IndiaKeralaLatest

വിദഗ്ധ ചികിത്സ കിട്ടാതെ രക്തജന്യ രോഗികള്‍

“Manju”

കോഴിക്കോട്: രക്തജന്യ രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ മെഡിക്കല്‍ കോളജില്‍ സൗകര്യമില്ല. മലബാറിലെ ഭൂരിഭാഗവും ആശ്രയിക്കുന്ന ആശുപത്രിയായിട്ടും രക്തജന്യ രോഗികള്‍ക്കായി കേന്ദ്രീകൃത ചികിത്സാ സൗകര്യമോ ഹെമറ്റോളജി കേന്ദ്രമോ ഇല്ലാത്തത് രോഗികള്‍ക്ക് ബുദ്ധിമുട്ടാവുകയാണ്.
മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്ന 2,500ഓളം രക്തജന്യ രോഗികളുണ്ട്. എന്നാല്‍ ആശുപത്രിയില്‍ പ്രത്യേകമായി ഹെമറ്റോളജി വകുപ്പില്ല. ജനറല്‍ മെഡിസിന്‍ വിഭാഗത്തിന് കീഴിലാണ് ഹെമറ്റോളജി-ഓങ്കോളജി വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഇത് രക്തജന്യ രോഗികളുടെ വിദഗ്ധ ചികിത്സയെ ദോഷകരമായി ബാധിക്കുന്നു.
കഴിഞ്ഞ ദിവസം വിദഗ്ധ ചികിത്സ ലഭ്യമാകാത്തതിനെ തുടര്‍ന്ന് തലാസീമിയ രോഗി മരിച്ചിരുന്നു. ഇവരുടെ ഹൃദയത്തിലും കരളിലും ക്രമാതീതമായി അടിഞ്ഞുകൂടിയ ഇരുമ്ബ് അംശം കണ്ടെത്താനോ അത് കുറക്കുന്നതിന് വേണ്ട ചികിത്സ സമയബന്ധിതമായി നല്‍കാനോ മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് സാധിച്ചില്ലെന്ന് ബ്ലഡ് പേഷ്യന്‍റ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നു.
നിരന്തരം രക്തം കയറ്റേണ്ടി വരുന്ന തലാസീമിയ രോഗികളില്‍ ഇരുമ്പ് അടിഞ്ഞുകൂടി ഗുരുതരാവസ്ഥയിലെത്താനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തില്‍ ടി 2 സ്റ്റാര്‍ എന്ന എം.ആര്‍.ഐ സ്കാനിങ് വഴി ഇരുമ്പ് അംശം എത്ര മാത്രം ശരീരത്തില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കാം. ഇരുമ്പംശം കൂടുതലാണെങ്കില്‍ ഡെസ് ഫെറല്‍ എന്ന ഇന്‍ജക്ഷന്‍ നിരന്തരം നല്‍കിയാണ് കുറക്കുന്നത്. ഒരു വയലിന് 150 രൂപ വിലയുള്ള ഇന്‍ജക്ഷന്‍ ദിവസം രണ്ട് വയല്‍ നല്‍കേണ്ടതുണ്ട്.
18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാത്രമേ ഇത്തരം വിദഗ്ധ ചികിത്സകളെല്ലാം ലഭിക്കുന്നുള്ളൂവെന്ന് ബ്ലഡ് പേഷ്യന്‍റ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കരീം കാരശ്ശേരി പറഞ്ഞു.
എം.ആര്‍.ഐ സ്കാനിങ് മെഡിക്കല്‍ കോളജില്‍ ഉണ്ടെങ്കിലും ടി 2 സ്റ്റാര്‍ എം.ആര്‍.ഐ ഇല്ല. 8,000 – 10,000 രൂപയാണ് സ്വകാര്യ സ്ഥാപനങ്ങള്‍ ഈ സ്കാനിങ്ങിന് ഈടാക്കുന്നത്. രക്തം കയറ്റുന്ന രോഗികള്‍ക്ക് ഇരുമ്ബംശം ഇല്ലാതാക്കാന്‍ ഗുളിക കഴിക്കേണ്ടതുണ്ട്. 30 ഗുളികക്ക്
1200 രൂപ വില വരും. ഇത് മാസം 90 മുതല്‍ 120 എണ്ണം വരെ ഓരോരുത്തരിലെ ആരോഗ്യസ്ഥിതി അനുസരിച്ച്‌ കഴിക്കേണ്ടി വരുന്നു. 18 വയസ്സ് വരെയുള്ളവര്‍ക്ക് മരുന്ന് സൗജന്യമാണ്. അതിനു ശേഷമുള്ള രോഗികളെ മരണത്തിന് വിട്ടുകൊടുക്കുകയാണെന്നും കരീം കാരശ്ശേരി പറഞ്ഞു.കിടത്തി ചികിത്സക്കായി ഒരു ഹെമറ്റോളജി വാര്‍ഡ് ഒരുക്കിയിരുന്നെങ്കിലും നിലവില്‍ അവിടെ കോവിഡ് രോഗികളുടെ ചികിത്സയാണ് നടക്കുന്നത്. രക്തജന്യ രോഗികള്‍ക്കുള്ള ചികിത്സാ സൗകര്യം ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിലേക്കാണ് മാറ്റിയത്.
രണ്ട് കിടക്കകള്‍ മാത്രമാണ് ഇവിടെയുള്ളത്. മെഡിക്കല്‍ കോളജില്‍ ഹെമറ്റോളജിക്കായി പ്രത്യേക വകുപ്പും കേന്ദ്രീകൃത ചികിത്സാ സൗകര്യവും ഒരുക്കുകയാണെങ്കില്‍ ആയുസ്സ് നീട്ടിക്കിട്ടുമെന്ന പ്രതീക്ഷയാണ് രോഗികള്‍ പങ്കുവെക്കുന്നത്.

Related Articles

Back to top button