിയോടു വ്യക്തമാക്കി. തുടര്‍ന്നാണ് കരസേനാ മേധാവി യാത്രാ വ്യവസ്ഥകള്‍ നിര്‍ദ്ദേശിച്ചത്.
2019 ഒക്ടോബര്‍ 24ന് കരസേനയുടെ വടക്കന്‍ കമാന്‍ഡ് മേധാവി ലഫ്.ജനറല്‍ രണ്‍ബീര്‍ സിങ് യാത്ര ചെയ്ത ഹെലികോപ്റ്റര്‍ പൂഞ്ചില്‍ ഇടിച്ചിറക്കേണ്ടിവന്നു. രണ്‍ബീര്‍ സിങ്ങും 6 സൈനിക ഉദ്യോഗസ്ഥരും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു

Related Articles

Back to top button