IndiaLatest

ബാര്‍ജ് അപകടത്തില്‍ ഇനിയും തിരിച്ചറിയാതെ 17 മൃതദേഹങ്ങള്‍

“Manju”

മുംബൈ: അതി രൗദ്ര ഭാവത്തോടെ വീശിയടിച്ച ടൗട്ടെ ചുഴലിക്കാറ്റില്‍ അറബിക്കടലില്‍ ബാര്‍ജ് മുങ്ങി മൂന്നാഴ്ച പിന്നിട്ടിട്ടും മരിച്ചവരില്‍ 17 പേരുടെ മൃതദേഹ ങ്ങള്‍ ഇനിയും അധികൃതര്‍ തിരിച്ചറിഞ്ഞില്ല. ഇവയില്‍ 15 മൃതദേഹം മുംബൈയിലെ ജെജെ ആശുപത്രിയിലെ മോര്‍ച്ചറിയിലും രണ്ടെണ്ണം വല്‍സാദിലെ ആശുപത്രി മോര്‍ച്ചറിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. അപകടത്തില്‍പ്പെട്ട ബാര്‍ജ് പി 305 ന്റെ ക്യാപ്റ്റന്‍ രാകേഷ് ബല്ലവിന്റെ മൃതദേഹം തിങ്കളാഴ്ച ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു .

കഴിഞ്ഞ 17 നാണ് ചുഴലിക്കാറ്റില്‍പെട്ട് ‘പി 305’ ബാര്‍ജും ബാര്‍ജ് കെട്ടിവലിക്കാന്‍ ചെന്ന ‘വരപ്രദ’ എന്ന വെസലും മുങ്ങി എട്ട് മലയാളികള്‍ അടക്കം 86 പേര്‍ മരിച്ചത്. ഓ എന്‍ ജി സിയുടെ എണ്ണ കിണറുകളില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ട കരാര്‍ കമ്ബനിയുടെ ജീവനക്കാരാണ് അപകടത്തില്‍പെട്ടത്. ജീവനക്കാരുടെ താമസ കേന്ദ്രമായിരുന്നു ബാര്‍ജ്. അപകടസമയത്ത് 261 പേരാണുണ്ടായിരുന്നത്. മലയാളികള്‍ ഉള്‍പ്പെടെ 184 പേരെ നാവികസേനയും തീരദേശ സേനയും രക്ഷാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു .

അപകട മുന്നറിയിപ്പ് ലഭിച്ചിട്ടും കടലില്‍ നിന്ന് പിന്‍ വാങ്ങാത്തതില്‍ ഒഎന്‍ജിസിയും കരാര്‍ കമ്ബനിയായ അഫ്‌കോണും തമ്മില്‍ പരസ്പരം പഴിചാരുകയാണ്. അതെ സമയം ബാര്‍ജിലെ ചീഫ് എഞ്ചിനീയര്‍ റഹ്മാന്‍ ശൈഖിന്റെ പരാതിയില്‍ ക്യാപ്റ്റന്‍ രാകേഷ് ബല്ലവിന് എതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ മരിച്ചതോടെ കമ്പനി അധികൃതരെ പ്രതിചേര്‍ത്ത് കേസ് മുന്നോട്ടു കൊണ്ടുപോകുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു .

Related Articles

Back to top button