India

മോക് ഡ്രില്ലിനിടെ 22 പേർ മരിച്ചു; ആശുപത്രി അടച്ചുപൂട്ടാൻ ഉത്തരവ്

“Manju”

ലക്‌നൗ : ഓക്‌സിജൻ മോക് ഡ്രില്ലിനിടെ രോഗികൾ മരിച്ച സംഭവത്തിൽ ആശുപത്രിയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ഉത്തർപ്രദേശ് സർക്കാർ. ആശുപത്രി ഉടൻ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടു. ദുരന്തനിവാരണ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും അഗ്രാ ജില്ലാ ഭരണകൂടം വ്യക്തമാക്കി.

ആഗ്രയിലെ പ്രമുഖ ആശുപത്രിയിൽ അധികൃതയുടെ അനാസ്ഥ മൂലം 22 പേരാണ് മരിച്ചത്. മോക്ഡ്രില്ലിനിടെ പ്രധാന ഓക്സിജൻ പൈപ്പിന്റെ വാൽവ് തകരാറിലായതാണ് മരണ കാരണം. കൊറോണ ബാധിതരായി പ്രവേശിപ്പിച്ച രോഗികൾക്കും ബന്ധുക്കൾക്കും ഗുരുതരാവസ്ഥയിലെ രോഗികൾക്ക് എന്ത് സംഭവിക്കും എന്ന് മനസ്സിലാക്കാനാണ് ആശുപത്രി മോക് ഡ്രിൽ നടത്തിയത്. അധികം ഗുരുതരാവസ്ഥയിലല്ലാത്ത രോഗികൾ കിടക്കുന്ന ഭാഗത്തെ വാൽവ് അഞ്ച് മിനിറ്റുനേരത്തേക്ക് പൂട്ടിയാൽ എന്തു സംഭവിക്കും എന്നത് ബന്ധുക്കളെ അടക്കം അടുത്തു നിർത്തി വിശദീകരിക്കുന്നതിനിടെയാണ് ഐ.സി.യു യൂണിറ്റിൽ തകരാറുണ്ടായത്.

അഞ്ചുമിനിറ്റുനേരം ഓക്സിജൻ ഇല്ലാതായതോടെ രോഗികളുടെ ശരീരം നീലനിറമാവുകയും പിന്നീട് രക്ഷിക്കാനാവാത്തവിധം രോഗികളുടെ അവസ്ഥ ഗുരുതരമാവുകയും ചെയ്തു. പിന്നീട് ബന്ധുക്കളോട് സ്വയം ഓക്‌സിജനെത്തിക്കാൻ പറഞ്ഞ് ആശുപത്രി അധികൃതർ കയ്യൊഴിഞ്ഞെന്നുള്ള ഗുരുതര ആരോപണവും ഉയരുന്നുണ്ട്.

സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ആശുപത്രിയ്‌ക്കെതിരെ കേസെടുത്തതായും ജില്ലാ ഭരണകൂടം വ്യക്തമാക്കി. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 55 പേരെ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റിയതിന് ശേഷം ആശുപത്രി അടച്ചുപൂട്ടി.

Related Articles

Back to top button