KeralaLatest

കോവിഡ് മൂന്നാംതരംഗത്തിന് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

“Manju”

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത കണക്കിലെടുത്തു കുട്ടികളെ സുരക്ഷിതരാക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. 5 വയസ്സിനു താഴെയുള്ള കുട്ടികള്‍ മുഖാവരണം (മാസ്‌ക്) ഉപയോഗിക്കേണ്ടതില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഈ പ്രായക്കാര്‍ ഉള്‍പ്പെടെ എല്ലാ കുട്ടികളെയും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കത്തില്‍ നിന്ന് ഒഴിവാക്കണം. മറ്റു നിര്‍ദേശങ്ങള്‍:

പലചരക്കു കടകള്‍, മാര്‍ക്കറ്റുകള്‍ എന്നിവ ഉള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ നിന്നു സാധനങ്ങള്‍ വാങ്ങാന്‍ കുട്ടികളെ അയയ്ക്കരുത്. ഭക്ഷണം, കളിപ്പാട്ടങ്ങള്‍ എന്നിവ പങ്കുവയ്ക്കരുത്. അയല്‍പക്കത്തെ കുട്ടികളുമായി ഇടപഴകുന്നത് ഒഴിവാക്കുക. മുതിര്‍ന്നവര്‍ കുട്ടികളെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും ഒഴിവാക്കുക. ബന്ധുവീടുകളും ആശുപത്രികളും സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ കുട്ടികളെ ഒപ്പം കൂട്ടരുത്. പനി, ഗന്ധം അനുഭവപ്പെടാതിരിക്കുക, ക്ഷീണം എന്നീ അവസ്ഥകളില്‍ കുട്ടികളെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുക.

മറ്റു വീടുകളില്‍ ട്യൂഷന് അയയ്ക്കാതിരിക്കുക. കുട്ടികള്‍ക്കുള്ള അത്യാവശ്യ മരുന്നുകള്‍ വീടുകളില്‍ കരുതുക. വീട്ടിലെ 18 വയസ്സു കഴിഞ്ഞവരെല്ലാം വാക്‌സീന്‍ സ്വീകരിക്കുക. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍, കോവിഡ് പോസിറ്റീവായവര്‍, ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ വീട്ടില്‍ ഉണ്ടെങ്കില്‍ കുട്ടികളുമായി ഒരുവിധ സമ്പര്‍ക്കവും പുലര്‍ത്താതിരിക്കുക. വിവാഹം, മരണം, പൊതുചടങ്ങുകള്‍ എന്നിവയില്‍ കുട്ടികളെ പങ്കെടുപ്പിക്കരുത്.

Related Articles

Back to top button