InternationalLatest

ഒരിക്കല്‍ കോവിഡ് വന്നാല്‍ അടുത്ത പത്ത് മാസത്തേക്ക് രോഗപ്രതിരോധ ശേഷി; പുതിയ പഠനം

“Manju”

‍ലണ്ടന്‍: ഒരിക്കല്‍ കോവിഡ് 19 വന്നവര്‍ക്ക് പിന്നീടുള്ള പത്ത് മാസത്തേക്ക് വീണ്ടും കൊറോണ വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനം. കോവിഡ് ബാധിച്ചവരുടെ ശരീരത്തില്‍ 10 മാസം വരെ വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ ഉണ്ടാകുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും ഈ വര്‍ഷം ഫെബ്രുവരിയിലും കോവിഡ് ബാധിച്ചവരെ പരിശോധിച്ച്‌ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ഇംഗ്ലണ്ടിലെ 2000ത്തോളം കെയര്‍ ഹോം ജീവനക്കാരെയാണ് യൂണിവേഴ്സിറ്റി കോളജ് ലണ്ടനിലെ ഗവേഷകര്‍ പഠനത്തിന് വിധേയരാക്കിയത്. ഒരിക്കല്‍ കോവിഡ് ബാധിച്ച കെയര്‍ ഹോം താമസക്കാര്‍ക്ക് 10 മാസത്തേക്ക് വീണ്ടും അണുബാധയുണ്ടാകാനുള്ള സാധ്യത അണുബാധ ഉണ്ടാകാത്തവരെ അപേക്ഷിച്ച്‌ 85 ശതമാനം കുറവാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ജീവനക്കാരുടെ കാര്യത്തില്‍ ഇത് 60 ശതമാനം കുറവാണ്. മെഡിക്കല്‍ ജേണലായ ലാന്‍സറ്റിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചത്.

ഒരാള്‍ക്ക് രണ്ടു തവണ വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണെങ്കിലും ഇത് അസാധ്യമല്ലെന്ന് പഠനം ചൂണ്ടികാണിക്കുന്നുണ്ട്. കെയര്‍ ഹോമുകളിലെ ശരാശരി 86 വയസ്സ്പ്രായമുള്ള താമസക്കാരെയും 1429 ജീവനക്കാരെയുമാണ് ആന്റിബോഡി പരിശോധനയ്ക്ക് വിധേയരാക്കിയത്. കഴിഞ്ഞ വര്‍ഷം ജൂണിലും ജൂലൈയിലും ഇവരുടെ രക്തപരിശോധന നടത്തി. പരിശോധിച്ചവരില്‍ മൂന്നിലൊന്നു പേരിലും പോസിറ്റീവ് റിസള്‍ട്ടാണ് ലഭിച്ചത്. ഇത് ഇവര്‍ കോവിഡ് ബാധിതരാണെന്ന് സ്ഥിരീകരിക്കുന്നതായിരുന്നു.

ഒരിക്കല്‍ രോ​ഗം വന്ന 634 പേരില്‍ 4 താമസക്കാര്‍ക്കും 10 ജീവനക്കാര്‍ക്കും മാത്രമാണ് വീണ്ടും കോവിഡ് അണുബാധ ഉണ്ടായത്. ഇതില്‍ നിന്നാണ് രോഗപ്രതിരോധശേഷി പത്ത് മാസത്തോളം നിലനില്‍ക്കുമെന്ന് വ്യക്തമായത്. കോവിഡ് ബാധിതരല്ലാതിരുന്ന 1477 പേരില്‍ 93 താമസക്കാര്‍ക്കും 111 ജീവനക്കാര്‍ക്കും പിന്നീട് രോഗബാധയുണ്ടായി.

Related Articles

Back to top button