IndiaKeralaLatest

ജൂണ്‍ 26ന് രാജ്ഭവന്‍ ഖരാവോ

“Manju”

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം തുടരുന്ന കര്‍ഷകര്‍ ജൂണ്‍ 26ന് രാജ്ഭവന്‍ ഖരാവോ ചെയ്യും. രാജ്യതലസ്ഥാനത്ത് തുടരുന്ന പ്രക്ഷോഭം ആറുമാസം പിന്നിടുേമ്പോഴാണ് പുതിയ സമര മാര്‍ഗങ്ങളുമായി കര്‍ഷകരുടെ നീക്കം.
സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുടെ ഔദ്യോഗിക വസതിയായ രാജ്ഭവനുകളുടെ മുമ്പിലായിരിക്കും പ്രതിഷേധം. കര്‍ഷകര്‍ തങ്ങളുടെ കൊടികളുമായി രാജ്ഭവനുകള്‍ ഖരാവോ ചെയ്യും.
ഓരോ സംസ്ഥാനങ്ങളുടെയും ഗവര്‍ണര്‍മാര്‍ മുഖേന രാഷ്ട്രപതിക്ക് സന്ദേശം അയക്കുമെന്നും കര്‍ഷക സംഘടന വ്യക്തമാക്കി.
‘രാജ്യത്ത് 1975 ജൂണ്‍ 26നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജൂണ്‍ 26ന് കര്‍ഷകപ്രക്ഷോഭം ആരംഭിച്ച്‌ ഏഴുമാസമാകും. കാര്‍ഷിക മേഖലക്ക് പുറമെ ജനങ്ങളുടെ അവകാശങ്ങള്‍ക്ക് മേലും ആക്രമണം നടക്കുകയാണ്. ഇതൊരു അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്’ -സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ഇന്ദ്രജിത് സിങ് പറഞ്ഞു.
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ആയിരക്കണക്കിന് കര്‍ഷകരാണ് രാജ്യതലസ്ഥാന അതിര്‍ത്തികളില്‍ ആറുമാസത്തിലധികമായി പ്രക്ഷോഭം തുടരുന്നത്. കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നും വിളകള്‍ക്ക് അടിസ്ഥാന താങ്ങുവില ലഭ്യമാക്കണമെന്നുമാണ് ആവശ്യം.

Related Articles

Back to top button