IndiaKeralaLatest

മലയാളത്തെ മാത്രം ലക്ഷ്യം വെച്ച നടപടി ആദ്യം: യുഎന്‍എ

“Manju”

ദില്ലി: വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ശക്തമായതോടെ നഴ്സുമാര്‍ ജോലി സമയത്ത് മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ടുള്ള വിവാദ ഉത്തരവ് റദ്ദാക്കിയിരിക്കുകയാണ് ദില്ലിയിലെ ജിബി പന്ത് ആശുപത്രി അധികൃതര്‍. നഴ്സുമാരുടേയും രാഹുല്‍ ഗാന്ധി അടക്കമുള്ള കേരളത്തില്‍ നിന്നുള്ള എംപിമാരുടേയും പ്രതിഷേധത്തിന് പിന്നാലെയാണ് ഉത്തരവ് ആശുപത്രി റദ്ദാക്കിയത്.
വിഷയത്തില്‍ കേരള സര്‍ക്കാര്‍ നേരിട്ട് ദില്ലി സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ജിബി പന്ത് ആശുപത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായ നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നാണ് യുണൈറ്റഡ് നഴ്സസ് അസോഷിയേന്‍ ദേശീയ കോ-ഓര്‍ഡിനേറ്റര്‍ അനില്‍ വണ്‍ ഇന്ത്യയോട് സംസാരിക്കുന്നത്. സംഘടനയുടെ കര്‍ണാടക സംസ്ഥാനത്തിന്‍റെ ചുമതലയും ഇദ്ദേഹത്തിനാണ്.
മലയാളത്തെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഈ ഒരു നീക്കം അംഗീകരിക്കാന്‍ കഴിയാത്തതാണ്. അതുകൊണ്ട് തന്നെ എല്ലാ സംഘടനകളും ജിബി പന്ത് ആശുപത്രിയുടെ നടപടിയെ തള്ളിപ്പറയുകയും പ്രതിഷേധം രേഖപ്പെടുത്തിയ നഴ്സുമാരെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒരിടത്ത് മുന്‍പ് ഇത്തരത്തില്‍ ഒരു ഉത്തരവ് ഉണ്ടായിട്ടില്ല. കര്‍ണാടകയില്‍ അനേകം ഹോസ്പിറ്റലുകളില്‍ മലയാളി നഴ്സുമാര്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ഇന്നുവരെ ഭാഷയുടെ പേരില്‍ ഇത്തരമൊരു വിവേചനം എവിടേയും ഉണ്ടായിട്ടില്ലെന്നും അനില്‍ വ്യക്തമാക്കുന്നു.
ഏറ്റവും എളുപ്പത്തില്‍ ആശയം കൈമാറാന്‍ പറ്റുന്ന ഭാഷ ഏതാണോ അത് ഉപയോഗിക്കുക എന്നുള്ളതാണ് പ്രധാനം. ഇംഗ്ലീഷ് കീപ്പ് ചെയ്യുക എന്നതാണ് പ്രൊഫഷണലായി നല്ലത്. എന്നാല്‍ രോഗിക്ക് മലയാളം അറിയുമെങ്കില്‍ അവിടെ മലയാളം സംസാരിക്കാം. മറിച്ച്‌ മലയാളം അറിയാത്ത ഒരു രോഗിയാണെങ്കില്‍ അവിടെ ഇംഗ്ലീഷ് സംസാരിക്കേണ്ടി വരും. അതാണ് പ്രൊഫഷണിലിസം.
എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ നിന്നും മാറി, ഇടവേളയില്‍ ഒരു ചായ കുടിക്കാനിരിക്കുമ്ബോഴോ അല്ലാത്തപ്പോഴോ ഇംഗ്ലീഷ്, അല്ലെങ്കില്‍ ഹിന്ദി സംസാരിക്കണം എന്ന് പറഞ്ഞതാണ് ദില്ലിയിലെ പ്രശ്നം. മാത്രവുമല്ല, മലയാളം സംസാരിക്കാന്‍ പാടില്ലെന്ന് അവര്‍ പ്രത്യേകം എടുത്ത് പറയുകയും ചെയ്യുന്നു. മറ്റൊരു ഭാഷയുടെ കാര്യവും അവര്‍ പറയുന്നില്ല. മലയാളം മാത്രമാണ് ലക്ഷ്യം. അതുകൊണ്ടാണ് അവിടെ പ്രതിഷേധം ഉയര്‍ന്നത്. അതിനോട് യോജിപ്പില്ലെന്നും അനില്‍ വ്യക്തമാക്കുന്നു. അവിടെ മറ്റുള്ളവര്‍ ഒക്കെ അവരുടെ പ്രാദേശിക ഭാഷ സംസാരിക്കുമ്ബോള്‍ മലയാളികള്‍ക്ക് മാത്രം എന്തുകൊണ്ട് മലയാളം പറഞ്ഞുകൂടാ എന്നതിനേയാണ് നഴ്സുമാര്‍ ചോദ്യം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Related Articles

Back to top button